Wednesday, March 30, 2011

അരിയേക്കാള്‍ വിലയുള്ള ചിരി

കേരള രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടി കണ്ണൂര്‍ എം.എല്‍.എ. എ.പി. അബ്ദുള്ളക്കുട്ടിയുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിക്കു പിന്നിലൊരു രഹസ്യമുണ്ട്... ദന്തഡോക്ടറായ പ്രിയതമ വി.എന്‍. റോസിന.
വിപ്ലവവീര്യം നിറഞ്ഞ യൗവനകാലത്തു ചിരി പുറത്തു കാട്ടാന്‍ മടിച്ച തന്നെ പുഞ്ചിരിയുടെ ലോകത്തേക്കു നയിച്ചതു റോസിനയാണെന്നു തുറന്നു സമ്മതിച്ചത് അബ്ദുള്ളക്കുട്ടി തന്നെ. ചിരിയൊതുക്കാന്‍ മുഖത്തെ 16 പേശികളെ ദൃഢപ്പെടുത്തുമ്പോള്‍ അവയില്‍ പത്തു പേശികള്‍ അയച്ചാല്‍ വിരിയുന്ന സുന്ദരമായ ചിരി മനുഷ്യന് ഒട്ടേറെ സൗഹൃദങ്ങള്‍ നേടിത്തന്നേക്കാമെന്ന ഡോ. റോസിനയുടെ ഉപദേശത്തില്‍ വീണ അബ്ദുള്ളക്കുട്ടി തുടര്‍ന്നുള്ള രാഷ്ട്രീയത്തില്‍ ചിരി കൂടെക്കൂട്ടി. കേരള രാഷ്ട്രീയത്തില്‍ ചിരിച്ചും ചിന്തിപ്പിച്ചും ഒട്ടേറെ അനുയായികളെയും ആരാധകരെയും സൃഷ്ടിച്ച സഖാവ് നായനാരുടെ നാട്ടില്‍ അബ്ദുള്ളക്കുട്ടി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇടതു മാറി വലതു ചേരിയില്‍ ചേക്കേറിയിട്ടും കണ്ണൂരിലാകെ ചിരി പ്രസരിപ്പിച്ച് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് എം.എല്‍.എ.യുമായി. ജനവിധി തേടി വീണ്ടുമെത്തുമ്പോഴും ആ മുഖത്തു കളിയാടുന്നതു ചിരി തന്നെ.
തെരഞ്ഞെടുപ്പുകാലം ചിരിയുടേതാണ്. ഗൗരവപ്രകൃതമെങ്കിലും ബാലറ്റ് പെട്ടിയില്‍ വോട്ട് നിറയ്ക്കാന്‍ ചെറു ചിരിയെങ്കിലും ചുണ്ടില്‍ വരുത്താത്ത സ്ഥാനാര്‍ഥികളെ പ്രചരണരംഗത്തു കാണാനാകുമോ? മന്ദസ്മിതം, മൃദുസ്മിതം, പുഞ്ചിരി, മൂകമായ ചിരി, ഓര്‍മച്ചിരി, പൊട്ടിച്ചിരി, മന്ദഹാസം, അലറിച്ചിരി തുടങ്ങി നാനാതരം ചിരികള്‍ വോട്ടര്‍ക്കു മുമ്പില്‍ തെളിയുന്ന കാലം. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും ഒരേപോലെകണ്ട മന്ദസ്മിതവുമായി ഉമ്മന്‍ചാണ്ടി പഴയ കുഞ്ഞൂഞ്ഞായി പുതുപ്പള്ളിയില്‍ വോട്ടു തേടുന്നു. കാഴ്ചയില്‍ ഗൗരവക്കാരനെന്നു തോന്നുമെങ്കിലും മട്ടന്നൂരെ ജനങ്ങള്‍ക്കിടയില്‍ കൈ കൂപ്പിയെത്തുന്ന ഇ.പി. ജയരാജന്റെ മുഖത്തു പുഞ്ചിരി എല്ലായ്‌പ്പോഴും ദൃശ്യം. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊട്ടിച്ചിരിയുടെ ഇഷ്ടക്കാരന്‍. തുടുത്ത കവിളുകളില്‍ നുണക്കുഴികള്‍ നിറച്ച തുറമുഖമന്ത്രി വി. സുരേന്ദ്രന്‍പിള്ളയുടെ ചിരിക്കു രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുമപ്പുറം ആരാധകരേറെ. കുഞ്ഞുമാണിയെന്ന മാണി സാറിന്റെ നിറഞ്ഞ ചിരി കണികണ്ടുണരുകയെന്നതു തന്നെ ഭാഗ്യമെന്നു വിശ്വസിക്കുന്ന പാലാക്കാര്‍ ഏറെ.
കരുണാകര രീതിയില്‍ മേല്‍ദന്തങ്ങള്‍ പുറത്തുകാട്ടി കെ. മുരളീധരന്‍ ചിരി തൂകുമ്പോള്‍ അനുയായികളുടെ മനം നിറയും. രമേശ് ചെന്നിത്തല പൊട്ടിച്ചിരിക്കുമ്പോഴാകട്ടെ നേത്രങ്ങള്‍ ഉള്‍വലിയും. വലിയ ജനക്കൂട്ടത്തിനിടയിലേക്കു നര്‍മം വിതറി, കൈയടിയും ചിരിയും കൊയ്‌തെടുക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൂമുഖത്ത് അതു കാണുമ്പോഴാണു മന്ദസ്മിതം വിടരുക. സഹകരണ മന്ത്രി ജി.സുധാകരനും ദേവസ്വംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ഇനി ചിരിക്കാതെ നിവൃത്തിയില്ല. വി.എന്‍. വാസവനും സുരേഷ് കുറുപ്പും ഡോ. തോമസ് ഐസക്കും അബ്ദുള്‍ഖാദറും താടിയിലൊളിപ്പിച്ച ചിരിയുമായാണു ജനങ്ങളെ അഭിമുഖീകരിക്കുന്നത്. വോട്ടര്‍മാരെ ചിരിപ്പിക്കുന്ന പി.സി. ജോര്‍ജിനുവേണ്ടി മകന്റെ ഭാര്യാപിതാവ് സിനിമാതാരം ജഗതി ശ്രീകുമാര്‍ തന്നെ ഇത്തവണ പൂഞ്ഞാറില്‍ ചിരി പടര്‍ത്താന്‍ എത്തുമെന്നാണു വിവരം.
