Tuesday, May 17, 2011

നാട്ടാരുടെ കുഞ്ഞൂഞ്ഞ്, അണികളുടെ ഒ.സി, കേരളത്തിന്റെ സി.എം.

 വീണ്ടും കേരളമുഖ്യമന്ത്രിയായ
ഉമ്മന്‍ചാണ്ടിയുടെ
അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്...
ഉമ്മന്‍ ചാണ്ടി കുടുംബാംഗങ്ങളോടൊപ്പം.

ലങ്കോലപ്പെട്ട മുടിയും നീണ്ട മൂക്കും അതിവേഗനടത്തവുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്കു വീണ്ടുമെത്തുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, അണികള്‍ക്കെന്നപോലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ഏറെ പ്രിയങ്കരന്‍. മുടി, കൃതാവ്, കീറിയ ഷര്‍ട്ട്...ഉമ്മന്‍ചാണ്ടിയെ അടയാളപ്പെടുത്താന്‍ ലക്ഷണങ്ങളേറെയുണ്ട് കാര്‍ട്ടൂണിസ്റ്റുകളുടെ തൂലികയില്‍. സ്വാതന്ത്ര്യം ഓരോ പൗരന്റെയും ജന്മാവകാശം എന്ന പോലെ സ്വന്തം തലമുടിക്കും എവിടേക്കും വളരാനുള്ള സ്വാതന്ത്ര്യം നല്‍കി, നീണ്ട വീതുളി കൃതാവുമായി ജനസേവനത്തിനിറങ്ങിയ കേരളാ രാഷ്ട്രീയത്തിലെ ഈ മാരത്തണ്‍ ഓട്ടക്കാരന്റെ മുടിവെട്ടുന്നത് ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തിയതു പ്രസ് സെക്രട്ടറി പി.ടി. ചാക്കോയാണ്.

കുഞ്ഞൂഞ്ഞ് കഥകള്‍ അല്‍പം കാര്യങ്ങളും എന്ന പുസ്തകത്തില്‍. സ്ഥിരമായി ആ വെള്ളിമുടി മുറിക്കുന്ന സ്ത്രീ കനറാ ബാങ്ക് ഓഫീസറാണ്. പേര് മറിയാമ്മ. ബന്ധം പറഞ്ഞാല്‍ ഭാര്യ.ചുളിവു വീഴാത്ത ഖദറണിഞ്ഞ്, മുഖത്തു ക്രീം പുരട്ടി സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമറുമായി രാഷ്ട്രീയം കളിക്കുന്ന പല പുതുമുറക്കാര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സ്‌റ്റൈല്‍ അത്ഭുതമാകും. തലയില്‍ കാടു കയറുമ്പോള്‍ സഹികെട്ടാണു മറിയാമ്മ കത്രികയെടുക്കുക. തിരക്കുകള്‍ക്കു തെല്ലൊരു ഇടവേള നല്‍കി അതിരാവിലെ പത്രം വായിക്കുമ്പോഴാകും മറിയാമ്മയുടെ മുടിമുറിക്കല്‍. അല്ലെങ്കില്‍ ഉറക്കത്തിനിടെ. അറുപതുകളുടെ ഒടുവില്‍ ഉമ്മന്‍ചാണ്ടി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണു കീറിയ ഷര്‍ട്ട് ട്രെന്‍ഡായത്. പുതിയ ഷര്‍ട്ട്‌പോലും കീറിത്തുന്നി ധരിക്കുന്നയാളെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുമ്പോള്‍ സഹപ്രവര്‍ത്തകര്‍ സത്യം അടക്കിപ്പറയുന്നുണ്ടായിരുന്നു.

ആകെ രണ്ടു ജോഡി വസ്ത്രങ്ങളാണ് ഒ.സിയുടെ സ്വത്ത്. മറ്റുള്ളവരുടെ മുണ്ടും ഷര്‍ട്ടും വാങ്ങിയാല്‍ തിരിച്ചുനല്‍കുന്ന ശീലമില്ലാത്തതിനാല്‍ ഉപയോഗയോഗ്യമല്ലാത്തവ മാത്രമാണത്രേ കൂട്ടുകാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നത്.ആള്‍ക്കൂട്ടത്തിനൊപ്പം ജീവിക്കാനാണ് ഉമ്മന്‍ചാണ്ടിക്ക് എപ്പോഴും ഇഷ്ടം. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ പത്താള്‍ കൂടെ വേണം. ഏകാന്തതയോട് അത്രമേല്‍ വിരോധം. വോട്ടെണ്ണല്‍ നടന്ന കഴിഞ്ഞ മെയ് 13നും വീട് പൂരപ്പറമ്പുപോലെ. വോട്ടെണ്ണലിന്റെ പിരിമുറുക്കത്തിനിടയിലും സഹായാഭ്യര്‍ഥനകളും കല്യാണക്കുറികളുമായി എത്തിയവരുടെ തിരക്ക്. എല്ലാവരോടും നിറചിരിയോടെ കുശലാന്വേഷണം. നാട്ടിന്‍പുറത്തു പാരലല്‍ സര്‍വീസ് നടത്തുന്ന ജീപ്പ് പോലെയാണ് ഉമ്മന്‍ചാണ്ടിയുടെ കാറെന്നു നാട്ടില്‍ പാട്ടാണ്. പുതുപ്പള്ളിയിലെത്തിയാല്‍ സ്ഥിരം വണ്ടിയോ െ്രെഡവറോ ഇല്ല. കിട്ടുന്ന വണ്ടിയില്‍ പകലന്തിയോളം യാത്ര. ഓവര്‍ ലോഡ് ഭയന്ന് നാട്ടിലെ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് ഉമ്മന്‍ചാണ്ടിക്കൊപ്പം പോകാന്‍ മടി. കഷ്ടിച്ചു നാലു മണിക്കൂര്‍ ഉറക്കം.

രാവിലെ ആറിന് ഉണരും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു ചെറിയൊരു പ്രാര്‍ഥന. പിന്നെ തറയിലിരുന്നു പത്രപാരായണം. ഭക്ഷണം ആരും വിളമ്പി നല്‍കണമെന്നില്ല. സ്വയം എടുത്തു കഴിക്കും. അതും അതിവേഗം. ഹൈടെക് യുഗത്തിലും മൊബൈല്‍ ഫോണ്‍ സ്വന്തമായില്ല. ലാന്‍ഡ് ഫോണും സഹപ്രവര്‍ത്തകരുടെ ഫോണുകളുമാണ് ഉപയോഗിക്കുന്നത്. എന്തു തിരക്കുണ്ടായാലുംമുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലുംഞായറാഴ്ചകളില്‍ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ തറവാട്ടിലെത്തും. പതിറ്റാണ്ടുകളായി അതാണു ശീലം. ഞായറാഴ്ച ദര്‍ബാറില്‍ ശിപാര്‍ശയും സഹായവും തേടിയെത്തുന്ന നൂറുകണക്കിനു ജനങ്ങളില്‍ പുതുപ്പള്ളിക്കാരും കോട്ടയം ജില്ലക്കാരും മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ ധാരാളം.

