Saturday, April 17, 2010

ക്യാന്‍വാസിലെ അണ്ണന്‍തമ്പി

ലാഭവന്‍ മണി നായകനാകുന്ന ക്യാന്‍വാസ് എന്ന സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അനുജന്‍ കണ്ണനെന്ന ആര്‍.എല്‍.വി രാമകൃഷ്ണന്‍ സിനിമാ ലോകത്ത് സജീവമാകുകയാണ്. ഷാജി രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ക്യാന്‍വാസില്‍ സംസ്‌കൃത നാടകങ്ങളെ ആസ്പദമാക്കി വിദൂഷകന്റെ
രൂപഭേദങ്ങളോടെയുള്ള രാമു എന്ന കഥാപാത്രമായാണ് രാമകൃഷ്ണന്‍ അഭിനയിക്കുന്നത്. ക്യാന്‍വാസ് മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.
     ബാംബൂ ബോയ്‌സ്, ക്വട്ടേഷന്‍, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിംഗ് എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങള്‍ ചെയ്തിട്ടുള്ള രാമകൃഷ്ണന്‍ കായംകുളം കൊച്ചുണ്ണി മെഗാ സീരിയലിലെ അബൂട്ടിയായാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരനാകുന്നത്.ക്യാന്‍വാസിലെ രാമുവും അതുപോലെ ശക്തമായ കഥാപാത്രം തന്നെയെന്ന് രാമകൃഷ്ണന്‍ . എട്ടാം വയസില്‍ നൃത്ത രംഗത്തെത്തി ഇപ്പോള്‍ മോഹിനിയാട്ടത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന രാമകൃഷ്ണനു നൃത്തമാണു ജീവിതം. നൃത്തരംഗത്തു മുന്നേറാനുള്ള ചവിട്ടു പടി മാത്രമാണു സിനിമയെന്നു ഈ യുവാവ് പറയുന്നു.
  
നൃത്തം......ജീവിതം...
  
സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നൃത്തത്തോടായിരുന്നു കമ്പം. അന്നത്തെ അന്നത്തിനു പോലും കഷ്ടപ്പെടുന്ന കുടംബത്തിലെ അംഗമായതിനാല്‍ നൃത്ത പഠനം കടുത്ത വെല്ലുവിളിയായി. അഞ്ചു സഹോദരിമാരടക്കം ഞങ്ങള്‍ എട്ടു മക്കളായിരുന്നു.എങ്കിലും മണിച്ചേട്ടനടക്കം എല്ലാവരും പ്രോത്സാഹിപ്പിച്ചു. തൃപ്പുണ്ണിത്തുറ ആര്‍.എല്‍.വി കോളജില്‍ നിന്നു മോഹിനിയാട്ടത്തില്‍ ഡിപേ്‌ളാമയും പോസ്റ്റ് ഡിപേ്‌ളാമ ഒന്നാം ക്‌ളാസോടെയും പാസായി. തുടര്‍ പഠനം എം.ജി സര്‍വ്വകലാശാലയിലായിരുന്നു. അവിടെ ഒന്നാം റാങ്കോടെ വിജയിച്ചു. കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയില്‍ നിന്നു എം.ഫില്ലും ഒന്നാം റാങ്കില്‍ പാസായി. ഒരു വര്‍ഷം മുമ്പാണു പി.എച്ച്.ഡിക്കു ചേര്‍ന്നത്.അധികം വൈകാതെ തന്നെ ഡോക്ടറേറ്റ് സ്വന്തമാക്കാനാകുമെന്ന് ആശിക്കുന്നു. ആറു സ്ഥാപനങ്ങളിലായി 1500 ഓളം കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.

സിനിമ....