തെരഞ്ഞെടുപ്പു പര്യടനത്തിനിടെ വീണു കാലിന്റെ അസ്ഥി പൊട്ടിയ ധര്‍മ്മടത്തെ ഇടതുസ്ഥാനാര്‍ഥി കെ.കെ. നാരായണന്‍ വേദന കടിച്ചമര്‍ത്തി ഇക്കുറി ചിരിക്കണം. മുമ്പ് എ.കെ. ആന്റണിക്കെതിരേ ചേര്‍ത്തലയില്‍ പടയ്ക്കിറങ്ങിയപ്പോള്‍ ഇപ്പോഴത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും ഇതുപോലെ വേദനച്ചിരി ചിരിക്കേണ്ടി വന്നു. അന്ന് ആശുപത്രി കിടക്കയില്‍ വന്നു കണ്ട ആന്റണി ആദ്യം പ്രകടിപ്പിച്ച വികാരം ചെറുചിരി. മറുപടിയായി ചന്ദ്രപ്പന്‍ കൈമാറിയതു പുഞ്ചിരി.
സ്വതന്ത്ര സര്‍വവിജ്ഞാന കോശമായ വിക്കിപീഡിയയില്‍മുഖത്ത് പ്രത്യേകിച്ചു വായയുടെ ഇരുവശവുമുള്ള പേശികള്‍ ചലിപ്പിച്ചു പ്രകടമാക്കുന്ന ഒരു ഭാവമെന്നാണു ചിരിക്കു നല്‍കിയ വിവക്ഷ. കണ്ണുകള്‍ക്കു ചുറ്റിലുമായി ചിരി പ്രകടമാകും. മനുഷ്യരില്‍ സന്തുഷ്ടി. സന്തോഷം, ആഹ്‌ളാദം എന്നിവ വ്യക്തമാക്കുന്ന ഭാവപ്രകടനമാണിത്. എന്നാല്‍, പകല്‍ രാത്രി ദേഭമില്ലാതെ തുടരുന്ന പ്രചാരണ യാത്രയില്‍ ഹൈ വോള്‍ട്ടും മില്യണ്‍ ഡോളര്‍ ചിരിയും സമ്മാനിക്കാന്‍ നിര്‍ബന്ധിതരാകുന്ന സ്ഥാനാര്‍ഥികള്‍ ഒടുവില്‍ പറയും... ചിരിച്ചുമടുത്തു.
ബൂത്തുകളില്‍ വിരലില്‍ മഷി പടരും മുമ്പ് ആഴത്തില്‍ തുറക്കുന്ന ചിരികളുമായി അവര്‍ നമ്മെ വീണ്ടും തേടിയെത്തുകയാണ്... തെരഞ്ഞെടുപ്പു രംഗത്തു നിന്നു വിരമിച്ച പഴയൊരു രാഷ്ട്രീയ പടക്കുതിര പറഞ്ഞതിങ്ങനെ.... ആദ്യമൊക്കെ ചിരിച്ചത് ആത്മാര്‍ഥമായിട്ടു തന്നെയായിരുന്നു. അന്തസാരശൂന്യമെന്ന് ആളുകള്‍ കരുതിയെങ്കിലും. പിന്നെപ്പിന്നെ ചിരി വിളിപ്പുറത്തു വരാതെയായി. ചിരിച്ചെന്നു വരുത്തി ചിരി സന്ദര്‍ഭങ്ങളില്‍ ചരിതാര്‍ഥനായി.
 വാല്‍ക്കഷണം: ഈ തെരഞ്ഞെടുപ്പിന്റെ നഷ്ടം- ഒരേയൊരു ലീഡര്‍ കെ. കരുണാകരന്റെ സ്വന്തം സ്‌റ്റൈല്‍ ചിരി.

Thursday, March 10, 2011

കഥയല്ലിത് ജീവിതം...

മാര്‍ച്ച് 10 ലോക വൃക്കദിനമായിരുന്നു. ബോധവത്കരണ ക്‌ളാസുകളുമായി  നാടെങ്ങും ആരോഗ്യ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും വൃക്കദിനാചരണം നടക്കുന്നതിനിടെ കോട്ടയം നഗരത്തിനടുത്തുണ്ടായ, ആരുടെയും കരളലിയിക്കുന്ന സംഭവമാണിവിടെ വിവരിക്കുന്നത്...
 
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ്ത്തില്‍ ചികിത്സയില്‍ കഴിയുന്ന സൂസന്‍ എന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്... പ്രാണനുതുല്യം സ്‌നേഹിച്ച പ്രിയതമന്‍ മരണമുഖത്തു നിന്നു  തിരികെയെത്തുന്നത് കാണാനായി അബോധമണ്ഡലത്തില്‍ നിന്നു ഉറക്കമുണര്‍ന്ന സൂസനെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ചേതനയറ്റ മൃതദേഹമാണെന്ന് അവള്‍ മാത്രം അറിഞ്ഞിട്ടില്ല. സ്വന്തം വൃക്ക നല്‍കി ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ കൊതിച്ച കോട്ടയം ചെങ്ങളം സ്വദേശി സൂസനുണ്ടായ തീരാ ദു:ഖമാണു സംഭവമറിഞ്ഞവരിലെല്ലാം സങ്കടത്തിന്റെ നെരിപ്പോടായി എരിയുന്നത്.
വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ചെങ്ങളം മഠത്തില്‍പറമ്പില്‍ ഷാജന് (46) മലേറിയ രോഗമുണ്ടായത്. ചികിത്സയിലെ തകരാറുകള്‍  ഷാജന്റെ വൃക്കകളെ ബാധിച്ചു.  നാട്ടിലെത്തിയ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. ഇതിനിടെയാണ്  ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായെന്നും വൃക്കമാറ്റിവയ്ക്കലാണ് ജീവന്‍ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.നാട്ടില്‍ എത്തിയശേഷം ഏക ഉപജീവന മാര്‍ഗമായിരുന്ന  ജീപ്പ് വിറ്റ് ചികിത്സ ആരംഭിച്ചു. വൃക്ക വാങ്ങാന്‍ പണം കണ്ടെത്താനാകാതെ വന്നപ്പോഴാണു ഭര്‍ത്താവിനായി സൂസന്‍ സ്വന്തം വൃക്കകള്‍ നല്‍കുമെന്നു ഡോക്ടര്‍മാരെ അറിയിച്ചത്. പറക്കമുറ്റാത്തകുട്ടികളുമായി ജീവിക്കുമ്പോള്‍ സൂസന്‍ വൃക്കദാന ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നതിനെ ബന്ധുക്കളില്‍ പലരും എതിര്‍ത്തെങ്കിലും ഷാജന്റെ ജീവനു പകരം തന്റെ ക്‌ളേശങ്ങള്‍ ഒന്നുമല്ലെന്നു സൂസന്‍ ശഠിച്ചു. ഒടുവില്‍ പ്രിയപ്പെട്ടവരെല്ലാം അവളുടെ നിശ്ചയ ദാര്‍ഡ്യത്തിനു മുന്നില്‍ നിശബ്ദരായി. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ ജുവലിനെയും ജ്യോതിസിനെയും ബന്ധുക്കളെ ഏല്‍പ്പിച്ച് സൂസന്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തി. ഡയാലിസിസിന് വിധേയനായിരുന്ന ഷാജന് കഴിഞ്ഞ തിങ്കളാഴ്ച(മാര്‍ച്ച് ഏഴ്) ശസ്ത്രക്രിയ നിശ്ചയിച്ചു. സൂസന്റെ വൃക്ക പരിശോധനകള്‍ പൂര്‍ത്തിയാക്കി അന്നു രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. എന്നാല്‍ വിധി അവര്‍ക്കെതിരായിരുന്നു. വൃക്കകള്‍ സ്വീകരിക്കും മുമ്പ് രാത്രിയോടെ ഷാജന്റെ ആരോഗ്യനില വഷളാകുകയും ചൊവ്വാഴ്ച പുലര്‍ച്ചെ മരണം
സംഭവിക്കുകയുമായിരുന്നു. ഉടന്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതേ ചികിത്സാമുറിയില്‍ കഴിയുന്ന സൂസനെ  വിവരം അറിയിച്ചില്ല. സൂസന് ചികിത്സ പൂര്‍ത്തിയാവാന്‍ ഏതാനും ദിവസം കൂടി വേണ്ടിവരുമെന്നാണു ആശുപത്രി അധികൃതരുടെ വിശദീകരണം. അതുകൊണ്ട് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന സൂസനു ഒരു നോക്കു കാണാനായി അധികം അകലെയല്ലാത്ത സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഷാജന്റെ മൃതദേഹം സൂക്ഷിച്ചു വച്ച് കണ്ണീരോടെ കാത്തിരിക്കുകയാണു ബന്ധുക്കള്‍.

Wednesday, March 9, 2011

തെരഞ്ഞെടുപ്പു ചൂട് ശമിപ്പിച്ച് കുട്ടനാട്ടില്‍ ഷൂട്ടിംഗിന്റെ വസന്തകാലം

പൊള്ളുന്ന വേനല്‍ച്ചൂടിനും തെരഞ്ഞെടുപ്പു ചൂടിനുമിടെ കുട്ടനാട്ടിന്റെ പച്ചപ്പില്‍ സിനിമാ ചിത്രീകരണത്തിന്റെ വസന്തകാലം. നെല്‍ വയലുകളിലെ വിളവെടുപ്പും ക്ഷേതോസ്‌വങ്ങളും തീര്‍ത്ത ആഘോഷ തിമിര്‍പ്പുകള്‍ക്കിടെയാണു വെള്ളിത്തിരയിലെ പ്രിയ താരങ്ങള്‍ കുട്ടനാട്ടിലേയക്ക് എത്തുന്നത്.
 ബാബു ജനാര്‍ദനന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മൂട്ടി നായകനാകുന്ന 1993 ബോംബെ മാര്‍ച്ച് 12ന്റെ ചിത്രീകരണം കാവാലം, കൃഷ്ണപുരം, നാരകത്തറ പ്രദേശങ്ങളില്‍ ആരംഭിച്ചു. മുംബൈ ബോംബ് സ്‌ഫോടനം സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും കുട്ടനാട്ടില്‍നിന്നു മുംബൈയിലേക്കു ജോലിതേടിപ്പോയ യുവാവിന്റേയും സഹോദരി ആമിനയുടേയും കഥയുമാണു ചിത്രത്തിന്റെ പ്രമേയം. സനാതന്‍ഭട്ട്, സമീര്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടി ഇരട്ടവേഷങ്ങളിലെത്തുന്ന ചിത്രമാണിത്. റോമ, മണിയന്‍പിള്ള രാജു, ജഗതി, ലാല്‍, സിദ്ദിഖ്, ശരണ്യമോഹന്‍, ജഗദീഷ്, ശാരി തുടങ്ങി വലിയൊരു താരനിരതന്നെ ബോംബെ മാര്‍ച്ച് 12ലുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. കുട്ടനാട്ടില്‍ ഇരുപതുദിവസത്തെ ചിത്രീകരണമാണുള്ളത്. പമ്പയാറ്റില്‍ കാവാലം തീരത്ത് മമ്മൂട്ടി വഞ്ചി തുഴയുന്ന രംഗങ്ങള്‍ ആദ്യ ദിനങ്ങളില്‍ ചിത്രീകരിച്ചു.
  കോട്ടയം, മുംബൈ, കോയമ്പത്തൂര്‍, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റുപ്രധാന ലൊക്കേഷനുകള്‍.വേനല്‍ക്കാലവും കൊയ്ത്തുകാലമായതോടെ കുട്ടനാടിന്റെ പ്രകൃതിരമണീയത അഭ്രപാളികളില്‍ പകര്‍ത്താന്‍ ഏതാനും സിനിമാ ചിത്രീകരണ സംഘങ്ങള്‍കൂടി അടുത്തയാഴ്ചകളില്‍ എത്തും. സംഗീത ആല്‍ബങ്ങളുടെയും സീരിയലുകളുടെയും ചിത്രീകരണങ്ങളും പല ഭാഗത്തും നടന്നുവരികയാണ്. ആയിരപ്പറ, കണ്ണെഴുതി പൊട്ടും തൊട്ട്, കരുമാടിക്കുട്ടന്‍, ഒരുക്കം, താളമേളം, ജീവിതം ഒരു ഗാനം, സിംഹാസനം, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, ലാല്‍സലാം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്കു കാവാലവും പരിസരപ്രദേശങ്ങളും ലൊക്കേക്ഷനായിട്ടുണ്ട്.