Wednesday, May 4, 2011

ഓര്‍മ്മകളുടെ തണലില്‍ കൂടുകൂട്ടി ക്‌ളാസ്‌മേറ്റ്‌സ് വീണ്ടും


പൃഥ്വിരാജും കാവ്യാ മാധവനും നരേനും ഇന്ദ്രജിത്തുമെല്ലാം തകര്‍ത്തഭിനയിച്ച എക്കാലത്തെയും വലിയ ക്യാംപസ് ഹിറ്റ് ചിത്രങ്ങളിലൊന്നായ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിനു പ്രചോദനമായ കോട്ടയം സി.എം.എസ്. കോളജിലെ വൃദ്ധസഹപാഠികള്‍ ഒരിക്കല്‍ കൂടി ഒത്തു ചേര്‍ന്നു... കഴിഞ്ഞ ഏപ്രില്‍ മൂന്നിനു അതേ കാമ്പസില്‍...  ആ വിശേഷങ്ങളിലേക്ക്....
മറവിയുടെ മാറാലകള്‍ വകഞ്ഞുമാറ്റി കലാലയങ്കണത്തിലെ ഓര്‍മ്മത്തണലില്‍ അവര്‍ ഒരിക്കല്‍ കൂടി കൂട്ടുകൂടി. പരസ്പരം കൈകോര്‍ത്ത് കളിയാക്കിയും ചിരിച്ചും ആറു പതിറ്റാണ്ടിനപ്പുറത്തേക്ക് ഓര്‍മ്മയുടെ ജാലകം തുറന്നപ്പോള്‍ പ്രായത്തിന്റെ അവശതകള്‍ വിട്ടൊഴിഞ്ഞു...
ഓര്‍മ്മകളുടെ മധുരമുള്ള പടിക്കെട്ട് കയറി പൂവാകകള്‍ നിറഞ്ഞ സിഎംഎസ് കോളജ് കാമ്പസില്‍ എത്തിയ എഴുപത്തഞ്ചും എണ്‍പതും പിന്നിട്ട പൂര്‍വ വിദ്യാഥികളെ കണ്ട് മരത്തലപ്പുകള്‍ പോലും തലയാട്ടിയാട്ടി. 194648 ബാച്ചിലെ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥികളാണ് കലാലയത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍അയവിറക്കി ഇക്കൊല്ലവും സിഎംഎസിന്റെ ഓര്‍മ്മത്തണലില്‍ ചേക്കേറിയത്.കോളജിലെ അധ്യാപകന് പരേതന്‍ എന്ന് പേരിട്ടതും അദ്ദേഹം നടന്നുപോകുമ്പോള്‍
പിന്നില്‍ ഈ പേര് വിളിച്ച് കളിയാക്കിയതും പി.പി മാത്യുവിന് ഇപ്പോഴും ഇന്നലെയെന്ന പോലെയുള്ള സ്മരണ. ഇതേ കോളജില്‍ തന്നെ അധ്യാപകനായിരുന്ന മാത്യു പിന്നീട് കസ്റ്റംസ് കെമിക്കല്‍ എക്‌സാമിനറായി വിരമിച്ചു. തൊണ്ണൂറിന്റെ അവശതകള്‍ക്കിടയിലും കുസൃതി നിറഞ്ഞ കാലത്തെക്കുറിച്ച് നിറമുള്ള ഓര്‍മ്മകള്‍ മാത്രം. അന്നത്തെ യുവാക്കളും യുവതികളുമെല്ലാം എണ്‍പത്തിയഞ്ചും തൊണ്ണൂറും വയസ്സുള്ള മുത്തശ്ശനും മുത്തശ്ശിയുമൊക്കെയാണ്.
സ്വദേശി പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രൂക്ഷമായ കാലഘട്ടത്തില്‍ കാമ്പസിനുപുറത്ത് ഇറങ്ങാന്‍ അനുവാദമില്ലാതിരുന്നിട്ടും യോഗങ്ങളില്‍ സാഹസികമായിപങ്കെടുത്തത് മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ച് നില്‍ക്കുന്ന ഓര്‍മ്മകളിലൊന്നാണെന്ന് ഗാന്ധിയനായ തോമസ് ഡേവിഡ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ ക്യാമ്പസിനകത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമില്ല. പരീക്ഷയ്ക്കായി പഠിക്കുന്ന
സമയത്ത് കോളജ് ഹോസ്റ്റലില്‍ വച്ചാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചവാര്‍ത്തയറിഞ്ഞതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.ചെറിയ പ്രണയങ്ങള്‍ ഏറെഉണ്ടായിരുന്നെങ്കിലും പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അന്ന് നിയന്ത്രണങ്ങളേറെയാണ്. തൂണിന്റെ മറവ് പറ്റി ഒരു നോട്ടമോ ചിരിയോ മാത്രം കൈമാറും.
അത്രമാത്രം. ഈ ബാച്ചിലെ വിദ്യാര്‍ഥികളായിരുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശന്‍, നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ തുടങ്ങിയവരെക്കുറിച്ചു മുഖ്യ സംഘാടകനും കൂട്ടായ്മയുടെ സെക്രട്ടറിയുമായ എം.എല്‍.വി പണിക്കര്‍ ഏറെ സംസാരിച്ചു. പി.പി മാത്യുവും ഭാര്യ സരോജവും ചേര്‍ന്ന് കേക്ക് മുറിച്ചാണ് സംഗമം ഉദ്ഘാടനം ചെയ്തത്.
അംഗങ്ങള്‍ക്കായി ഒരുക്കിയ നറുക്കെടുപ്പില്‍ ടി കെ അബ്ദുള്‍ ഖാദര്‍, സരോജം മാത്യു, സക്കറിയ കോശി എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു.2000ല്‍ എഴുപതോളം പേരാണ് സിഎംഎസ് ക്യാമ്പസില്‍ നടത്തിയ ആദ്യ പൂര്‍വവിദ്യാര്‍ഥിസംഗത്തില്‍ പങ്കെടുക്കാനെത്തിയത്. സി.എം.എസ് കോളജില്‍ ചിത്രീകരിച്ച കഌസ്‌മേറ്റ്‌സ് എന്ന പ്രസിദ്ധമായ ചിത്രം ആരംഭിക്കുന്നതും ഇതേ കൂട്ടായ്മയെ സ്മരിച്ചു കൊണ്ടു തന്നെ.
പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 12 പേരാണ് ഇക്കൊല്ലം പൂര്‍വവിദ്യാര്‍ഥിസംഗമത്തിനെത്തിയത്. കൂട്ടുകാരില്‍ പലരെയും മരണം കവരുന്നതിന്റെ നൊമ്പരം പങ്കുവച്ച് അടുത്തവര്‍ഷം വീണ്ടും കാണാനുള്ള ആഗ്രഹവുമായാണു തൂശനിലയില്‍ സദ്യയുണ്ട് ഉച്ച കഴിഞ്ഞ് അവര്‍ പരസ്പരം യാത്ര ചോദിച്ചത്. അംഗങ്ങള്‍ രണ്ടു പേരായി ചുരുങ്ങും വരെ മേയ്മാസത്തിലെ ഒരു പകല്‍ കോളജ് കാമ്പസില്‍ ഓര്‍മ്മകള്‍ പങ്കിടാന്‍ തങ്ങളില്‍ ആരെങ്കിലുമുണ്ടാകുമെന്നു വാക്കു കൊടുത്ത് വീടുകളിലേക്കു മടങ്ങുമ്പോള്‍ മക്കളും കൊച്ചുമക്കളും കൈത്താങ്ങേകുന്നു.

Wednesday, April 13, 2011

പിണറായിക്കു രാജയോഗം, ഉമ്മന്‍ചാണ്ടിക്കു കേസരി വി.എസിന് ശശമഹായോഗം

വോട്ടര്‍ പട്ടികയില്‍ ദൈവങ്ങളുടെയും പേരുണ്ടോ? ദേവാലയങ്ങളിലേക്ക് ഓടിയെത്തുന്ന നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും അവരുടെ ബന്ധുക്കളുടെയും കണക്കെടുത്താല്‍ അങ്ങനെ തോന്നിപ്പോകും. നേര്‍ച്ചകളും വഴിപാടുകളുമായി ദൈവാനുഗ്രഹം തേടുന്ന സ്ഥാനാര്‍ഥികളെപ്പോലെ വിശ്വാസി വോട്ടര്‍മാരെ നേരില്‍ക്കണ്ടു വോട്ട് ഉറപ്പിക്കുന്നവരും ഏറെ.

പെരുന്നാള്‍ റാസകളിലും ക്ഷേത്രസന്നിധിയിലെ പ്രസാദമൂട്ടിലും പങ്കുചേര്‍ന്ന് അവര്‍ പ്രചാരണം ഉഷാറാക്കുന്നു. ജ്യോതിഷത്തിനു പ്രസിദ്ധമായ പാഴൂര്‍ പടിപ്പുരയിലേക്കിപ്പോള്‍ രാഷ്ട്രീയക്കാരുടെ ഘോഷയാത്രയാണ്. ഭാവിയറിയാനും ദോഷപരിഹാരം തേടാനും എത്തുന്നവരില്‍ വിശ്വാസികളായ സ്ഥാനാര്‍ഥികളും അവിശ്വാസികളായ സ്ഥാനാര്‍ഥികളുടെ സഹധര്‍മിണിമാരും അണികളുമെല്ലാമുണ്ട്.

തെരഞ്ഞെടുപ്പു കാലമായാല്‍ രാഷ്ട്രീയപ്രവചനങ്ങള്‍ നടത്തി ശ്രദ്ധാകേന്ദ്രമാകുന്നവര്‍ രാജ്യത്തേറെയുണ്ട്. വെറ്റിലയിലും പെന്‍ഡുലത്തിലും കവടിയിലും തങ്ങളുടെ സിദ്ധി തെളിയിച്ച് കുറച്ചുകാലത്തേക്കെങ്കിലും അവര്‍ ശോഭിക്കും. എന്നാല്‍, നാള്‍ക്കുനാള്‍ കലങ്ങിമറിയുന്ന കേരളരാഷ്ട്രീയം മേയ് 13നു ശേഷം എന്താകുമെന്നു പ്രവചിക്കാന്‍ ഇത്തവണ പലര്‍ക്കും മടി. വോട്ടെടുപ്പു നടക്കുന്ന ഏപ്രില്‍ 13 കേരളത്തിനു ഗുണകരമല്ലെന്നാണു വി. സജീവ് ശാസ്താരം കവടി നിരത്തിയപ്പോള്‍ തെളിഞ്ഞത്. ബുധന്‍ വക്രവും നീചവും മൗഢ്യവും ആകയാലും ദൈവികസാന്നിധ്യമുള്ള വ്യാഴം, ചൊവ്വ എന്നിവ മൗഢ്യത്തിലായതിനാലും അടുത്ത സര്‍ക്കാരിനു പരീക്ഷണകാലമായിരിക്കുമത്രേ.

