Wednesday, April 13, 2011

പിണറായിക്കു രാജയോഗം, ഉമ്മന്‍ചാണ്ടിക്കു കേസരി വി.എസിന് ശശമഹായോഗം

വോട്ടര്‍ പട്ടികയില്‍ ദൈവങ്ങളുടെയും പേരുണ്ടോ? ദേവാലയങ്ങളിലേക്ക് ഓടിയെത്തുന്ന നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും അവരുടെ ബന്ധുക്കളുടെയും കണക്കെടുത്താല്‍ അങ്ങനെ തോന്നിപ്പോകും. നേര്‍ച്ചകളും വഴിപാടുകളുമായി ദൈവാനുഗ്രഹം തേടുന്ന സ്ഥാനാര്‍ഥികളെപ്പോലെ വിശ്വാസി വോട്ടര്‍മാരെ നേരില്‍ക്കണ്ടു വോട്ട് ഉറപ്പിക്കുന്നവരും ഏറെ.

പെരുന്നാള്‍ റാസകളിലും ക്ഷേത്രസന്നിധിയിലെ പ്രസാദമൂട്ടിലും പങ്കുചേര്‍ന്ന് അവര്‍ പ്രചാരണം ഉഷാറാക്കുന്നു. ജ്യോതിഷത്തിനു പ്രസിദ്ധമായ പാഴൂര്‍ പടിപ്പുരയിലേക്കിപ്പോള്‍ രാഷ്ട്രീയക്കാരുടെ ഘോഷയാത്രയാണ്. ഭാവിയറിയാനും ദോഷപരിഹാരം തേടാനും എത്തുന്നവരില്‍ വിശ്വാസികളായ സ്ഥാനാര്‍ഥികളും അവിശ്വാസികളായ സ്ഥാനാര്‍ഥികളുടെ സഹധര്‍മിണിമാരും അണികളുമെല്ലാമുണ്ട്.

തെരഞ്ഞെടുപ്പു കാലമായാല്‍ രാഷ്ട്രീയപ്രവചനങ്ങള്‍ നടത്തി ശ്രദ്ധാകേന്ദ്രമാകുന്നവര്‍ രാജ്യത്തേറെയുണ്ട്. വെറ്റിലയിലും പെന്‍ഡുലത്തിലും കവടിയിലും തങ്ങളുടെ സിദ്ധി തെളിയിച്ച് കുറച്ചുകാലത്തേക്കെങ്കിലും അവര്‍ ശോഭിക്കും. എന്നാല്‍, നാള്‍ക്കുനാള്‍ കലങ്ങിമറിയുന്ന കേരളരാഷ്ട്രീയം മേയ് 13നു ശേഷം എന്താകുമെന്നു പ്രവചിക്കാന്‍ ഇത്തവണ പലര്‍ക്കും മടി. വോട്ടെടുപ്പു നടക്കുന്ന ഏപ്രില്‍ 13 കേരളത്തിനു ഗുണകരമല്ലെന്നാണു വി. സജീവ് ശാസ്താരം കവടി നിരത്തിയപ്പോള്‍ തെളിഞ്ഞത്. ബുധന്‍ വക്രവും നീചവും മൗഢ്യവും ആകയാലും ദൈവികസാന്നിധ്യമുള്ള വ്യാഴം, ചൊവ്വ എന്നിവ മൗഢ്യത്തിലായതിനാലും അടുത്ത സര്‍ക്കാരിനു പരീക്ഷണകാലമായിരിക്കുമത്രേ.