 മണിചേട്ടന്‍ സിനിമയിലെത്തും മുമ്പ് നൃത്തം അവതരിപ്പിച്ചു തുടങ്ങിയതാണ്. സിനിമയോട് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു.സ്റ്റാര്‍ വാല്യൂ ഇല്ലാത്ത നര്‍ത്തകരെ പലര്‍ക്കും വേണ്ടെന്ന അവസ്ഥയാണിന്നു നമ്മുടെ നാട്ടിലുള്ളത്. വിളിച്ചാല്‍ തന്നെ മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാത്ത സാഹചര്യം. അതുകൊണ്ടാണു സിനിമാഭിനയം ആവശ്യമാണെന്നു തോന്നിയത്.സിനിമയിലൂടെ നൃത്ത രംഗത്തു മുന്നേറുകയാണു ലക്ഷ്യം.  മണിച്ചേട്ടന്‍ ഹാസ്യ നടനായെത്തി നായകനായും പ്രതിനായകനുമായെല്ലാം തിളങ്ങി.എന്നാല്‍ ഹാസ്യത്തിന്റെ വഴി എനിക്കു വഴങ്ങില്ല. കാരക്ടര്‍ റോളുകള്‍ ചെയ്യാനാണു താല്‍പര്യം.

ഭാവി പദ്ധതികള്‍......

വിവാഹം എന്തായാലും അടുത്തെങ്ങുമില്ല. മോഹിനിയാട്ടത്തില്‍ ഏറെ പഠിക്കണമെന്നുണ്ട്. സിനിമയില്‍ ഏറെ അവസരങ്ങള്‍ വരുന്നുണ്ട്. ഒരു സ്വപ്ന പദ്ധതിയാണു എന്റെയും മണിച്ചേട്ടന്റെയും മനസ്സില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ ജീവിത കഥ സിനിമയാക്കുക എന്നതാണത്. ജ്യേഷ്ഠാനുജന്‍മാരായി ഞങ്ങള്‍ അഭിനയിക്കും. കഥയും തിരക്കഥയും സംവിധാനവുമൊന്നും ഞങ്ങളായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ചേട്ടന്‍ തന്നെ പിന്നീടു വെളിപ്പെടുത്തും.

Thursday, April 1, 2010

നിഴല്‍ മൂടിയ നിറങ്ങള്‍

ഘന ഗാംഭീര്യമുള്ള ശബ്ദവും പരുക്കന്‍ രൂപഭാവങ്ങളുമായി എരിഞ്ഞടങ്ങാത്ത കനലുകള്‍ പോലെ ഒരുപിടി കഥാപാത്രങ്ങളെ ബാക്കിയാക്കി അച്ചന്‍കുഞ്ഞ് വിടചൊല്ലിയിട്ട് കഴിഞ്ഞ ജനുവരി പതിനാറിനു 23 വര്‍ഷങ്ങള്‍ കഴിഞ്ഞു. അധികമാരും അറിയാതെ ഒരു ചരമദിനം കൂടി കടന്നു പോകുമ്പോഴും അച്ചന്‍കുഞ്ഞ് എന്ന മനുഷ്യന്റെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ പങ്കിടാന്‍ കോട്ടയം കച്ചേരിക്കടവ് ബോട്ടുജെട്ടിക്കു സമീപമുള്ള നെല്ലിശേരി വീട്ടില്‍ രണ്ടു പേരുണ്ട്... ഭാര്യ അച്ചാമ്മ അച്ചന്‍കുഞ്ഞും മകന്‍ സാജന്‍ അച്ചന്‍കുഞ്ഞും...


ച്ചേരിക്കടവിനും പറയാനുണ്ട് പ്രിയപ്പെട്ട അച്ചന്‍കുഞ്ഞിനെകുറിച്ച് ഒത്തിരി സ്മരണകള്‍... ജീവിതഭാരം പേറാനുള്ള തത്രപ്പാടില്‍ അച്ചന്‍കുഞ്ഞിന്റെ വിയര്‍പ്പു കണങ്ങള്‍ ഒരുപാടു വീണ മണ്ണാണിത്. ബോട്ടുജെട്ടിയിലെ ചുമട്ടു തൊഴിലാളിയായും നാടകക്കാരനായും നാടകസമിതി ഉടമയായും ഒടുവില്‍ സിനിമാ നടനായുമെല്ലാം കച്ചേരിക്കടവിനെ അതിശയിപ്പിച്ച അച്ചന്‍കുഞ്ഞ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ടു തികയാറായെന്നു വിശ്വസിക്കാന്‍ പ്രദേശവാസികള്‍ക്കും വൈഷമ്യമുള്ളതു പോലെ....