നേരിയ ഭൂരിപക്ഷത്തോടെ ആര് അധികാരത്തിലേറിയാലും ഒന്നിലധികം ഭരണമാറ്റമുണ്ടായേക്കാമെന്നാണ് ഈ ജ്യോതിഷിയുടെ അഭിപ്രായം. ഉമ്മന്‍ചാണ്ടിക്കു കേസരി യോഗമാണത്രേ. വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മത്സരരംഗത്തില്ലാത്ത പിണറായി വിജയനും നല്ല കാലമെന്നാണു യുവജ്യോതിഷി അനില്‍ പെരുന്നയുടെ അഭിപ്രായം. അനിഴം നക്ഷത്രക്കാരനായ വി.എസിന് അപൂര്‍വമായ ശശമഹായോഗമാണ്! കോടിയേരിക്കാകട്ടെ കേസരി യോഗവും മാളവിക യോഗവും. പിണറായിയെ കാത്തിരിക്കുന്നതു നീചഭംഗ രാജയോഗമാണ്. സൂര്യരാശി ഗ്രഹസ്ഥിതി പ്രകാരം രമേശ് ചെന്നിത്തലയ്ക്കു മഹാനിപുണയോഗമാണെന്നും അനില്‍ പ്രവചിക്കുന്നു.

പെന്‍ഡുലം ശാസ്ത്രപ്രകാരം കെ. ശ്രീകണ്ഠന്‍നായര്‍ ഇരുമുന്നണികള്‍ക്കും ലഭിക്കുന്ന ചില സീറ്റുകള്‍ പ്രവചിച്ചിട്ടുണ്ട്. ടി.എം.ആര്‍. കുട്ടിയെപ്പോലെ പഴയ ജ്യോതിഷപണ്ഡിതരെയും തെരഞ്ഞെടുപ്പുകാലമാകുമ്പോള്‍ പത്രം ഓഫീസുകളിലെത്തി പ്രവചനരഹസ്യം തുറന്നുവിടുന്ന മഠം നമ്പൂതിരിയെപ്പോലുള്ളവരെയും വിസ്മരിക്കാനാകില്ല. എന്തായാലും അച്ചട്ടാകുന്ന പ്രവചനം ആരുടേതെന്നറിയാന്‍ ഇക്കുറി വേണ്ടതു നീണ്ട കാത്തിരിപ്പ്. ജനവിധിയും ജ്യോതിഷവിധിയും ഒരുമാസം പോലീസ് കാവലില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ആര്‍ക്കും പിടികൊടുക്കാതിരിക്കും.

Wednesday, April 6, 2011

തങ്കച്ചാ...കുഞ്ഞമ്മേ...ഞങ്ങടെ ഓമനനേതാവേ...

ഹിന്ദിയും തമിഴും കന്നഡയും മറാത്തിയും... ഭാഷകള്‍ പലതുചൊല്ലും ഭാരതീയര്‍ക്കെല്ലാം പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ്. തെക്കേയറ്റത്ത് മലയാളക്കരയിലെ ചേര്‍ത്തലയെന്ന തീരദേശത്തുചെന്നാല്‍ നാട്ടുകാരു പറയും പ്രതിരോധമന്ത്രി തങ്കച്ചനാണെണ്. വെറും തങ്കച്ചനല്ല, നമ്മുടെ തങ്കച്ചന്‍. ചേര്‍ത്തല ഇന്ത്യയിലാണെങ്കിലും ലോകമറിയുന്ന ആന്റണിയെ ഈ നാട്ടുകാര്‍ ചെറുപ്പംമുതലേ വിളിച്ചു ശീലിച്ചുപോയി തങ്കച്ചനെന്ന്. മുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലും വലിയ കേന്ദ്രമന്ത്രിയായാലും പ്രിയ നേതാവ് തങ്ങള്‍ക്ക് തങ്കച്ചന്‍ തന്നെയെന്നു തറപ്പിച്ചങ്ങു പറയും നാട്ടുകാര്‍. മുദ്രാവാക്യത്തിലും വരും തങ്കച്ചന്‍ കീ ജയ്. നാട്ടില്‍നിന്ന് ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തും ഓഫീസിലുമൊക്കെ തങ്കച്ചനെത്തേടിവരുന്ന നാട്ടുകാരുമേറെ.
  ആ തങ്കച്ചന്റെ തട്ടകമായിരുന്ന ചേര്‍ത്തലയില്‍ ഇത്തവണ യു.ഡി.എഫിനുവേണ്ടി പടനയിക്കുന്നത് അരൂരിന്റെ കുഞ്ഞമ്മയാണ്. ജെ.എസ്.എസ്. നേതാവ് കെ.ആര്‍. ഗൗരിയമ്മ നാട്ടുകാര്‍ക്കു മാത്രമല്ല പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും എതിര്‍ പാര്‍ട്ടിക്കാര്‍ക്കുമെല്ലാം കുഞ്ഞമ്മതന്നെ.
  കേരളത്തിലെ ജനനേതാക്കളില്‍ പലര്‍ക്കും സ്വന്തം വീട്ടിലും നാട്ടിലും മാത്രമറിയുന്ന ഓമനപ്പേരുകള്‍ ധാരാളം. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അടുത്ത ബന്ധുക്കള്‍ അച്ചുവെന്നു വിളിക്കുമെങ്കിലും അണികള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം അദ്ദേഹം വി.എസാണ്. പ്രായത്തില്‍ ഇളയവരുപോലും സഖാവ് വി.എസ്. എന്നു അഭിസംബോധന ചെയ്യുമ്പോള്‍ മനസുകൊണ്ട് സന്തോഷിക്കുന്നയാളാണു അച്യുതാനന്ദനെന്ന് ഏറ്റവും അടുപ്പമുള്ളവര്‍ രഹസ്യമായി പറയും.
  മണ്ഡലത്തില്‍ മാത്രമല്ല കേരളത്തിലുടനീളം അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാര്‍ക്കു കുഞ്ഞൂഞ്ഞാണ്. പാര്‍ട്ടി നേതാക്കള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുമെല്ലാം ഉമ്മന്‍ചാണ്ടി ചുരുങ്ങി ഒ.സിയാകും. കേരളത്തിനു കെ.എം. മാണി വല്ല്യ നേതാവെങ്കിലും പാലാക്കാര്‍ക്കദ്ദേഹം ഇന്നും കുഞ്ഞുമാണി. പുത്രനും കോട്ടയം എം.പിയുമായ ജോസ് കെ. മാണിയാകട്ടെ അനുഭാവികള്‍ക്കിടയില്‍ ജോസ്‌മോനാണ്.
  പി.ടി. ചാക്കോയുടെ ശിഷ്യനായിരുന്ന കെ.എം. മാണിക്ക് രാഷ്ട്രീയമായി എതിര്‍ചേരിയില്‍ പോയെങ്കിലും ഗുരുവിന്റെ മകന്‍ പി.സി. തോമസ് ഇന്നും കൊച്ചുമോന്‍. സ്വകാര്യ കൂടിക്കാഴ്ചകളില്‍ തോമസിനെ മോന്‍ എന്നും വിളിക്കും.
  ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി മത്സരിക്കാന്‍ ഒരു രമേശ് എത്തിയെങ്കില്‍ സീറ്റു പ്രതീക്ഷിച്ച മറ്റൊരു രമേശിനു സീറ്റു നഷ്ടമായി. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നിനച്ചിരിക്കാതെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി. എന്നാല്‍ രമേശ് എന്നറിയപ്പെടുന്ന കല്ലൂപ്പാറ എം.എല്‍.എ. കേരളാ കോണ്‍ഗ്രസിലെ ജോസഫ് എം. പുതുശേരി മാണി ഗ്രൂപ്പില്‍ സീറ്റില്ലാത്ത ഏക സിറ്റിംഗ് എം.എല്‍.എയായി.
  ആരൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും കുഞ്ഞിപ്പയാണു തങ്ങളുടെ അനിഷേധ്യ നേതാവെന്നു ആരുടെ മുന്നിലും തുറന്നു പറയാന്‍ മടിയില്ലാത്തവരാണു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവര്‍ക്കു മാത്രമല്ല പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം കുഞ്ഞിപ്പയാണ്. കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ലീഗുകാര്‍ ആദരവോടെ അഹമ്മദുകുട്ടി സാഹിബെന്നു വിളിക്കും.
  ഔസേപ്പച്ചന്‍മാര്‍ ഒരുപാടുണ്ടാകാം. എന്നാല്‍ തൊടുപുഴക്കാര്‍ക്കു ഒന്നേ ഔസേപ്പച്ചനുള്ളൂ. അതു കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫാണ്. കോണ്‍ഗ്രസുകാര്‍ക്ക് നേതാക്കളായി അനേകം പേരുണ്ടെങ്കിലും ലീഡര്‍ എന്നു മനസറിഞ്ഞു വിളിച്ചത് കെ. കരുണാകരനെയല്ലാതെ മറ്റാരെയാണ്.
  കമ്യൂണിസ്റ്റുകാര്‍ പരസ്പരം സഖാവ് എന്നു അഭിസംബോധന ചെയ്യുമെങ്കിലും സഖാക്കളുടെ സഖാവായി നെഞ്ചില്‍ കോറിയിട്ടത് വൈക്കത്തുകാരന്‍ പി. കൃഷ്ണപിള്ളയെ. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ പിതാവ് സി.കെ. കുമാരപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത് വയലാര്‍ സ്റ്റാലിനെന്നാണ്. ആര്‍.എസ്.പിയുടെ എക്കാലത്തെയും സമുന്നത നേതാവായിരുന്ന ബേബി ജോണ്‍ നാട്ടുകാര്‍ക്ക് ബേബിസാറും മറ്റുള്ളവര്‍ക്കിടയില്‍ കേരള കിസിഞ്ജറുമായിരുന്നു.
  സി.പി.എം. നേതാവായിരുന്ന ഇ. ബാലാനന്ദന്‍ അറിയപ്പെട്ടത് സ്വാമിയെന്ന്. ഒളിവില്‍ കഴിഞ്ഞ കാലത്ത് സ്വാമിയുടെ വേഷം ധരിച്ചാണു അദ്ദേഹം പോലീസ് ദൃഷ്ടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നത്.
  ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ പ്രായഭേദമെന്യേ ഏവരുടെയും രാജേട്ടനാണ്. നേമത്ത് വോട്ടുതേടിയിറങ്ങുന്ന അദ്ദേഹത്തെ മുത്തശിമാര്‍പോലും രാജേട്ടനെന്നു വിളിക്കുമ്പോള്‍ കാര്യമറിയാത്തവര്‍ക്ക് ചിരി.
  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിക്കുന്ന അഡ്വ. സജി കെ. ചേരമന്‍ ചേപ്പാട് സ്വദേശിയായ സജി കുഞ്ഞുകുട്ടിയാണ്. അധഃസ്ഥിത വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി പടയ്ക്കിറങ്ങുമ്പോള്‍ ചേരമന്‍ എന്നുകൂടി പേരിനൊപ്പം ചേര്‍ക്കുന്നതാണ് ഉചിതമെന്നു തീരുമാനിച്ചത് അദ്ദേഹം തന്നെ.
  പാവങ്ങളുടെ പടത്തലവനെന്നറിയപ്പെടുന്ന എ.കെ.ജി. ആയില്യത്ത് കുറ്റിയാറി ഗോപാലനാണ്. സി.പി.ഐ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പി.കെ.വി. പയയാറ്റ് കേശവപിളള വാസുദേവനാണ്. ആര്‍.എസ്.പി. നേതാവ് എം.വി. രാഘവന്‍ മേലേത്തു വീട്ടില്‍ രാഘവനും കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി അരുവാമ്പള്ളി പുതിയപുരയില്‍ അബ്ദുള്ളക്കുട്ടിയുമാണ്.
  1982 ലെ കരുണാകര മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.ജി.ആര്‍. കര്‍ത്ത സ്വന്തം വിളിപ്പേര് പുറത്തുപറയാന്‍ ആഗ്രഹമില്ലാത്തയാളായിരുന്നു. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബന്ധുക്കളും ഭാര്യയുമെല്ലാം കെ.ജി.ആര്‍. കര്‍ത്തയെന്നാണു വിളിക്കുന്നതെന്നായിരുന്നു മറുപടി.
  പത്തനംതിട്ട ജില്ലയുടെ പിതാവെന്നു വിളിക്കപ്പെടുന്ന മുന്‍ എം.എല്‍.എ. കെ.കെ. നായര്‍ ജനങ്ങള്‍ക്കു പ്രിയപ്പെട്ട കരുണന്‍സാര്‍. രണ്ടുവട്ടം മന്ത്രിയായി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പ്രഫ. കെ. നാരായണക്കുറുപ്പ് വാഴൂരിനു പടക്കുറുപ്പും നാട്ടുകാര്‍ക്കു കുറുപ്പുസാറുമാണ്.
   ഇരിക്കൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സി. ജോസഫ് രാജപ്പനും പി.സി. ചാക്കോ എം.പി. അനിയനും പി.ജെ. കുര്യന്‍ എം.പി. പാപ്പച്ചനും മൂവാറ്റുപുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ ബേബിയും കുട്ടനാട്ടിലെ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ഡോ. കെ.സി. ജോസഫ് ഡോക്ടറും കായംകുളത്തെ സി.പി.എം. സ്ഥാനാര്‍ഥി സി.കെ. സദാശിവന്‍ കൊച്ചാണിയുമാണ്... പ്രിയപ്പെട്ടവര്‍ക്ക്.
  എ.കെ.ജി., ഇ.എം.എസ്. തുടങ്ങി മൂന്നക്ഷര നാമങ്ങളാണു കമ്യൂണിസ്റ്റു നേതാക്കള്‍ക്കു എന്നും ഹരം. ഓമനപ്പേരുകളും വിളിപ്പേരുകളുമൊക്കെയായി നേതാക്കള്‍ അങ്കത്തട്ടില്‍ സജീവമായതോടെ അണികളും ആവേശ തിമിര്‍പ്പിലാണ്.