നേരിയ ഭൂരിപക്ഷത്തോടെ ആര് അധികാരത്തിലേറിയാലും ഒന്നിലധികം ഭരണമാറ്റമുണ്ടായേക്കാമെന്നാണ് ഈ ജ്യോതിഷിയുടെ അഭിപ്രായം. ഉമ്മന്‍ചാണ്ടിക്കു കേസരി യോഗമാണത്രേ. വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മത്സരരംഗത്തില്ലാത്ത പിണറായി വിജയനും നല്ല കാലമെന്നാണു യുവജ്യോതിഷി അനില്‍ പെരുന്നയുടെ അഭിപ്രായം. അനിഴം നക്ഷത്രക്കാരനായ വി.എസിന് അപൂര്‍വമായ ശശമഹായോഗമാണ്! കോടിയേരിക്കാകട്ടെ കേസരി യോഗവും മാളവിക യോഗവും. പിണറായിയെ കാത്തിരിക്കുന്നതു നീചഭംഗ രാജയോഗമാണ്. സൂര്യരാശി ഗ്രഹസ്ഥിതി പ്രകാരം രമേശ് ചെന്നിത്തലയ്ക്കു മഹാനിപുണയോഗമാണെന്നും അനില്‍ പ്രവചിക്കുന്നു.

പെന്‍ഡുലം ശാസ്ത്രപ്രകാരം കെ. ശ്രീകണ്ഠന്‍നായര്‍ ഇരുമുന്നണികള്‍ക്കും ലഭിക്കുന്ന ചില സീറ്റുകള്‍ പ്രവചിച്ചിട്ടുണ്ട്. ടി.എം.ആര്‍. കുട്ടിയെപ്പോലെ പഴയ ജ്യോതിഷപണ്ഡിതരെയും തെരഞ്ഞെടുപ്പുകാലമാകുമ്പോള്‍ പത്രം ഓഫീസുകളിലെത്തി പ്രവചനരഹസ്യം തുറന്നുവിടുന്ന മഠം നമ്പൂതിരിയെപ്പോലുള്ളവരെയും വിസ്മരിക്കാനാകില്ല. എന്തായാലും അച്ചട്ടാകുന്ന പ്രവചനം ആരുടേതെന്നറിയാന്‍ ഇക്കുറി വേണ്ടതു നീണ്ട കാത്തിരിപ്പ്. ജനവിധിയും ജ്യോതിഷവിധിയും ഒരുമാസം പോലീസ് കാവലില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ആര്‍ക്കും പിടികൊടുക്കാതിരിക്കും.

Wednesday, April 6, 2011

തങ്കച്ചാ...കുഞ്ഞമ്മേ...ഞങ്ങടെ ഓമനനേതാവേ...

ഹിന്ദിയും തമിഴും കന്നഡയും മറാത്തിയും... ഭാഷകള്‍ പലതുചൊല്ലും ഭാരതീയര്‍ക്കെല്ലാം പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ്. തെക്കേയറ്റത്ത് മലയാളക്കരയിലെ ചേര്‍ത്തലയെന്ന തീരദേശത്തുചെന്നാല്‍ നാട്ടുകാരു പറയും പ്രതിരോധമന്ത്രി തങ്കച്ചനാണെണ്. വെറും തങ്കച്ചനല്ല, നമ്മുടെ തങ്കച്ചന്‍. ചേര്‍ത്തല ഇന്ത്യയിലാണെങ്കിലും ലോകമറിയുന്ന ആന്റണിയെ ഈ നാട്ടുകാര്‍ ചെറുപ്പംമുതലേ വിളിച്ചു ശീലിച്ചുപോയി തങ്കച്ചനെന്ന്. മുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലും വലിയ കേന്ദ്രമന്ത്രിയായാലും പ്രിയ നേതാവ് തങ്ങള്‍ക്ക് തങ്കച്ചന്‍ തന്നെയെന്നു തറപ്പിച്ചങ്ങു പറയും നാട്ടുകാര്‍. മുദ്രാവാക്യത്തിലും വരും തങ്കച്ചന്‍ കീ ജയ്. നാട്ടില്‍നിന്ന് ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തും ഓഫീസിലുമൊക്കെ തങ്കച്ചനെത്തേടിവരുന്ന നാട്ടുകാരുമേറെ.
  ആ തങ്കച്ചന്റെ തട്ടകമായിരുന്ന ചേര്‍ത്തലയില്‍ ഇത്തവണ യു.ഡി.എഫിനുവേണ്ടി പടനയിക്കുന്നത് അരൂരിന്റെ കുഞ്ഞമ്മയാണ്. ജെ.എസ്.എസ്. നേതാവ് കെ.ആര്‍. ഗൗരിയമ്മ നാട്ടുകാര്‍ക്കു മാത്രമല്ല പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും എതിര്‍ പാര്‍ട്ടിക്കാര്‍ക്കുമെല്ലാം കുഞ്ഞമ്മതന്നെ.