ജീവിതയാത്രയില്‍ അച്ഛനെ അനുഗമിക്കാനുറച്ച് പാതിവഴിയില്‍ പിന്‍വാങ്ങേണ്ടി വന്ന മകന്‍ സാജനു പിന്നിട്ട കാലത്തെക്കുറിച്ച് പറയാനേറെയുണ്ട്.... സിനിമയെക്കുറിച്ച്... സിനിമാക്കാരെക്കുറിച്ച്.... നാടകത്തെക്കുറിച്ച്.... കുടുംബത്തെക്കുറിച്ച്.


അച്ഛന്‍ പ്രാണന്‍ പോലെ കരുതിയ നാടകത്തോടായിരുന്നു സാജനും ഇഷ്ടം. അച്ഛന്റെ കൈപിടിച്ച് നാടക ക്യാമ്പുകളില്‍ ബാല്യ കൗമാരങ്ങള്‍ ചെലവഴിച്ച സാജന്‍ അദ്ദേഹത്തിന്റെ വേര്‍പാടിനു ശേഷമാണു നാടക സമിതി രൂപീകരിച്ചത്. അഞ്ചു വര്‍ഷം തികയും മുമ്പേ സമിതി പിരിച്ചു വിടേണ്ടിവന്നു. പിന്നീട് അച്ചന്‍കുഞ്ഞിന്റെ സ്മരണയ്ക്കായി സാംസ്‌കാരിക സമിതി രൂപീകരിച്ച് പ്രൊഫഷണല്‍ നാടക മത്സരം നടത്തിയപ്പോഴും കയ്‌പേറിയ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ജീവിച്ചിരുന്നപ്പോള്‍ അച്്ചനൊപ്പം സൗഹൃദ സദസുകള്‍ ഒരുക്കിയവര്‍ പിന്നീട് ഈ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. അച്ചന്‍കുഞ്ഞിന്റെ ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബം ഇന്നു സിനിമാ ലോകത്തുനിന്ന് ഏറെ അകലെയാണ്. സ്വന്തം ജീവിതത്തെക്കുറിച്ചും അച്ഛന്റെ ജീവിതത്തെക്കുറിച്ചും സാജന്‍ അച്ചന്‍കുഞ്ഞ് മനസുതുറക്കുന്നു...........

അരങ്ങിലെ നടന്‍ അണിയറയില്‍ ചുമട്ടുതൊഴിലാളി

ഓര്‍മ്മവയ്ക്കുന്ന കാലത്ത് തലയില്‍ തോര്‍ത്തുകെട്ടി ബോട്ടു ജെട്ടിയില്‍ ചുമടെടുക്കുന്ന അച്ഛന്റെ രൂപമാണുള്ളത്. അന്നു ഞങ്ങള്‍ ഓലകുടിലിലായിരുന്നു താമസം. അമ്മ മണര്‍കാട് പൂപ്പട കുടുംബാംഗമാണ്. പണികഴിഞ്ഞു വീട്ടിലെത്തിയാല്‍ അച്ഛന്‍ ജീവിത വേഷം അഴിച്ചുവച്ച് നാടകക്കാരനാകും.പിന്നീട് നാടക വണ്ടികളില്‍ ഉത്സവപ്പറമ്പുകളിലേക്ക്. അച്ഛന് എന്നും തിരക്കോടു തിരക്ക്. ഉറക്കം തന്നെ ഉപേക്ഷിച്ച കാലം. ദേശാഭിമാനി തീയേറ്റേഴ്‌സ്, നാഷണല്‍ തീയേറ്റേഴ്‌സ്, കെ.പി.എ.സി , അടൂര്‍ ജയ, വൈക്കം വിപഞ്ചിക തുടങ്ങിയ ട്രൂപ്പുകളുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. വിപഞ്ചികയിലെ ആരാച്ചാരുടെ വേഷവും വിഗ്രഹം, സൗരയൂഥം, സെന്റ് പോള്‍, ട്രിപ്പീസിയം തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളൂം അച്ഛന് ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. എന്നാല്‍ വരുമാനം തുച്ഛമായിരുന്നു. നാലു സ്‌റ്റേജുകള്‍ കളിച്ചാല്‍ അഞ്ചാം സ്‌റ്റേജിലെ പ്രതിഫലം പൂര്‍ണമായും സമിതി ഉടമക്ക് എന്നതായിരുന്നു അക്കാലത്തെ നാട്ടുനടപ്പ്. എഴുപതുകളുടെ അവസാനമാണ് വിഗ്രഹത്തിലെ അഭിനയം. ഞങ്ങള്‍ കറിയാച്ചനെന്നു വിളിക്കുന്ന പ്രേംപ്രകാശ് കണ്ടത്. അതു ഭരതന്റെ ലോറി എന്ന സിനിമയില്‍ നായകനാകാനുള്ള നിമിത്തമായി.