Monday, April 4, 2011

ങ്‌ടെ കാര്യം ഞമ്മളേറ്റു...

ന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരന്‍... തെരഞ്ഞെടുപ്പു പ്രചാരണം പൊടിപൊടിച്ചു മുന്നേറുമ്പോള്‍ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും മഹാകവി കുമാരനാശാന്റെ ഈ കാവ്യശകലം ഉള്ളില്‍ തികട്ടിവന്നാല്‍ അതിശയോക്തി വേണ്ട!
കൂപ്പുകൈയും മധുര ഭാഷണങ്ങളുമായി ചിരിതൂകിയെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാടാടെ ലഭിക്കുന്നത് സ്‌നേഹോഷ്മള സ്വീകരണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും കൊടിയുടെ നിറം നോക്കാതെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളെ വരവേല്‍ക്കുന്ന ആധുനിക കാലം.
വോട്ടുതേടിയെത്തുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കുപോലും ലഭിക്കുന്ന മറുപടി ഒന്നുതന്നെ ... സംശയം വേണ്ട. വോട്ട് ഇത്തവണ നിങ്ങള്‍ക്കുതന്നെ. കോഴിക്കോട്ടാണെങ്കില്‍ ബഷീറിയന്‍ ശൈലിയില്‍ ങ്‌ള് ഉശാറായി പൊയ്‌ക്കോളിന്‍ .... ങ്‌ടെ കാര്യം ഞമ്മളേറ്റു എന്നു ചുമലില്‍ തലോടിയുള്ള സ്‌നേഹഭാഷണം കേള്‍ക്കുമ്പോള്‍ ഏതു സ്ഥാനാര്‍ഥിയുടെ മനസാണ് കുളിര്‍ക്കാത്തത്. വീടുവീടാന്തരം കയറിയിറങ്ങി മുത്തശിയുടെ കാല്‍ തൊട്ടുവണങ്ങിയും പിഞ്ചുകുട്ടികളെ ആശ്ലേഷിച്ചും അവരെ കൈക്കുള്ളിലാക്കി എടുത്തുയര്‍ത്തിയും കുടുംബവോട്ട് റാഞ്ചുന്ന രീതിയൊക്കെ ഇന്നു അറുപഴഞ്ചന്‍.
വോട്ടിനുവേണ്ടി സ്ഥാനാര്‍ഥി കാട്ടുന്ന വിദ്യകളേക്കാള്‍ വലിയ തന്ത്രങ്ങള്‍ വോട്ടര്‍മാരും പഠിച്ചുകഴിഞ്ഞുവെന്നതിന്റെ അനുഭവപാഠമുള്ളവരാണ് പല രാഷ്ട്രീയ നേതാക്കളും. ആലപ്പുഴ ജില്ലയിലെ ഇത്തവണ വി.ഐ.പി. സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായൊരു മണ്ഡലത്തില്‍ മത്സരിച്ച ഇടതുഘടകകക്ഷി പാര്‍ട്ടിയുടെ സമുന്നത നേതാവിനെ തീരദേശ ഗ്രാമത്തിലെ വോട്ടര്‍മാര്‍ കയ്പ്പുനീര്‍ കുടിപ്പിച്ച സംഭവം എങ്ങനെ മറക്കാനാകും. പ്രചാരണത്തിനെത്തിയ സിറ്റിംഗ് എം.എല്‍.എ. കൂടിയായ അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയത് ആവേശോജ്വല സ്വീകരണം. പ്രജകളുടെ ആഹ്‌ളാദം കണ്ട് മനംനിറഞ്ഞു രാജാവിനെപ്പോലെ നില്‍ക്കുമ്പോഴാണ് സാറിനു ദാഹമുണ്ടോയെന്ന ചോദ്യം മഹിളാമണികളില്‍ ഒരുവളില്‍ നിന്നുണ്ടായത്. വോട്ടര്‍മാരുടെ ആഗ്രഹമല്ലേ, ദാഹമുണ്ട്. അല്‍പം കുടിനീരാകാമെന്ന് സ്ഥാനാര്‍ഥി. പുരയിടത്തിലെ കേരവൃക്ഷങ്ങളിലേക്ക് ഒളികണ്ണിട്ട് ഇളനീരാണ് ക്ഷീണമകറ്റാന്‍ ഉത്തമമെന്നൊരു കമന്റും സ്ഥാനാര്‍ഥി തട്ടിവിട്ടു. ഇളനീരോ? തേങ്ങയ്‌ക്കെന്താ വില. ഈ കരിക്കുമൂത്തു തേങ്ങയായി. അതുവെട്ടി വില്‍ക്കുന്ന കാശുകൊണ്ടാണു സാറെ ഞങ്ങള്‍ കഞ്ഞികുടിച്ചു ജീവിക്കുന്നതെന്നായി സ്ത്രീകളുടെ മറുപടി.
സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം കോരിയെടുത്ത് അവര്‍ സ്ഥാനാര്‍ഥിക്കു കുടിക്കാന്‍ നല്‍കി. ഈ വെള്ളം എങ്ങനെ കുടിക്കുമെന്നു ചോദിച്ചപ്പോള്‍ പേടിയൊന്നും വേണ്ട സാറേ, ഈ വെള്ളം കുടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നായിരുന്നു മറുപടി. അതോടെ നാട്ടുകാര്‍ തനിക്കുവേണ്ടിയൊരുക്കിയ വാരിക്കുഴിയാണിതെന്നു ബോധ്യപ്പെട്ട സ്ഥാനാര്‍ഥി പിന്‍വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഒരുകവിള്‍ വെള്ളം കുടിച്ചിട്ടുപോയാല്‍ മതിയെന്നായി മഹിളകള്‍. ആ ഒരുകവിള്‍ വെള്ളം കുടിച്ചാണു താന്‍ മടക്കയാത്ര ആരംഭിച്ചതെന്നു മാധ്യമപ്രവര്‍ത്തകരോടു തുറന്നുപറഞ്ഞത് സ്ഥാനാര്‍ഥി തന്നെ.
വോട്ടിനായി സാരിവിതരണമെന്നത് പുതിയ കഥയല്ല. പഴയ കഥയില്‍ സദ്യവട്ടവും മദ്യവിരുന്നുകളും വസ്ത്രവിതരണവും ഒരുക്കിയായിരുന്നു ഏറെക്കുറെ പരസ്യമായ വോട്ടുപിടുത്തം. മലയോരമേഖലയില്‍ ഒരിക്കല്‍ സ്ഥാനാര്‍ഥിയായ പ്രമുഖ അബ്കാരി മദ്യത്തില്‍ താല്‍പര്യമുള്ള പുരുഷ വോട്ടര്‍മാര്‍ക്കായി വിതരണംചെയ്തത് പച്ച, മഞ്ഞ നിറങ്ങളിലുള്ള കാര്‍ഡുകള്‍. പച്ച കാര്‍ഡു നല്‍കിയാല്‍ ബ്രാണ്ടിയും മഞ്ഞയ്ക്കു ചാരായവും പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു ലഭിക്കും. എന്നിട്ടും ഫലം വന്നപ്പോള്‍ അബ്കാരി സ്ഥാനാര്‍ഥി തോറ്റു തുന്നംപാടിയെന്നതു ചരിത്രം.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ദേവികുളം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എതിര്‍ പാര്‍ട്ടിയുടെ കൈയയച്ചുള്ള സഹായവിതരണങ്ങളായിരുന്നു ഇടതുസ്ഥാനാര്‍ഥിക്കു മുഖ്യ വെല്ലുവിളി. തമിഴ്‌വംശജര്‍ ഏറെയുള്ള ലയങ്ങളില്‍ അന്നു പ്രചാരണത്തിനു നേതൃത്വം വഹിച്ചത് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍.
പണവും വസ്ത്രവും വിതരണംചെയ്ത് വോട്ട് പിടിക്കുന്നതറിഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായര്‍ കളത്തിലിറങ്ങി. കവലകളിലെ പ്രചാരണവേദികളില്‍നിന്ന് അദ്ദേഹം സ്ത്രീകളോട് ചോദിച്ചു: നിങ്ങള്‍ക്ക് ചേല കിട്ടിയില്ലേ? കിട്ടിയെന്നു തലയാട്ടി മറുപടി. പുരുഷന്മാരോട് നിങ്ങള്‍ക്കു പണം കിട്ടിയില്ലേ? കിട്ടിയെന്നു മറുപടി. എല്ലാം വാങ്ങണം. അതു നമ്മുടെ പണമാണ്. പക്ഷേ, വോട്ട് നമ്മുടെ സ്ഥാനാര്‍ഥിക്കു തന്നെ ചെയ്യണമെന്ന എം.എമ്മെന്റെ നിര്‍ദേശം വോട്ടര്‍മാര്‍ പാലിച്ചുവെന്നാണ് ഫലം വന്നപ്പോള്‍ വ്യക്തമായത്.
ആധുനികകാലത്ത് ജനഹിതം മുന്‍കൂട്ടി അറിയുകയെന്നത് ചൊവ്വയില്‍ വെള്ളമുണ്ടോയെന്നു അന്വേഷിക്കുംപോലെ കഠിനമെന്നു സ്ഥാനാര്‍ഥികള്‍ പറയും. കൂടെ നില്‍ക്കുന്ന, തന്റെ ബഹുവര്‍ണ ചിത്രങ്ങള്‍ നിറഞ്ഞ പോസ്റ്ററുകള്‍ പതിക്കാന്‍ പോകുന്ന അനുയായിയുടെ വോട്ടുപോലും ഉറപ്പിക്കാനാകാത്ത അവസ്ഥ. പരഹൃദയജ്ഞാനം നേടാന്‍ പാരാസൈക്കോളജി കൊണ്ടും കഴിയില്ലെന്നു അനുഭവജ്ഞാനികള്‍ പറയും. പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം ഉറപ്പുകള്‍ എന്തായെന്ന്. അതുകൊണ്ടുതന്നെ വോട്ടര്‍പട്ടിക നോക്കി പാര്‍ട്ടി ഓഫീസുകള്‍ക്കുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന കണക്കുകൂട്ടലുകള്‍ പണ്ടേപോലെ ഫലിക്കില്ല. വോട്ടെണ്ണിത്തീരും വരെ സ്ഥാനാര്‍ഥികള്‍ക്കു ചങ്കിടിപ്പേറുക തന്നെ ചെയ്യും. അതിനായി കാത്തിരിക്കേണ്ടതോ, നീണ്ട മുപ്പതുദിനങ്ങള്‍.