  കേരളത്തിലെ ജനനേതാക്കളില്‍ പലര്‍ക്കും സ്വന്തം വീട്ടിലും നാട്ടിലും മാത്രമറിയുന്ന ഓമനപ്പേരുകള്‍ ധാരാളം. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അടുത്ത ബന്ധുക്കള്‍ അച്ചുവെന്നു വിളിക്കുമെങ്കിലും അണികള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം അദ്ദേഹം വി.എസാണ്. പ്രായത്തില്‍ ഇളയവരുപോലും സഖാവ് വി.എസ്. എന്നു അഭിസംബോധന ചെയ്യുമ്പോള്‍ മനസുകൊണ്ട് സന്തോഷിക്കുന്നയാളാണു അച്യുതാനന്ദനെന്ന് ഏറ്റവും അടുപ്പമുള്ളവര്‍ രഹസ്യമായി പറയും.
  മണ്ഡലത്തില്‍ മാത്രമല്ല കേരളത്തിലുടനീളം അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാര്‍ക്കു കുഞ്ഞൂഞ്ഞാണ്. പാര്‍ട്ടി നേതാക്കള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുമെല്ലാം ഉമ്മന്‍ചാണ്ടി ചുരുങ്ങി ഒ.സിയാകും. കേരളത്തിനു കെ.എം. മാണി വല്ല്യ നേതാവെങ്കിലും പാലാക്കാര്‍ക്കദ്ദേഹം ഇന്നും കുഞ്ഞുമാണി. പുത്രനും കോട്ടയം എം.പിയുമായ ജോസ് കെ. മാണിയാകട്ടെ അനുഭാവികള്‍ക്കിടയില്‍ ജോസ്‌മോനാണ്.
  പി.ടി. ചാക്കോയുടെ ശിഷ്യനായിരുന്ന കെ.എം. മാണിക്ക് രാഷ്ട്രീയമായി എതിര്‍ചേരിയില്‍ പോയെങ്കിലും ഗുരുവിന്റെ മകന്‍ പി.സി. തോമസ് ഇന്നും കൊച്ചുമോന്‍. സ്വകാര്യ കൂടിക്കാഴ്ചകളില്‍ തോമസിനെ മോന്‍ എന്നും വിളിക്കും.
  ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി മത്സരിക്കാന്‍ ഒരു രമേശ് എത്തിയെങ്കില്‍ സീറ്റു പ്രതീക്ഷിച്ച മറ്റൊരു രമേശിനു സീറ്റു നഷ്ടമായി. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നിനച്ചിരിക്കാതെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി. എന്നാല്‍ രമേശ് എന്നറിയപ്പെടുന്ന കല്ലൂപ്പാറ എം.എല്‍.എ. കേരളാ കോണ്‍ഗ്രസിലെ ജോസഫ് എം. പുതുശേരി മാണി ഗ്രൂപ്പില്‍ സീറ്റില്ലാത്ത ഏക സിറ്റിംഗ് എം.എല്‍.എയായി.
  ആരൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും കുഞ്ഞിപ്പയാണു തങ്ങളുടെ അനിഷേധ്യ നേതാവെന്നു ആരുടെ മുന്നിലും തുറന്നു പറയാന്‍ മടിയില്ലാത്തവരാണു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവര്‍ക്കു മാത്രമല്ല പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം കുഞ്ഞിപ്പയാണ്. കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ലീഗുകാര്‍ ആദരവോടെ അഹമ്മദുകുട്ടി സാഹിബെന്നു വിളിക്കും.