മദ്രാസില്‍ പോയി പത്മരാജനെയും ഭരതനെയും കാണാന്‍ പറഞ്ഞത് പ്രേംപ്രകാശാണ്. യാത്രാ ചെലവിനു പണമില്ലാതെ ബുദ്ധിമുട്ടിയ അച്ഛനു ബന്ധുവായ ജോയി കുറച്ചു രൂപ നല്‍കി. 90 രൂപയില്‍ താഴെയായിരുന്നു അന്നത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്ക്. പത്മരാജന്റേതായിരുന്നു ലോറിയുടെ കഥ. അന്നത്തെ സൂപ്പര്‍ താരമായ ജയനെയും സംവിധായകന്‍ ഐ.വി.ശശിയേയും വച്ചു പടമെടുക്കാനായിരുന്നു പലരുടേയും ഉപദേശം. എന്നാല്‍ പത്മരാജനതൊന്നും ചെവിക്കൊണ്ടില്ല. തന്റെ കഥയ്ക്ക് ഇണങ്ങുന്നവര്‍ തന്നെ വേണമെന്ന പത്മരാജന്റെ അഭിപ്രായം നിര്‍മ്മാതാവ് ഹരിപോത്തന്‍ പൂര്‍ണമായും സമ്മതിച്ചു. മദ്രാസിലെ ഹോട്ടലില്‍ എത്തിയ അച്ഛന്റെ ആരെയും കൂസാത്ത ശരീരഭാഷ ഇഷ്ടപ്പെട്ട പത്മരാജനും സംവിധായകന്‍ ഭരതനും ഹരിപോത്തനും നായക കഥാപാത്രമായ സര്‍ക്കസുകാരന്‍ വേലന്റെ റോള്‍ അച്ഛനു നല്‍കി. ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയായി. 1980 ല്‍ പുറത്തിറങ്ങിയ ലോറി വന്‍ വിജയമായി. യുവാക്കള്‍ക്കിടയില്‍ ഈ ചിത്രം പുതിയ ട്രെന്‍ഡായി. പിന്നെ കൈ നിറച്ചു ചിത്രങ്ങള്‍. ആദ്യ ചിത്രത്തിലെ അഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡും.

വെള്ളിത്തിരയ്ക്കുമപ്പുറം

സിനിമാലോകം നാം പുറത്തു നിന്നു കാണുന്നതില്‍ നിന്നും പാടേ വ്യത്യസ്തമാണെന്നു അച്ഛന്‍ പലപ്പോഴും പറയുമായിരുന്നു. സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും പാരവയ്ക്കുന്നവരും ഉപദ്രവിക്കുന്നവരുമെല്ലാം ഒത്തു ചേരുന്ന വലിയൊരു കൂടാരമാണത്രേ സിനിമ. ആറു വര്‍ഷം കൊണ്ട് അച്ഛന്‍ 46 സിനിമകളില്‍ അഭിനയിച്ചു. ആകെയുണ്ടായ സമ്പാദ്യം വീടായിരുന്നു. സൗഹൃദങ്ങള്‍ക്കു വേണ്ടി അച്ഛന്‍ എന്തും നല്‍കുമായിരുന്നു. മദ്യപനെന്ന ആക്ഷേപം ഒരു സൂപ്പര്‍താരം ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും അഭിനയത്തെ തെല്ലും ബാധിക്കാതിരിക്കാന്‍ അച്ഛന്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. സിനിമാരംഗത്ത് അച്ഛനോട് പ്രത്യക്ഷത്തില്‍ മത്സരിച്ചവരില്‍ ബാലന്‍ കെ.നായരെക്കുറിച്ചു പറയാതിരിക്കാനാകില്ല.ലോറിയുടെ ഷൂട്ടിംഗിനിടെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോള്‍ ബാലന്‍ കെ. ശരിക്കും അടിച്ചു. നട്ടെല്ലിനു ക്ഷതം സംഭവിച്ചു മൂന്നാഴ്ച അച്ഛന്‍ ആശുപത്രിയില്‍ കിടന്നു. ചെമ്മീന്‍കെട്ട് എന്ന സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗിനിടെ ബാലന്‍ കെ.യുടെ പങ്കായം കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റു. മൂന്നു മാസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. എങ്കിലും അച്ഛന്‍ മരിച്ചപ്പോള്‍ അവസാനമായി ഒരുനോക്കു കാണാത്തെിയ സിനിമാ ലോകത്തു നിന്നുള്ള ചുരുക്കം ചിലരില്‍ ബാലന്‍ കെ. നായരുണ്ടായിരുന്നു. കണ്ണീര്‍ നിറഞ്ഞ കണ്ണുകളുമായി അദ്ദേഹം മൃതദേഹത്തിനരികെ നിന്ന കാഴ്ച മനസില്‍ നിന്നു മായുന്നില്ല.

പ്രേം നസീറിനെക്കുറിച്ചും ഒത്തിരി ഓര്‍മ്മകളുണ്ട്. ടി.കെ. ബാലചന്ദ്രന്റെ കാട്ടുകള്ളന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണു ലോറിയിലെ കഥാപാത്രത്തിനു അവാര്‍ഡുണ്ടെന്ന വിവരം റേഡിയോ വാര്‍ത്തയിലൂടെ അറിഞ്ഞത്. ഉടന്‍ 101 രൂപയുടെ പണക്കിഴി നല്‍കിയാണു പ്രേംസസീര്‍ ആഹഌദം പങ്കിട്ടത്. നസീര്‍ സാര്‍ അങ്ങനെയായിരുന്നു. സ്വന്തം പ്രവൃത്തികളിലൂടെയാണു അദ്ദേഹം മറ്റുള്ളവരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയത്. ആട്ടക്കലാശം സിനിമയുടെ ചിത്രീകരണം ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ നസീര്‍ സാര്‍ സെറ്റിലേക്കു കടന്നു വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു ബഹുമാനം പ്രകടിപ്പിക്കുന്നതു കണ്ടു. അതൊരിക്കലും അദ്ദേഹത്തിനു ഇഷ്ടമായിരിക്കില്ല. ഉറപ്പ്. കരള്‍ രോഗം മൂര്‍ഛിച്ച് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അച്ഛന്‍ 1987 ജനുവരി പതിനാറിനാണു ചമയങ്ങളില്ലാത്ത ലോകത്തേക്കു യാത്രയായത്. അവസാന കാലത്ത് സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ മരുന്നു വാങ്ങാനൊക്കെ സഹായിച്ചത് സെഞ്ചുറി ഫിലിംസിലെ രാജുവാണ്. മരണാന്തരം കുടുംബത്തിനു തണലേകാന്‍ ജൂബിലി ജോയ് തോമസുമെത്തി. ഇവരെ നന്ദിയോടെയല്ലാതെ സ്മരിക്കാനാകില്ല.

അച്ഛന്റെ സ്മരണയില്‍ നാടകരംഗത്തേക്ക്

അച്ഛന്‍ മരിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പരുത്തുംപാറ സ്വദേശിയായ കുഞ്ഞുമോനുമായി ചേര്‍ന്നു സഹൃദയ കലാസമിതി രൂപീകരിച്ചത്. കച്ചേരിക്കടവിലെ വാടക കെട്ടിടമായിരുന്നു ഓഫീസ്. അച്ഛന്റെ സ്വന്തം സമിതിയായിരുന്ന കലാസേനയുടെ തുടര്‍ച്ചപോലെ പ്രവൃത്തിക്കാനായിരുന്നു താല്പര്യം. അഞ്ചു നാടകങ്ങള്‍ ചെയ്തു. പ്രതിവര്‍ഷം 250 ഓളം സ്‌റ്റേജുകള്‍ കളിച്ചു. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തടസമായി. ട്രൂപ്പ് നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ മിമിക്‌സ്, ഗാനമേള ട്രൂപ്പുകള്‍ പോകുന്ന പോലെ പണ്ടൊക്കെ വടക്കേ ഇന്ത്യന്‍ പര്യടനത്തിനു നാടക സമിതികള്‍ പോകുമായിരുന്നു. രണ്ടു മാസമെങ്കിലും മലയാളി സംഘടനകളുടെ പരിപാടികളില്‍ നാടകാവതരണവും മെച്ചപ്പെട്ട പ്രതിഫലവും ഉറപ്പായിരുന്നു. പില്‍ക്കാലത്ത് മലയാള നാടകങ്ങളുടെ അവതരണ മേഖല ചെറുതായി ചുരുങ്ങി.

അച്ചന്‍കുഞ്ഞ് സ്മാരക സാംസ്‌കാരിക സമിതി രൂപീകരിച്ച് 1999 ജനുവരിയില്‍ കോട്ടയം തിരുനക്കര മൈതാനത്ത് പ്രൊഫഷണല്‍ നാടക മത്സരം നടത്തി. സിനിമാരംഗത്തുള്ള പലരുടേയും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ജഗതി ശ്രീകുമാര്‍ മാത്രം 2000 രൂപ തന്നു. പരിപാടി മുക്കാല്‍ ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കി. പിന്നീട് പല ജോലികള്‍ ചെയ്തു. ഇപ്പോള്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ കോട്ടയം ആനന്ദ് തീയേറ്ററിലാണു ജോലി. ഭാര്യ കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ നേഴ്‌സാണ്.രണ്ടു മക്കളും പഠിക്കുന്നു. സഹോദരി ലിസമ്മ അച്ചന്‍കുഞ്ഞ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാഞ്ഞിരത്താണു താമസം.

സിനിമാരംഗത്തുള്ള ആരുമായും ഇപ്പോള്‍ ബന്ധമില്ല. അമ്മ ഉള്‍പ്പടെയുള്ള സംഘടനകള്‍ അന്നും ഉണ്ടായിരുന്നു. മണ്‍മറഞ്ഞു പോയ ഇത്തരം അഭിനേതാക്കളുടെ സ്മരണ നിലനിര്‍ത്താന്‍ അവരൊന്നും ചെയ്യുന്നില്ല. ചരമ ദിനങ്ങളില്‍ ഒരു നിലവിളക്ക് തെളിയിച്ച് അനുസ്മരിക്കാനും ആര്‍ക്കും സമയമില്ല. പല സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് വീട്ടില്‍ വന്നിട്ടുണ്ട്. തിരക്കാണെന്നു പൊതുവേ പറയാമെങ്കിലും ഈ നാട്ടിലൂടെ കടന്നു പോകുമ്പോഴെങ്കിലും ഇവര്‍ക്കു ഒന്നു തിരക്കിക്കൂടേയെന്നു സാജന്‍ ചോദിക്കുന്നു.

അച്ചന്‍കുഞ്ഞ് അഭിനയിച്ച് അനശ്വരമാക്കിയ സിനിമകളുടെ ചിത്രങ്ങളും ലഭിച്ച നിരവധി അവാര്‍ഡുകളും മൊമെന്റോകളും നെല്ലിശേരി വീട്ടിലാകെ അദ്ദേഹത്തിന്റെ സാന്നിധ്യം സൃഷ്ടിക്കുന്നതു പോലെ തോന്നും. പരുക്കന്‍ ശബ്ദവും തീക്ഷ്ണ ദൃഷ്ടിയുമായി അസാധാരണമായ മുഖചലനങ്ങളോടെ അച്ചന്‍കുഞ്ഞിന്റെ ആത്മാവ് ഈ വീട്ടില്‍ത്തന്നെയുണ്ടെന്നു വിശ്വസിക്കുന്നവരാണു നെല്ലിമൂട്ടില്‍ കുടുംബാംഗങ്ങളും നാട്ടുകാരും.