Wednesday, March 30, 2011

അരിയേക്കാള്‍ വിലയുള്ള ചിരി

കേരള രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടി കണ്ണൂര്‍ എം.എല്‍.എ. എ.പി. അബ്ദുള്ളക്കുട്ടിയുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിക്കു പിന്നിലൊരു രഹസ്യമുണ്ട്... ദന്തഡോക്ടറായ പ്രിയതമ വി.എന്‍. റോസിന.
വിപ്ലവവീര്യം നിറഞ്ഞ യൗവനകാലത്തു ചിരി പുറത്തു കാട്ടാന്‍ മടിച്ച തന്നെ പുഞ്ചിരിയുടെ ലോകത്തേക്കു നയിച്ചതു റോസിനയാണെന്നു തുറന്നു സമ്മതിച്ചത് അബ്ദുള്ളക്കുട്ടി തന്നെ. ചിരിയൊതുക്കാന്‍ മുഖത്തെ 16 പേശികളെ ദൃഢപ്പെടുത്തുമ്പോള്‍ അവയില്‍ പത്തു പേശികള്‍ അയച്ചാല്‍ വിരിയുന്ന സുന്ദരമായ ചിരി മനുഷ്യന് ഒട്ടേറെ സൗഹൃദങ്ങള്‍ നേടിത്തന്നേക്കാമെന്ന ഡോ. റോസിനയുടെ ഉപദേശത്തില്‍ വീണ അബ്ദുള്ളക്കുട്ടി തുടര്‍ന്നുള്ള രാഷ്ട്രീയത്തില്‍ ചിരി കൂടെക്കൂട്ടി. കേരള രാഷ്ട്രീയത്തില്‍ ചിരിച്ചും ചിന്തിപ്പിച്ചും ഒട്ടേറെ അനുയായികളെയും ആരാധകരെയും സൃഷ്ടിച്ച സഖാവ് നായനാരുടെ നാട്ടില്‍ അബ്ദുള്ളക്കുട്ടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇടതു മാറി വലതു ചേരിയില്‍ ചേക്കേറിയിട്ടും കണ്ണൂരിലാകെ ചിരി പ്രസരിപ്പിച്ച് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് എം.എല്‍.എ.യുമായി. ജനവിധി തേടി വീണ്ടുമെത്തുമ്പോഴും ആ മുഖത്തു കളിയാടുന്നതു ചിരി തന്നെ.
തെരഞ്ഞെടുപ്പുകാലം ചിരിയുടേതാണ്. ഗൗരവപ്രകൃതമെങ്കിലും ബാലറ്റ് പെട്ടിയില്‍ വോട്ട് നിറയ്ക്കാന്‍ ചെറു ചിരിയെങ്കിലും ചുണ്ടില്‍ വരുത്താത്ത സ്ഥാനാര്‍ഥികളെ പ്രചരണരംഗത്തു കാണാനാകുമോ? മന്ദസ്മിതം, മൃദുസ്മിതം, പുഞ്ചിരി, മൂകമായ ചിരി, ഓര്‍മച്ചിരി, പൊട്ടിച്ചിരി, മന്ദഹാസം, അലറിച്ചിരി തുടങ്ങി നാനാതരം ചിരികള്‍ വോട്ടര്‍ക്കു മുമ്പില്‍ തെളിയുന്ന കാലം. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും ഒരേപോലെകണ്ട മന്ദസ്മിതവുമായി ഉമ്മന്‍ചാണ്ടി പഴയ കുഞ്ഞൂഞ്ഞായി പുതുപ്പള്ളിയില്‍ വോട്ടു തേടുന്നു. കാഴ്ചയില്‍ ഗൗരവക്കാരനെന്നു തോന്നുമെങ്കിലും മട്ടന്നൂരെ ജനങ്ങള്‍ക്കിടയില്‍ കൈ കൂപ്പിയെത്തുന്ന ഇ.പി. ജയരാജന്റെ മുഖത്തു പുഞ്ചിരി എല്ലായ്‌പ്പോഴും ദൃശ്യം. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊട്ടിച്ചിരിയുടെ ഇഷ്ടക്കാരന്‍. തുടുത്ത കവിളുകളില്‍ നുണക്കുഴികള്‍ നിറച്ച തുറമുഖമന്ത്രി വി. സുരേന്ദ്രന്‍പിള്ളയുടെ ചിരിക്കു രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുമപ്പുറം ആരാധകരേറെ. കുഞ്ഞുമാണിയെന്ന മാണി സാറിന്റെ നിറഞ്ഞ ചിരി കണികണ്ടുണരുകയെന്നതു തന്നെ ഭാഗ്യമെന്നു വിശ്വസിക്കുന്ന പാലാക്കാര്‍ ഏറെ.
കരുണാകര രീതിയില്‍ മേല്‍ദന്തങ്ങള്‍ പുറത്തുകാട്ടി കെ. മുരളീധരന്‍ ചിരി തൂകുമ്പോള്‍ അനുയായികളുടെ മനം നിറയും. രമേശ് ചെന്നിത്തല പൊട്ടിച്ചിരിക്കുമ്പോഴാകട്ടെ നേത്രങ്ങള്‍ ഉള്‍വലിയും. വലിയ ജനക്കൂട്ടത്തിനിടയിലേക്കു നര്‍മം വിതറി, കൈയടിയും ചിരിയും കൊയ്‌തെടുക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൂമുഖത്ത് അതു കാണുമ്പോഴാണു മന്ദസ്മിതം വിടരുക. സഹകരണ മന്ത്രി ജി.സുധാകരനും ദേവസ്വംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ഇനി ചിരിക്കാതെ നിവൃത്തിയില്ല. വി.എന്‍. വാസവനും സുരേഷ് കുറുപ്പും ഡോ. തോമസ് ഐസക്കും അബ്ദുള്‍ഖാദറും താടിയിലൊളിപ്പിച്ച ചിരിയുമായാണു ജനങ്ങളെ അഭിമുഖീകരിക്കുന്നത്. വോട്ടര്‍മാരെ ചിരിപ്പിക്കുന്ന പി.സി. ജോര്‍ജിനുവേണ്ടി മകന്റെ ഭാര്യാപിതാവ് സിനിമാതാരം ജഗതി ശ്രീകുമാര്‍ തന്നെ ഇത്തവണ പൂഞ്ഞാറില്‍ ചിരി പടര്‍ത്താന്‍ എത്തുമെന്നാണു വിവരം.
തെരഞ്ഞെടുപ്പു പര്യടനത്തിനിടെ വീണു കാലിന്റെ അസ്ഥി പൊട്ടിയ ധര്‍മ്മടത്തെ ഇടതുസ്ഥാനാര്‍ഥി കെ.കെ. നാരായണന്‍ വേദന കടിച്ചമര്‍ത്തി ഇക്കുറി ചിരിക്കണം. മുമ്പ് എ.കെ. ആന്റണിക്കെതിരേ ചേര്‍ത്തലയില്‍ പടയ്ക്കിറങ്ങിയപ്പോള്‍ ഇപ്പോഴത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും ഇതുപോലെ വേദനച്ചിരി ചിരിക്കേണ്ടി വന്നു. അന്ന് ആശുപത്രി കിടക്കയില്‍ വന്നു കണ്ട ആന്റണി ആദ്യം പ്രകടിപ്പിച്ച വികാരം ചെറുചിരി. മറുപടിയായി ചന്ദ്രപ്പന്‍ കൈമാറിയതു പുഞ്ചിരി.
സ്വതന്ത്ര സര്‍വവിജ്ഞാന കോശമായ വിക്കിപീഡിയയില്‍മുഖത്ത് പ്രത്യേകിച്ചു വായയുടെ ഇരുവശവുമുള്ള പേശികള്‍ ചലിപ്പിച്ചു പ്രകടമാക്കുന്ന ഒരു ഭാവമെന്നാണു ചിരിക്കു നല്‍കിയ വിവക്ഷ. കണ്ണുകള്‍ക്കു ചുറ്റിലുമായി ചിരി പ്രകടമാകും. മനുഷ്യരില്‍ സന്തുഷ്ടി. സന്തോഷം, ആഹ്‌ളാദം എന്നിവ വ്യക്തമാക്കുന്ന ഭാവപ്രകടനമാണിത്. എന്നാല്‍, പകല്‍ രാത്രി ദേഭമില്ലാതെ തുടരുന്ന പ്രചാരണ യാത്രയില്‍ ഹൈ വോള്‍ട്ടും മില്യണ്‍ ഡോളര്‍ ചിരിയും സമ്മാനിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥാനാര്‍ഥികള്‍ ഒടുവില്‍ പറയും... ചിരിച്ചുമടുത്തു.
ബൂത്തുകളില്‍ വിരലില്‍ മഷി പടരും മുമ്പ് ആഴത്തില്‍ തുറക്കുന്ന ചിരികളുമായി അവര്‍ നമ്മെ വീണ്ടും തേടിയെത്തുകയാണ്... തെരഞ്ഞെടുപ്പു രംഗത്തു നിന്നു വിരമിച്ച പഴയൊരു രാഷ്ട്രീയ പടക്കുതിര പറഞ്ഞതിങ്ങനെ.... ആദ്യമൊക്കെ ചിരിച്ചത് ആത്മാര്‍ഥമായിട്ടു തന്നെയായിരുന്നു. അന്തസാരശൂന്യമെന്ന് ആളുകള്‍ കരുതിയെങ്കിലും. പിന്നെപ്പിന്നെ ചിരി വിളിപ്പുറത്തു വരാതെയായി. ചിരിച്ചെന്നു വരുത്തി ചിരി സന്ദര്‍ഭങ്ങളില്‍ ചരിതാര്‍ഥനായി.
 വാല്‍ക്കഷണം: ഈ തെരഞ്ഞെടുപ്പിന്റെ നഷ്ടം- ഒരേയൊരു ലീഡര്‍ കെ. കരുണാകരന്റെ സ്വന്തം സ്‌റ്റൈല്‍ ചിരി.

Thursday, March 10, 2011

കഥയല്ലിത് ജീവിതം...

മാര്‍ച്ച് 10 ലോക വൃക്കദിനമായിരുന്നു. ബോധവത്കരണ ക്‌ളാസുകളുമായി  നാടെങ്ങും ആരോഗ്യ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും വൃക്കദിനാചരണം നടക്കുന്നതിനിടെ കോട്ടയം നഗരത്തിനടുത്തുണ്ടായ, ആരുടെയും കരളലിയിക്കുന്ന സംഭവമാണിവിടെ വിവരിക്കുന്നത്...
 