  ഔസേപ്പച്ചന്‍മാര്‍ ഒരുപാടുണ്ടാകാം. എന്നാല്‍ തൊടുപുഴക്കാര്‍ക്കു ഒന്നേ ഔസേപ്പച്ചനുള്ളൂ. അതു കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫാണ്. കോണ്‍ഗ്രസുകാര്‍ക്ക് നേതാക്കളായി അനേകം പേരുണ്ടെങ്കിലും ലീഡര്‍ എന്നു മനസറിഞ്ഞു വിളിച്ചത് കെ. കരുണാകരനെയല്ലാതെ മറ്റാരെയാണ്.
  കമ്യൂണിസ്റ്റുകാര്‍ പരസ്പരം സഖാവ് എന്നു അഭിസംബോധന ചെയ്യുമെങ്കിലും സഖാക്കളുടെ സഖാവായി നെഞ്ചില്‍ കോറിയിട്ടത് വൈക്കത്തുകാരന്‍ പി. കൃഷ്ണപിള്ളയെ. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ പിതാവ് സി.കെ. കുമാരപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത് വയലാര്‍ സ്റ്റാലിനെന്നാണ്. ആര്‍.എസ്.പിയുടെ എക്കാലത്തെയും സമുന്നത നേതാവായിരുന്ന ബേബി ജോണ്‍ നാട്ടുകാര്‍ക്ക് ബേബിസാറും മറ്റുള്ളവര്‍ക്കിടയില്‍ കേരള കിസിഞ്ജറുമായിരുന്നു.
  സി.പി.എം. നേതാവായിരുന്ന ഇ. ബാലാനന്ദന്‍ അറിയപ്പെട്ടത് സ്വാമിയെന്ന്. ഒളിവില്‍ കഴിഞ്ഞ കാലത്ത് സ്വാമിയുടെ വേഷം ധരിച്ചാണു അദ്ദേഹം പോലീസ് ദൃഷ്ടിയില്‍നിന്നു രക്ഷപ്പെട്ടിരുന്നത്.
  ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ പ്രായഭേദമെന്യേ ഏവരുടെയും രാജേട്ടനാണ്. നേമത്ത് വോട്ടുതേടിയിറങ്ങുന്ന അദ്ദേഹത്തെ മുത്തശിമാര്‍പോലും രാജേട്ടനെന്നു വിളിക്കുമ്പോള്‍ കാര്യമറിയാത്തവര്‍ക്ക് ചിരി.
  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിക്കുന്ന അഡ്വ. സജി കെ. ചേരമന്‍ ചേപ്പാട് സ്വദേശിയായ സജി കുഞ്ഞുകുട്ടിയാണ്. അധഃസ്ഥിത വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി പടയ്ക്കിറങ്ങുമ്പോള്‍ ചേരമന്‍ എന്നുകൂടി പേരിനൊപ്പം ചേര്‍ക്കുന്നതാണ് ഉചിതമെന്നു തീരുമാനിച്ചത് അദ്ദേഹം തന്നെ.
  പാവങ്ങളുടെ പടത്തലവനെന്നറിയപ്പെടുന്ന എ.കെ.ജി. ആയില്യത്ത് കുറ്റിയാറി ഗോപാലനാണ്. സി.പി.ഐ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പി.കെ.വി. പയയാറ്റ് കേശവപിളള വാസുദേവനാണ്. ആര്‍.എസ്.പി. നേതാവ് എം.വി. രാഘവന്‍ മേലേത്തു വീട്ടില്‍ രാഘവനും കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി അരുവാമ്പള്ളി പുതിയപുരയില്‍ അബ്ദുള്ളക്കുട്ടിയുമാണ്.
  1982 ലെ കരുണാകര മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.ജി.ആര്‍. കര്‍ത്ത സ്വന്തം വിളിപ്പേര് പുറത്തുപറയാന്‍ ആഗ്രഹമില്ലാത്തയാളായിരുന്നു. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബന്ധുക്കളും ഭാര്യയുമെല്ലാം കെ.ജി.ആര്‍. കര്‍ത്തയെന്നാണു വിളിക്കുന്നതെന്നായിരുന്നു മറുപടി.
  പത്തനംതിട്ട ജില്ലയുടെ പിതാവെന്നു വിളിക്കപ്പെടുന്ന മുന്‍ എം.എല്‍.എ. കെ.കെ. നായര്‍ ജനങ്ങള്‍ക്കു പ്രിയപ്പെട്ട കരുണന്‍സാര്‍. രണ്ടുവട്ടം മന്ത്രിയായി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന പ്രഫ. കെ. നാരായണക്കുറുപ്പ് വാഴൂരിനു പടക്കുറുപ്പും നാട്ടുകാര്‍ക്കു കുറുപ്പുസാറുമാണ്.
   ഇരിക്കൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സി. ജോസഫ് രാജപ്പനും പി.സി. ചാക്കോ എം.പി. അനിയനും പി.ജെ. കുര്യന്‍ എം.പി. പാപ്പച്ചനും മൂവാറ്റുപുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ ബേബിയും കുട്ടനാട്ടിലെ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ഡോ. കെ.സി. ജോസഫ് ഡോക്ടറും കായംകുളത്തെ സി.പി.എം. സ്ഥാനാര്‍ഥി സി.കെ. സദാശിവന്‍ കൊച്ചാണിയുമാണ്... പ്രിയപ്പെട്ടവര്‍ക്ക്.
  എ.കെ.ജി., ഇ.എം.എസ്. തുടങ്ങി മൂന്നക്ഷര നാമങ്ങളാണു കമ്യൂണിസ്റ്റു നേതാക്കള്‍ക്കു എന്നും ഹരം. ഓമനപ്പേരുകളും വിളിപ്പേരുകളുമൊക്കെയായി നേതാക്കള്‍ അങ്കത്തട്ടില്‍ സജീവമായതോടെ അണികളും ആവേശ തിമിര്‍പ്പിലാണ്.

Monday, April 4, 2011

ങ്‌ടെ കാര്യം ഞമ്മളേറ്റു...

ന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരന്‍... തെരഞ്ഞെടുപ്പു പ്രചാരണം പൊടിപൊടിച്ചു മുന്നേറുമ്പോള്‍ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും മഹാകവി കുമാരനാശാന്റെ ഈ കാവ്യശകലം ഉള്ളില്‍ തികട്ടിവന്നാല്‍ അതിശയോക്തി വേണ്ട!
കൂപ്പുകൈയും മധുര ഭാഷണങ്ങളുമായി ചിരിതൂകിയെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാടാടെ ലഭിക്കുന്നത് സ്‌നേഹോഷ്മള സ്വീകരണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും കൊടിയുടെ നിറം നോക്കാതെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളെ വരവേല്‍ക്കുന്ന ആധുനിക കാലം.
വോട്ടുതേടിയെത്തുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കുപോലും ലഭിക്കുന്ന മറുപടി ഒന്നുതന്നെ ... സംശയം വേണ്ട. വോട്ട് ഇത്തവണ നിങ്ങള്‍ക്കുതന്നെ. കോഴിക്കോട്ടാണെങ്കില്‍ ബഷീറിയന്‍ ശൈലിയില്‍ ങ്‌ള് ഉശാറായി പൊയ്‌ക്കോളിന്‍ .... ങ്‌ടെ കാര്യം ഞമ്മളേറ്റു എന്നു ചുമലില്‍ തലോടിയുള്ള സ്‌നേഹഭാഷണം കേള്‍ക്കുമ്പോള്‍ ഏതു സ്ഥാനാര്‍ഥിയുടെ മനസാണ് കുളിര്‍ക്കാത്തത്. വീടുവീടാന്തരം കയറിയിറങ്ങി മുത്തശിയുടെ കാല്‍ തൊട്ടുവണങ്ങിയും പിഞ്ചുകുട്ടികളെ ആശ്ലേഷിച്ചും അവരെ കൈക്കുള്ളിലാക്കി എടുത്തുയര്‍ത്തിയും കുടുംബവോട്ട് റാഞ്ചുന്ന രീതിയൊക്കെ ഇന്നു അറുപഴഞ്ചന്‍.
