Monday, April 4, 2011

ങ്‌ടെ കാര്യം ഞമ്മളേറ്റു...

ന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരന്‍... തെരഞ്ഞെടുപ്പു പ്രചാരണം പൊടിപൊടിച്ചു മുന്നേറുമ്പോള്‍ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും മഹാകവി കുമാരനാശാന്റെ ഈ കാവ്യശകലം ഉള്ളില്‍ തികട്ടിവന്നാല്‍ അതിശയോക്തി വേണ്ട!
കൂപ്പുകൈയും മധുര ഭാഷണങ്ങളുമായി ചിരിതൂകിയെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാടാടെ ലഭിക്കുന്നത് സ്‌നേഹോഷ്മള സ്വീകരണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും കൊടിയുടെ നിറം നോക്കാതെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളെ വരവേല്‍ക്കുന്ന ആധുനിക കാലം.
വോട്ടുതേടിയെത്തുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കുപോലും ലഭിക്കുന്ന മറുപടി ഒന്നുതന്നെ ... സംശയം വേണ്ട. വോട്ട് ഇത്തവണ നിങ്ങള്‍ക്കുതന്നെ. കോഴിക്കോട്ടാണെങ്കില്‍ ബഷീറിയന്‍ ശൈലിയില്‍ ങ്‌ള് ഉശാറായി പൊയ്‌ക്കോളിന്‍ .... ങ്‌ടെ കാര്യം ഞമ്മളേറ്റു എന്നു ചുമലില്‍ തലോടിയുള്ള സ്‌നേഹഭാഷണം കേള്‍ക്കുമ്പോള്‍ ഏതു സ്ഥാനാര്‍ഥിയുടെ മനസാണ് കുളിര്‍ക്കാത്തത്. വീടുവീടാന്തരം കയറിയിറങ്ങി മുത്തശിയുടെ കാല്‍ തൊട്ടുവണങ്ങിയും പിഞ്ചുകുട്ടികളെ ആശ്ലേഷിച്ചും അവരെ കൈക്കുള്ളിലാക്കി എടുത്തുയര്‍ത്തിയും കുടുംബവോട്ട് റാഞ്ചുന്ന രീതിയൊക്കെ ഇന്നു അറുപഴഞ്ചന്‍.
വോട്ടിനുവേണ്ടി സ്ഥാനാര്‍ഥി കാട്ടുന്ന വിദ്യകളേക്കാള്‍ വലിയ തന്ത്രങ്ങള്‍ വോട്ടര്‍മാരും പഠിച്ചുകഴിഞ്ഞുവെന്നതിന്റെ അനുഭവപാഠമുള്ളവരാണ് പല രാഷ്ട്രീയ നേതാക്കളും. ആലപ്പുഴ ജില്ലയിലെ ഇത്തവണ വി.ഐ.പി. സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായൊരു മണ്ഡലത്തില്‍ മത്സരിച്ച ഇടതുഘടകകക്ഷി പാര്‍ട്ടിയുടെ സമുന്നത നേതാവിനെ തീരദേശ ഗ്രാമത്തിലെ വോട്ടര്‍മാര്‍ കയ്പ്പുനീര്‍ കുടിപ്പിച്ച സംഭവം എങ്ങനെ മറക്കാനാകും. പ്രചാരണത്തിനെത്തിയ സിറ്റിംഗ് എം.എല്‍.എ. കൂടിയായ അദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കിയത് ആവേശോജ്വല സ്വീകരണം. പ്രജകളുടെ ആഹ്‌ളാദം കണ്ട് മനംനിറഞ്ഞു രാജാവിനെപ്പോലെ നില്‍ക്കുമ്പോഴാണ് സാറിനു ദാഹമുണ്ടോയെന്ന ചോദ്യം മഹിളാമണികളില്‍ ഒരുവളില്‍ നിന്നുണ്ടായത്. വോട്ടര്‍മാരുടെ ആഗ്രഹമല്ലേ, ദാഹമുണ്ട്. അല്‍പം കുടിനീരാകാമെന്ന് സ്ഥാനാര്‍ഥി. പുരയിടത്തിലെ കേരവൃക്ഷങ്ങളിലേക്ക് ഒളികണ്ണിട്ട് ഇളനീരാണ് ക്ഷീണമകറ്റാന്‍ ഉത്തമമെന്നൊരു കമന്റും സ്ഥാനാര്‍ഥി തട്ടിവിട്ടു. ഇളനീരോ? തേങ്ങയ്‌ക്കെന്താ വില. ഈ കരിക്കുമൂത്തു തേങ്ങയായി. അതുവെട്ടി വില്‍ക്കുന്ന കാശുകൊണ്ടാണു സാറെ ഞങ്ങള്‍ കഞ്ഞികുടിച്ചു ജീവിക്കുന്നതെന്നായി സ്ത്രീകളുടെ മറുപടി.
സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം കോരിയെടുത്ത് അവര്‍ സ്ഥാനാര്‍ഥിക്കു കുടിക്കാന്‍ നല്‍കി. ഈ വെള്ളം എങ്ങനെ കുടിക്കുമെന്നു ചോദിച്ചപ്പോള്‍ പേടിയൊന്നും വേണ്ട സാറേ, ഈ വെള്ളം കുടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നായിരുന്നു മറുപടി. അതോടെ നാട്ടുകാര്‍ തനിക്കുവേണ്ടിയൊരുക്കിയ വാരിക്കുഴിയാണിതെന്നു ബോധ്യപ്പെട്ട സ്ഥാനാര്‍ഥി പിന്‍വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഒരുകവിള്‍ വെള്ളം കുടിച്ചിട്ടുപോയാല്‍ മതിയെന്നായി മഹിളകള്‍. ആ ഒരുകവിള്‍ വെള്ളം കുടിച്ചാണു താന്‍ മടക്കയാത്ര ആരംഭിച്ചതെന്നു മാധ്യമപ്രവര്‍ത്തകരോടു തുറന്നുപറഞ്ഞത് സ്ഥാനാര്‍ഥി തന്നെ.
വോട്ടിനായി സാരിവിതരണമെന്നത് പുതിയ കഥയല്ല. പഴയ കഥയില്‍ സദ്യവട്ടവും മദ്യവിരുന്നുകളും വസ്ത്രവിതരണവും ഒരുക്കിയായിരുന്നു ഏറെക്കുറെ പരസ്യമായ വോട്ടുപിടുത്തം. മലയോരമേഖലയില്‍ ഒരിക്കല്‍ സ്ഥാനാര്‍ഥിയായ പ്രമുഖ അബ്കാരി മദ്യത്തില്‍ താല്‍പര്യമുള്ള പുരുഷ വോട്ടര്‍മാര്‍ക്കായി വിതരണംചെയ്തത് പച്ച, മഞ്ഞ നിറങ്ങളിലുള്ള കാര്‍ഡുകള്‍. പച്ച കാര്‍ഡു നല്‍കിയാല്‍ ബ്രാണ്ടിയും മഞ്ഞയ്ക്കു ചാരായവും പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു ലഭിക്കും. എന്നിട്ടും ഫലം വന്നപ്പോള്‍ അബ്കാരി സ്ഥാനാര്‍ഥി തോറ്റു തുന്നംപാടിയെന്നതു ചരിത്രം.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ദേവികുളം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എതിര്‍ പാര്‍ട്ടിയുടെ കൈയയച്ചുള്ള സഹായവിതരണങ്ങളായിരുന്നു ഇടതുസ്ഥാനാര്‍ഥിക്കു മുഖ്യ വെല്ലുവിളി. തമിഴ്‌വംശജര്‍ ഏറെയുള്ള ലയങ്ങളില്‍ അന്നു പ്രചാരണത്തിനു നേതൃത്വം വഹിച്ചത് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍.
പണവും വസ്ത്രവും വിതരണംചെയ്ത് വോട്ട് പിടിക്കുന്നതറിഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍നായര്‍ കളത്തിലിറങ്ങി. കവലകളിലെ പ്രചാരണവേദികളില്‍നിന്ന് അദ്ദേഹം സ്ത്രീകളോട് ചോദിച്ചു: നിങ്ങള്‍ക്ക് ചേല കിട്ടിയില്ലേ? കിട്ടിയെന്നു തലയാട്ടി മറുപടി. പുരുഷന്മാരോട് നിങ്ങള്‍ക്കു പണം കിട്ടിയില്ലേ? കിട്ടിയെന്നു മറുപടി. എല്ലാം വാങ്ങണം. അതു നമ്മുടെ പണമാണ്. പക്ഷേ, വോട്ട് നമ്മുടെ സ്ഥാനാര്‍ഥിക്കു തന്നെ ചെയ്യണമെന്ന എം.എമ്മെന്റെ നിര്‍ദേശം വോട്ടര്‍മാര്‍ പാലിച്ചുവെന്നാണ് ഫലം വന്നപ്പോള്‍ വ്യക്തമായത്.
ആധുനികകാലത്ത് ജനഹിതം മുന്‍കൂട്ടി അറിയുകയെന്നത് ചൊവ്വയില്‍ വെള്ളമുണ്ടോയെന്നു അന്വേഷിക്കുംപോലെ കഠിനമെന്നു സ്ഥാനാര്‍ഥികള്‍ പറയും. കൂടെ നില്‍ക്കുന്ന, തന്റെ ബഹുവര്‍ണ ചിത്രങ്ങള്‍ നിറഞ്ഞ പോസ്റ്ററുകള്‍ പതിക്കാന്‍ പോകുന്ന അനുയായിയുടെ വോട്ടുപോലും ഉറപ്പിക്കാനാകാത്ത അവസ്ഥ. പരഹൃദയജ്ഞാനം നേടാന്‍ പാരാസൈക്കോളജി കൊണ്ടും കഴിയില്ലെന്നു അനുഭവജ്ഞാനികള്‍ പറയും. പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം ഉറപ്പുകള്‍ എന്തായെന്ന്. അതുകൊണ്ടുതന്നെ വോട്ടര്‍പട്ടിക നോക്കി പാര്‍ട്ടി ഓഫീസുകള്‍ക്കുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന കണക്കുകൂട്ടലുകള്‍ പണ്ടേപോലെ ഫലിക്കില്ല. വോട്ടെണ്ണിത്തീരും വരെ സ്ഥാനാര്‍ഥികള്‍ക്കു ചങ്കിടിപ്പേറുക തന്നെ ചെയ്യും. അതിനായി കാത്തിരിക്കേണ്ടതോ, നീണ്ട മുപ്പതുദിനങ്ങള്‍.

No comments:

Post a Comment