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ്ത്തില്‍ ചികിത്സയില്‍ കഴിയുന്ന സൂസന്‍ എന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്... പ്രാണനുതുല്യം സ്‌നേഹിച്ച പ്രിയതമന്‍ മരണമുഖത്തു നിന്നു  തിരികെയെത്തുന്നത് കാണാനായി അബോധമണ്ഡലത്തില്‍ നിന്നു ഉറക്കമുണര്‍ന്ന സൂസനെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ചേതനയറ്റ മൃതദേഹമാണെന്ന് അവള്‍ മാത്രം അറിഞ്ഞിട്ടില്ല. സ്വന്തം വൃക്ക നല്‍കി ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ കൊതിച്ച കോട്ടയം ചെങ്ങളം സ്വദേശി സൂസനുണ്ടായ തീരാ ദു:ഖമാണു സംഭവമറിഞ്ഞവരിലെല്ലാം സങ്കടത്തിന്റെ നെരിപ്പോടായി എരിയുന്നത്.
വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ചെങ്ങളം മഠത്തില്‍പറമ്പില്‍ ഷാജന് (46) മലേറിയ രോഗമുണ്ടായത്. ചികിത്സയിലെ തകരാറുകള്‍  ഷാജന്റെ വൃക്കകളെ ബാധിച്ചു.  നാട്ടിലെത്തിയ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. ഇതിനിടെയാണ്  ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായെന്നും വൃക്കമാറ്റിവയ്ക്കലാണ് ജീവന്‍ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.നാട്ടില്‍ എത്തിയശേഷം ഏക ഉപജീവന മാര്‍ഗമായിരുന്ന  ജീപ്പ് വിറ്റ് ചികിത്സ ആരംഭിച്ചു. വൃക്ക വാങ്ങാന്‍ പണം കണ്ടെത്താനാകാതെ വന്നപ്പോഴാണു ഭര്‍ത്താവിനായി സൂസന്‍ സ്വന്തം വൃക്കകള്‍ നല്‍കുമെന്നു ഡോക്ടര്‍മാരെ അറിയിച്ചത്. പറക്കമുറ്റാത്തകുട്ടികളുമായി ജീവിക്കുമ്പോള്‍ സൂസന്‍ വൃക്കദാന ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നതിനെ ബന്ധുക്കളില്‍ പലരും എതിര്‍ത്തെങ്കിലും ഷാജന്റെ ജീവനു പകരം തന്റെ ക്‌ളേശങ്ങള്‍ ഒന്നുമല്ലെന്നു സൂസന്‍ ശഠിച്ചു. ഒടുവില്‍ പ്രിയപ്പെട്ടവരെല്ലാം അവളുടെ നിശ്ചയ ദാര്‍ഡ്യത്തിനു മുന്നില്‍ നിശബ്ദരായി. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ ജുവലിനെയും ജ്യോതിസിനെയും ബന്ധുക്കളെ ഏല്‍പ്പിച്ച് സൂസന്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തി. ഡയാലിസിസിന് വിധേയനായിരുന്ന ഷാജന് കഴിഞ്ഞ തിങ്കളാഴ്ച(മാര്‍ച്ച് ഏഴ്) ശസ്ത്രക്രിയ നിശ്ചയിച്ചു. സൂസന്റെ വൃക്ക പരിശോധനകള്‍ പൂര്‍ത്തിയാക്കി അന്നു രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. എന്നാല്‍ വിധി അവര്‍ക്കെതിരായിരുന്നു. വൃക്കകള്‍ സ്വീകരിക്കും മുമ്പ് രാത്രിയോടെ ഷാജന്റെ ആരോഗ്യനില വഷളാകുകയും ചൊവ്വാഴ്ച പുലര്‍ച്ചെ മരണം
സംഭവിക്കുകയുമായിരുന്നു. ഉടന്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതേ ചികിത്സാമുറിയില്‍ കഴിയുന്ന സൂസനെ  വിവരം അറിയിച്ചില്ല. സൂസന് ചികിത്സ പൂര്‍ത്തിയാവാന്‍ ഏതാനും ദിവസം കൂടി വേണ്ടിവരുമെന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം. അതുകൊണ്ട് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന സൂസനു ഒരു നോക്കു കാണാനായി അധികം അകലെയല്ലാത്ത സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഷാജന്റെ മൃതദേഹം സൂക്ഷിച്ചു വച്ച് കണ്ണീരോടെ കാത്തിരിക്കുകയാണു ബന്ധുക്കള്‍.

Wednesday, March 9, 2011

തെരഞ്ഞെടുപ്പു ചൂട് ശമിപ്പിച്ച് കുട്ടനാട്ടില്‍ ഷൂട്ടിംഗിന്റെ വസന്തകാലം

പൊള്ളുന്ന വേനല്‍ച്ചൂടിനും തെരഞ്ഞെടുപ്പു ചൂടിനുമിടെ കുട്ടനാട്ടിന്റെ പച്ചപ്പില്‍ സിനിമാ ചിത്രീകരണത്തിന്റെ വസന്തകാലം. നെല്‍ വയലുകളിലെ വിളവെടുപ്പും ക്ഷേതോസ്‌വങ്ങളും തീര്‍ത്ത ആഘോഷ തിമിര്‍പ്പുകള്‍ക്കിടെയാണു വെള്ളിത്തിരയിലെ പ്രിയ താരങ്ങള്‍ കുട്ടനാട്ടിലേയക്ക് എത്തുന്നത്.
 ബാബു ജനാര്‍ദനന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മൂട്ടി നായകനാകുന്ന 1993 ബോംബെ മാര്‍ച്ച് 12ന്റെ ചിത്രീകരണം കാവാലം, കൃഷ്ണപുരം, നാരകത്തറ പ്രദേശങ്ങളില്‍ ആരംഭിച്ചു. മുംബൈ ബോംബ് സ്‌ഫോടനം സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും കുട്ടനാട്ടില്‍നിന്നു മുംബൈയിലേക്കു ജോലിതേടിപ്പോയ യുവാവിന്റേയും സഹോദരി ആമിനയുടേയും കഥയുമാണു ചിത്രത്തിന്റെ പ്രമേയം. സനാതന്‍ഭട്ട്, സമീര്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടി ഇരട്ടവേഷങ്ങളിലെത്തുന്ന ചിത്രമാണിത്. റോമ, മണിയന്‍പിള്ള രാജു, ജഗതി, ലാല്‍, സിദ്ദിഖ്, ശരണ്യമോഹന്‍, ജഗദീഷ്, ശാരി തുടങ്ങി വലിയൊരു താരനിരതന്നെ ബോംബെ മാര്‍ച്ച് 12ലുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. കുട്ടനാട്ടില്‍ ഇരുപതുദിവസത്തെ ചിത്രീകരണമാണുള്ളത്. പമ്പയാറ്റില്‍ കാവാലം തീരത്ത് മമ്മൂട്ടി വഞ്ചി തുഴയുന്ന രംഗങ്ങള്‍ ആദ്യ ദിനങ്ങളില്‍ ചിത്രീകരിച്ചു.
  കോട്ടയം, മുംബൈ, കോയമ്പത്തൂര്‍, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റുപ്രധാന ലൊക്കേഷനുകള്‍.വേനല്‍ക്കാലവും കൊയ്ത്തുകാലമായതോടെ കുട്ടനാടിന്റെ പ്രകൃതിരമണീയത അഭ്രപാളികളില്‍ പകര്‍ത്താന്‍ ഏതാനും സിനിമാ ചിത്രീകരണ സംഘങ്ങള്‍കൂടി അടുത്തയാഴ്ചകളില്‍ എത്തും. സംഗീത ആല്‍ബങ്ങളുടെയും സീരിയലുകളുടെയും ചിത്രീകരണങ്ങളും പല ഭാഗത്തും നടന്നുവരികയാണ്. ആയിരപ്പറ, കണ്ണെഴുതി പൊട്ടും തൊട്ട്, കരുമാടിക്കുട്ടന്‍, ഒരുക്കം, താളമേളം, ജീവിതം ഒരു ഗാനം, സിംഹാസനം, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, ലാല്‍സലാം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്കു കാവാലവും പരിസരപ്രദേശങ്ങളും ലൊക്കേക്ഷനായിട്ടുണ്ട്.

Friday, January 14, 2011

താലികെട്ടാന്‍ പിഷാരടി റെഡി

ഗ്രാമത്തിലെ ഓടു മേഞ്ഞ പള്ളിക്കൂടത്തിലെ ചെറു ഹാളിനുള്ളില്‍ ഡസ്‌കുകള്‍ കൂട്ടിയിട്ടൊരുക്കിയ വേദിയില്‍ ശബ്ദാനുകരണ മത്സരത്തിനു കയറുമ്പോള്‍ എട്ടുവയസുകാരന്‍ രമേഷിനു തെല്ലും പരിഭ്രമമുണ്ടായിരുന്നില്ല. സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ മത്സരിക്കാന്‍ താനൊരാള്‍ മാത്രമുള്ളപ്പോള്‍ വിജയത്തെക്കുറിച്ച് എന്തിനു ടെന്‍ഷനടിക്കണം! റേഡിയോയിലും ടെലിവിഷനിലും കേട്ടുപരിചയിച്ച ശബ്ദങ്ങള്‍ ഒന്നൊന്നായി അനുകരിക്കുമ്പോള്‍ സദസില്‍ നിന്നുയര്‍ന്ന കൈയടി ആ വെളുത്തു മെലിഞ്ഞ കുട്ടിയെ അനുകരണ കലയുടെ ലോകത്തേക്കു നയിച്ചു. ചിരിക്കാതെ ചിരിക്കുന്ന... അവസരോചിതമായി നര്‍മം പ്രയോഗിക്കുന്ന രമേഷ് വൈകാതെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ചിരിയുടെ മാലപ്പടക്കവുമായെത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ നായകനായി വരെ അഭിനയിച്ച രമേഷ് പിഷാരടി ഇന്ന് അഭിനയരംഗത്തു തിരക്കിലാണ്. കേരള സംഗീത നാടക അക്കാദമി നടാടെ ഏര്‍പ്പെടുത്തിയ മികച്ച മിമിക്രി കലാകാരനുള്ള അവാര്‍ഡ് സ്വന്തമാക്കിയ രമേഷ് ഇപ്പോള്‍ ദാമ്പത്യജീവിതം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.