വോട്ടിനുവേണ്ടി സ്ഥാനാര്‍ഥി കാട്ടുന്ന വിദ്യകളേക്കാള്‍ വലിയ തന്ത്രങ്ങള്‍ വോട്ടര്‍മാരും പഠിച്ചുകഴിഞ്ഞുവെന്നതിന്റെ അനുഭവപാഠമുള്ളവരാണ് പല രാഷ്ട്രീയ നേതാക്കളും. ആലപ്പുഴ ജില്ലയിലെ ഇത്തവണ വി.ഐ.പി. സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായൊരു മണ്ഡലത്തില്‍ മത്സരിച്ച ഇടതുഘടകകക്ഷി പാര്‍ട്ടിയുടെ സമുന്നത നേതാവിനെ തീരദേശ ഗ്രാമത്തിലെ വോട്ടര്‍മാര്‍ കയ്പ്പുനീര്‍ കുടിപ്പിച്ച സംഭവം എങ്ങനെ മറക്കാനാകും. പ്രചാരണത്തിനെത്തിയ സിറ്റിംഗ് എം.എല്‍.എ. കൂടിയായ അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയത് ആവേശോജ്വല സ്വീകരണം. പ്രജകളുടെ ആഹ്‌ളാദം കണ്ട് മനംനിറഞ്ഞു രാജാവിനെപ്പോലെ നില്‍ക്കുമ്പോഴാണ് സാറിനു ദാഹമുണ്ടോയെന്ന ചോദ്യം മഹിളാമണികളില്‍ ഒരുവളില്‍ നിന്നുണ്ടായത്. വോട്ടര്‍മാരുടെ ആഗ്രഹമല്ലേ, ദാഹമുണ്ട്. അല്‍പം കുടിനീരാകാമെന്ന് സ്ഥാനാര്‍ഥി. പുരയിടത്തിലെ കേരവൃക്ഷങ്ങളിലേക്ക് ഒളികണ്ണിട്ട് ഇളനീരാണ് ക്ഷീണമകറ്റാന്‍ ഉത്തമമെന്നൊരു കമന്റും സ്ഥാനാര്‍ഥി തട്ടിവിട്ടു. ഇളനീരോ? തേങ്ങയ്‌ക്കെന്താ വില. ഈ കരിക്കുമൂത്തു തേങ്ങയായി. അതുവെട്ടി വില്‍ക്കുന്ന കാശുകൊണ്ടാണു സാറെ ഞങ്ങള്‍ കഞ്ഞികുടിച്ചു ജീവിക്കുന്നതെന്നായി സ്ത്രീകളുടെ മറുപടി.
സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം കോരിയെടുത്ത് അവര്‍ സ്ഥാനാര്‍ഥിക്കു കുടിക്കാന്‍ നല്‍കി. ഈ വെള്ളം എങ്ങനെ കുടിക്കുമെന്നു ചോദിച്ചപ്പോള്‍ പേടിയൊന്നും വേണ്ട സാറേ, ഈ വെള്ളം കുടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നായിരുന്നു മറുപടി. അതോടെ നാട്ടുകാര്‍ തനിക്കുവേണ്ടിയൊരുക്കിയ വാരിക്കുഴിയാണിതെന്നു ബോധ്യപ്പെട്ട സ്ഥാനാര്‍ഥി പിന്‍വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഒരുകവിള്‍ വെള്ളം കുടിച്ചിട്ടുപോയാല്‍ മതിയെന്നായി മഹിളകള്‍. ആ ഒരുകവിള്‍ വെള്ളം കുടിച്ചാണു താന്‍ മടക്കയാത്ര ആരംഭിച്ചതെന്നു മാധ്യമപ്രവര്‍ത്തകരോടു തുറന്നുപറഞ്ഞത് സ്ഥാനാര്‍ഥി തന്നെ.
വോട്ടിനായി സാരിവിതരണമെന്നത് പുതിയ കഥയല്ല. പഴയ കഥയില്‍ സദ്യവട്ടവും മദ്യവിരുന്നുകളും വസ്ത്രവിതരണവും ഒരുക്കിയായിരുന്നു ഏറെക്കുറെ പരസ്യമായ വോട്ടുപിടുത്തം. മലയോരമേഖലയില്‍ ഒരിക്കല്‍ സ്ഥാനാര്‍ഥിയായ പ്രമുഖ അബ്കാരി മദ്യത്തില്‍ താല്‍പര്യമുള്ള പുരുഷ വോട്ടര്‍മാര്‍ക്കായി വിതരണംചെയ്തത് പച്ച, മഞ്ഞ നിറങ്ങളിലുള്ള കാര്‍ഡുകള്‍. പച്ച കാര്‍ഡു നല്‍കിയാല്‍ ബ്രാണ്ടിയും മഞ്ഞയ്ക്കു ചാരായവും പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു ലഭിക്കും. എന്നിട്ടും ഫലം വന്നപ്പോള്‍ അബ്കാരി സ്ഥാനാര്‍ഥി തോറ്റു തുന്നംപാടിയെന്നതു ചരിത്രം.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ദേവികുളം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എതിര്‍ പാര്‍ട്ടിയുടെ കൈയയച്ചുള്ള സഹായവിതരണങ്ങളായിരുന്നു ഇടതുസ്ഥാനാര്‍ഥിക്കു മുഖ്യ വെല്ലുവിളി. തമിഴ്‌വംശജര്‍ ഏറെയുള്ള ലയങ്ങളില്‍ അന്നു പ്രചാരണത്തിനു നേതൃത്വം വഹിച്ചത് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍.
പണവും വസ്ത്രവും വിതരണംചെയ്ത് വോട്ട് പിടിക്കുന്നതറിഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായര്‍ കളത്തിലിറങ്ങി. കവലകളിലെ പ്രചാരണവേദികളില്‍നിന്ന് അദ്ദേഹം സ്ത്രീകളോട് ചോദിച്ചു: നിങ്ങള്‍ക്ക് ചേല കിട്ടിയില്ലേ? കിട്ടിയെന്നു തലയാട്ടി മറുപടി. പുരുഷന്മാരോട് നിങ്ങള്‍ക്കു പണം കിട്ടിയില്ലേ? കിട്ടിയെന്നു മറുപടി. എല്ലാം വാങ്ങണം. അതു നമ്മുടെ പണമാണ്. പക്ഷേ, വോട്ട് നമ്മുടെ സ്ഥാനാര്‍ഥിക്കു തന്നെ ചെയ്യണമെന്ന എം.എമ്മെന്റെ നിര്‍ദേശം വോട്ടര്‍മാര്‍ പാലിച്ചുവെന്നാണ് ഫലം വന്നപ്പോള്‍ വ്യക്തമായത്.
ആധുനികകാലത്ത് ജനഹിതം മുന്‍കൂട്ടി അറിയുകയെന്നത് ചൊവ്വയില്‍ വെള്ളമുണ്ടോയെന്നു അന്വേഷിക്കുംപോലെ കഠിനമെന്നു സ്ഥാനാര്‍ഥികള്‍ പറയും. കൂടെ നില്‍ക്കുന്ന, തന്റെ ബഹുവര്‍ണ ചിത്രങ്ങള്‍ നിറഞ്ഞ പോസ്റ്ററുകള്‍ പതിക്കാന്‍ പോകുന്ന അനുയായിയുടെ വോട്ടുപോലും ഉറപ്പിക്കാനാകാത്ത അവസ്ഥ. പരഹൃദയജ്ഞാനം നേടാന്‍ പാരാസൈക്കോളജി കൊണ്ടും കഴിയില്ലെന്നു അനുഭവജ്ഞാനികള്‍ പറയും. പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം ഉറപ്പുകള്‍ എന്തായെന്ന്. അതുകൊണ്ടുതന്നെ വോട്ടര്‍പട്ടിക നോക്കി പാര്‍ട്ടി ഓഫീസുകള്‍ക്കുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന കണക്കുകൂട്ടലുകള്‍ പണ്ടേപോലെ ഫലിക്കില്ല. വോട്ടെണ്ണിത്തീരും വരെ സ്ഥാനാര്‍ഥികള്‍ക്കു ചങ്കിടിപ്പേറുക തന്നെ ചെയ്യും. അതിനായി കാത്തിരിക്കേണ്ടതോ, നീണ്ട മുപ്പതുദിനങ്ങള്‍.