വൈക്കം വെള്ളൂര്‍ കാരിക്കോട് പ്രസീതയില്‍ ബാലകൃഷ്ണ പിഷാരടിയുടെയും രമാദേവിയുടെയും അഞ്ചു മക്കളില്‍ ഇളയയാളാണു രമേഷ്. കോയിക്കല്‍ യു.പി. സ്‌കൂളിലെ ആദ്യ മിമിക്രി അവതരണാനുഭവം മുതല്‍ സിനിമാഭിനയത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും രമേഷ് പിഷാരടി സംസാരിക്കുന്നു.

ആക്ഷന്‍ സോംഗും അനുകരണവും

സ്‌കൂള്‍ കലോത്സവമായാല്‍ െ്രെപമറി ക്ലാസുകളിലെ കുട്ടികള്‍ ചേര്‍ന്ന് ആക്ഷന്‍ സോംഗ് അവതരിപ്പിക്കുക പതിവായിരുന്നു. കൂട്ടുകാര്‍ ചാഞ്ചാടി പാട്ടു പാടുമ്പോള്‍ പിന്നണിയില്‍ പൂച്ചയുടെയും നായയുടെയും കാക്കയുടെയുമൊക്കെ ശബ്ദം കേള്‍പ്പിച്ചതു ഞാനായിരുന്നു. ആ ഇഷ്ടമാണു മിമിക്രിയില്‍ മത്സരിക്കാന്‍ പ്രേരണയായത്. മിമിക്രി പോപ്പുലറാകുംമുമ്പുള്ള കാലമായതിനാല്‍ മത്സരാര്‍ഥികള്‍ പേരിനു മാത്രമാണുണ്ടായിരുന്നത്. മൂന്നാം ക്ലാസ് മുതല്‍ തലയോലപ്പറമ്പ് ഡി.ബി. കോളജില്‍ മൂന്നാം വര്‍ഷ ബിരുദത്തിനു പഠിക്കും വരെ മത്സരിച്ചപ്പോഴെല്ലാം സമ്മാനം നേടി. എം.ജി. സര്‍വകലാശാലാ കലോത്സവത്തില്‍ രണ്ടുവട്ടം മിമിക്രി മത്സരത്തില്‍ ജേതാവായി. 1999ല്‍ സിനിമാതാരം സലിംകുമാറിന്റെ ട്രൂപ്പില്‍ അംഗമായതാണു ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. അഞ്ചുവര്‍ഷം കഴിഞ്ഞ് സലിംകുമാറിനു സിനിമയില്‍ തിരക്കേറിയതോടെ സാജന്‍ പള്ളുരുത്തിക്കൊപ്പം ചേര്‍ന്നു പരിപാടികള്‍ അവതരിപ്പിച്ചു. അക്കാലത്താണു മിനിസ്‌ക്രീനില്‍ സജീവമായത്. ഏഷ്യാനെറ്റിലെ സിനിമാലയില്‍ ഏഴുവര്‍ഷവും ഏഷ്യാനെറ്റ് പ്ലസിലെ ബ്‌ളഫ് മാസ്‌റ്റേഴ്‌സില്‍ അഞ്ചുവര്‍ഷവും അഭിനയിച്ചു. അതോടെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ വര്‍ധിച്ചു. ഇപ്പോള്‍ തരക്കേടില്ലാത്ത സമയമാണ്. അമേരിക്ക, യു.കെ., ഇന്തോനീഷ്യ തുടങ്ങി 12 രാജ്യങ്ങളില്‍ ഷോകളില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ക്രിസ്മസിനു സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു.

സിനിമയും ഗ്ലാമറും

കാഴ്ചയ്ക്കു ബോളിവുഡ് നടന്മാരെ പോലെയുണ്ടെന്നൊക്കെ മുഖസ്തുതി പറയുന്നവരുണ്ട്. അവരോടു പറയാനുള്ളത്.... പ്ലീസ് ജീവിച്ചു പൊക്കോട്ടേയെന്നാണ്. തരക്കേടില്ലാത്ത മുഖം മിമിക്രി കലാകാരന്മാര്‍ക്കു പൊതുവേ വെല്ലുവിളിയാണ്. സദസിനെ ചിരിപ്പിക്കാന്‍ ഇരട്ടി പാടുപെടേണ്ടി വരും. മൂന്നുവര്‍ഷം മുമ്പാണു സിനിമയില്‍ മുഖം കാണിക്കുന്നത്. മമ്മൂട്ടിയുടെ നസ്രാണിയില്‍ പത്രപ്രവര്‍ത്തകനായി വേഷമിട്ടു. പിന്നീട് പോസിറ്റീവില്‍ ശ്രദ്ധേയമായൊരു കഥാപാത്രം. കപ്പലു മുതലാളിയിലാണു നായകനായത്. മഹാരാജാസ് ടാക്കീസ് അടക്കം മൂന്നു സിനിമകളാണ് ഉടന്‍ റിലീസാകാനുള്ളത്.

മിമിക്രി രംഗത്ത് ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കഷ്ടപ്പെട്ടു എഴുതുന്ന ഐറ്റങ്ങള്‍ മറ്റുള്ളവര്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ ഉണ്ടാകുന്ന നിരാശ പറഞ്ഞറിയിക്കാനാകില്ല. ഓരോ ഐറ്റങ്ങളും ഒരുതവണ ഉപയോഗം എന്ന അവസ്ഥയിലായിരിക്കുന്നു. ഒരിക്കല്‍ ടി.വി.യിലോ ഉത്സവപ്പറമ്പുകളിലോ കണ്ടവ മറ്റു വേദികളില്‍ ആസ്വാദകര്‍ സഹിക്കാന്‍ തയാറല്ല. ഗാനമേളക്കാര്‍ക്കൊന്നും ഇത്തരം ബുദ്ധിമുട്ടില്ല. അവിടെ പ്രിയ ഗാനങ്ങള്‍ ആസ്വാദകര്‍ വീണ്ടും ആവശ്യപ്പെട്ടുകൊള്ളും. മനസും ശരീരവും എല്ലായ്‌പ്പോഴും ഹാസ്യത്തിലര്‍പ്പിച്ചു നിന്നാലേ വേദികളില്‍ ടോട്ടല്‍ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാനാകൂ.

കലയുടെ പൊളിറ്റിക്‌സ്

ഞങ്ങളുടേതു യാഥാസ്ഥിതിക കുടുംബമായിരുന്നു. അച്ഛന്‍ വെള്ളൂര്‍ എച്ച്.എന്‍.എല്‍. ജീവനക്കാരനായിരുന്നു. മിമിക്രിയോടുള്ള താല്പര്യം വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. സ്ഥിരതയുള്ള ഒരു ജോലിക്കാരനായി കാണണമെന്നായിരുന്നു അച്ഛനമ്മമാരുടെ ഉപദേശം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള ജോലി... അതായിരുന്നു ആഗ്രഹം. പ്രീഡിഗ്രിക്കു ശേഷം ബി.കോമിനാണു ചേര്‍ന്നത്. എന്നാല്‍, പഠനം കഠിനമാണെന്നു ബോധ്യപ്പെട്ടപ്പോള്‍ ഒരുമാസത്തിനു ശേഷം നിര്‍ത്തി. അടുത്തവര്‍ഷം ബി.എ. പൊളിറ്റിക്‌സിനു ചേര്‍ന്നു. മിമിക്രിയും പഠിത്തവും ഒരുപോലെ തുടരുകയായിരുന്നു ഉദ്ദേശ്യം. കണക്കുകൂട്ടല്‍ ഇതുവരെ തെറ്റിയില്ലെന്നാണു വിശ്വാസം.

പ്രണയ വിവാഹത്തിനില്ലെന്നതു ശപഥം

പ്രണയിച്ചു വിവാഹം കഴിക്കില്ലെന്നതു ശപഥം പോലെയായിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന പെണ്‍കുട്ടിയെ ജീവിതസഖിയാക്കുമെന്ന ഉറപ്പു പാലിക്കുകയാണു പുതുവര്‍ഷാരംഭത്തില്‍. ജനുവരി 17നു വിവാഹമാണ്. കുടുംബസമേതം പൂനെയില്‍ താമസിക്കുന്ന സൗമ്യയാണു വധു. ചെറായിക്കടുത്ത് അയ്യമ്പള്ളിയിലാണു സൗമ്യയുടെ തറവാട്. വീട്ടുകാര്‍ ജാതകമൊക്കെ നോക്കി ആലോചിച്ചുറപ്പിച്ചതാണ്. അയ്യമ്പള്ളിയില്‍ സമുദായാചാരപ്രകാരം രാവിലെയാണു വിവാഹച്ചടങ്ങ്. പിറ്റേന്നു വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരവും.