Thursday, February 23, 2012

കാക്കിക്കുള്ളിലെ കവി(ത)കള്‍


ജോലി പോലീസിലാണ്.. പുലര്‍ച്ചെ ഉണരണം. പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞാലുടന്‍ ഭക്ഷണം കഴിച്ചെന്നു വരുത്തി ഡ്യൂട്ടിയിലേക്ക്. നാനാവിധം ഡ്യൂട്ടികള്‍. കട്ടിപ്പെട്ട പരേഡ്. പല ദിനങ്ങളിലും ഊണും ഉറക്കവുമില്ലാത്ത രീതിയില്‍ കൃത്യാന്തര ബാഹുല്യം. ഇതിനിടെ വീട്ടുകാര്യവും സ്വന്തം കാര്യവും വേറെ. ഈ താളവട്ടത്തില്‍ കിടന്നുള്ള കറക്കമാണു സാദാ പോലീസ് ഉദ്യോഗസ്ഥരുടെയെല്ലാം നിത്യ ജീവിതം. വേറിട്ടൊരു ചിന്തയ്‌ക്കോ സ്വകാര്യമായി അല്പസ്വല്പം വ്യക്തിത്വ വികസനത്തിനോ ജന്മവാസനാ പരിപോഷണത്തിനോ സമയമെവിടെ?

എങ്കിലും, അത്യപൂര്‍വ്വം ചിലര്‍ പോലീസിലായാലും പട്ടാളത്തിലായാലും ജന്മവാസനകള്‍ മറക്കാറില്ല. കലാപരമായോ സാഹിത്യപരമായോ ഉള്ളിലുറങ്ങുന്ന അഭിരുചികളെ ആവുന്നത്ര ഇടവേളകള്‍ ഒരുക്കിയെടുത്ത് താലോലിക്കാന്‍ അവര്‍ക്കു കഴിയുന്നു. വേദികളുടെ പ്രകാശപൊലിമയിലേക്ക് എത്തിപ്പെടാന്‍ അവരിലും ചുരുക്കം പേര്‍ക്കു മാത്രമേ കഴിയുന്നുള്ളു. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും സ്വന്തം ചേതനയെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയം കണ്ട അപൂര്‍വ്വം ചിലരെ പരിചയപ്പെടാം..

ബൈജുവിന്റെ ഉഭയജീവിതം

എഴുത്ത് വല്ലാത്തൊരുതരം നീറിപിടിക്കുന്ന വേദനയാണ്. എങ്കിലും അതെന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. വാഴ്ന്നു വീഴുന്ന വരികളില്‍ ജീവിതം പച്ചപിടിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ അറിയാത്ത, പറയാനാവാത്ത സന്തോഷം... എറണാകുളം െ്രെകംബാഞ്ച്രില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബൈജു വര്‍ഗീസ് ഉഭയ ജീവിതം എന്ന സ്വന്തം കഥാസമാഹാരത്തില്‍ ആമുഖമായി കുറിച്ചിട്ടിരിക്കുന്നതിങ്ങനെ.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കഞ്ഞിപ്പാടത്ത് പരേതനായ ആലിയംകുളം എ.ജെ വര്‍ഗീസിന്റെ മകനായ ബൈജു ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് ഹൈസ്‌കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യത്തോടുള്ള അഭിവാഞ്ഛ പ്രകടമാക്കിയിരുന്നു. ഒപ്പം കായിക രംഗത്തും പ്രശോഭിച്ചു. പിന്നീട് ജീവിക്കാനുള്ള യാത്രയില്‍ പാരലല്‍ കോളജ് അധ്യാപകനായും ഫ്രീലാന്റ് ജേര്‍ണലിസ്റ്റായും മാസിക എഡിറ്ററായും ചരക്കു വണ്ടിയിലെ കിളിയായും പഴക്കടയിലും ഇറച്ചിക്കടയിലും സെയില്‍സ്മാനായും കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ ടൂറിസ്റ്റ് ഗൈഡായും വേഷപ്പകര്‍ച്ചകള്‍. ഒടുവില്‍ സഹൃദയര്‍ കുറവുള്ളതെന്നു സമൂഹം വിലയിരുത്തുന്ന പോലീസിലെത്തി.

ഇതിനിടെ ക്‌ളേശകരമായ യൗവനകാലത്ത് കുറിച്ചിട്ട 24 കവിതകളുടെ കൈയെഴുത്തു പ്രതിയുമായി പ്രമുഖ പ്രസാധകരെ തേടിയുള്ള യാത്രകള്‍. അവരുടെ പ്രതികരണങ്ങളാകട്ടെ നിരാശ മാത്രം സമ്മാനിച്ചവ. കവിതയ്ക്കു വായനക്കാരില്ലെന്നും വല്ല നോവും എഴുതിക്കൊണ്ടു വന്നാല്‍ നോക്കാമെന്നും തെല്ലു മൃദുവായി ഉപദേശിച്ചവരും ഉണ്ടായിരുന്നു. തോറ്റു കൊടുക്കാന്‍ തയാറല്ലാത്ത മനസുമായി സുഹൃത്തുക്കളുമായി ചേര്‍ന്നു ബി.ബുക്‌സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി. അതിലൂടെ ആദ്യ കവിതാ സമാഹാരമായ എഴുത്തുകാരിയുടെ മുറി 2005ല്‍ പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷത്തിനിടെ സുഹൃത്തുക്കളുടെ കൂടി പങ്കാളിത്തത്താല്‍ ഒന്നാം പതിപ്പ് വിറ്റു തീര്‍ന്നു. രണ്ടാം പുസ്തകമായി ഉഭയജീവിതം 2010ല്‍ പുറത്തിറങ്ങി.

തിരക്കിട്ട പോലീസ് ജീവിതത്തിനിടെ ബൈജുവിന്റെ തൂലികയില്‍ നിന്നു പിറവിയെടുത്തത് എഴുപതോളം കഥകളും എണ്‍പതിലേറെ കവിതകളുമാണ്. പോലീസുകാരനായിരുന്നുകൊണ്ടു സാഹിത്യത്തില്‍ ഗൗരവമായി ഇടപെടുകയെന്നത് ക്‌ളേശകരമായ വെല്ലുവിളിയാണെന്നാണു ബൈജുവിന്റെ അഭിപ്രായം. പ്രോത്സാഹിപ്പിക്കാന്‍ മനസുള്ളവരായിരിക്കില്ല സഹപ്രവര്‍ത്തകരിലേറെയും. മനഃപൂര്‍വ്വമായിരിക്കില്ല. എങ്കിലും സമയം കണ്ടെത്തി എഴുത്തു തുടരുന്നു. സമുദ്രപരിണാമം എന്ന നോവലിന്റെ രചന അന്ത്യ ഘട്ടത്തിലാണ്. 2004ല്‍ എഴുതി തുടങ്ങിയതാണ്. ജോലി തിരക്കുകളാല്‍ എട്ടുവര്‍ഷം നീണ്ടു പോയെന്നു ബൈജു പറയുന്നു. ബൈജുവിന്റെ ഭാര്യ ബീന തകഴി കുന്നുമ്മ ഹോളി ഫാമിലി എല്‍.പി സ്‌കൂള്‍ അധ്യാപികയാണ്.

ഔദ്യോഗിക ജീവിതം സംഗീതസാന്ദ്രമാക്കി റോയിസ് 

പോലീസ് സേനയിലെ ഔദ്യോഗിക ജീവിതം സംഗീതസാന്ദ്രമാക്കി ശ്രദ്ധേയനായ ആളാണു കോട്ടയം മണര്‍കാട് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ റോയിസ് ഒളശ്ശ. ജനിച്ചുവളര്‍ന്നതു കലാപാരമ്പര്യമേറെയുള്ള നാട്ടിലും തറവാട്ടിലും. നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ നാടായ ഒളശ്ശയില്‍ മാളികയില്‍ ചാക്കോയുടെ മകനായി ജനിച്ചു. നാട കലാകാരനായ അച്ഛന്റെ വഴിയെയായിരുന്നു മകനും. കോട്ടയം സാരഥി ഉള്‍പ്പടെയുള്ള നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു.ഗായകനായിരുന്നതിനാല്‍ പാടി അഭിനയിക്കാനും കഴിഞ്ഞു. ഹാര്‍മോണിയം, തബല എന്നിവയിലും ചെറുപ്പകാലത്തു തന്നെ പ്രാവീണ്യം നേടി. നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

1987ലാണു പോലീസില്‍ ജോലി ലഭിക്കുന്നത്. ഇതോടെ കലാപ്രവര്‍ത്തനങ്ങളില്‍ നിന്നു അകന്നു.ഒന്നിനും സമയമില്ലാതായി. എങ്കിലും ഡ്യൂട്ടി തിരക്കുകള്‍ കഴിഞ്ഞുള്ള വിശ്രമ വേളകള്‍ കലയ്ക്കും സംീതത്തിനുമായി ചിലവിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സംഗീത സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെയാണു ജീവിതത്തെ പിടിച്ചുലച്ച ദുരന്തമുണ്ടായത്.1998 ലായിരുന്നു സംഭവം. ചിങ്ങവനം സ്‌റ്റേഷനില്‍ ജോലി കഴിഞ്ഞു രാത്രി ബൈക്കില്‍ വീട്ടിലേക്കു മടങ്ങവേ എതിരെ വന്ന വാഹനം ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ പാഞ്ഞുവന്നപ്പോള്‍ നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു. ഗുരുതരമവയി പരുക്കേറ്റ റോയിസിന്റെ വലതുകൈ തളര്‍ന്നു പോയി. പിന്നീട് ഏറെക്കാലം ചികിത്സയില്‍.

തളരാത്ത മനസുമായി വിവിധ ചികിത്സാ രീതികളിലൂടെ ആരോഗ്യം വീണ്ടെടുത്തു. തുടര്‍ന്നു തിരികെയെത്തിയപ്പോള്‍ ജോലിഭാരം കുറവുള്ള ഡ്യൂട്ടികളാണു മേലധികാരികള്‍ നല്‍കിയത്. ഇതിനിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഗാനരചയിതാവുമായ ചേര്‍ത്തല സ്വദേശി കെ. സുഭാഷിനെ പരിചയപ്പെട്ടു. അദ്ദേഹം രചിച്ച നീരേറ്റുതീര്‍ത്ഥം എന്ന ഭക്തിഗാന കാസറ്റിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചതു വഴിത്തിരിവായി. പിന്നീട് ശരണാമൃതം അയ്യപ്പഭക്തിഗാനങ്ങള്‍, ശിവപ്രസാദം, സ്‌നേഹവഴി (ക്രിസ്തീയ ഭക്തിഗാനങ്ങള്‍) എന്നിയ്ക്കു ഈണം പകര്‍ന്നു. ഇതിനിടെയാണു കോട്ടയത്ത് പോലീസ് ഓര്‍ക്കസ്ട്ര എന്ന ആശയം പോലീസ് അസോസിയേഷനു കീഴിലുള്ള കലാസാംസ്‌കാരിക സമിതി മുന്നോട്ടു വയ്ക്കുന്നത്. പോലീസുകാരുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ഈ ഗാനമേള ട്രൂപ്പിന്റെ അമരക്കാരില്‍ പ്രധാനിയായി റോയിസ്.

പോലീസ് സേനയിലുള്ളവരും കുടുംബാംഗങ്ങളും അണിനിരന്ന ഓര്‍ക്കസ്ട്രയില്‍ ഏതാനും പേര്‍ മാത്രമാണു പുറത്തു നിന്നുണ്ടായിരുന്നത്. ഓര്‍ക്കസ്ട്ര ക്‌ളിക്കായതോടെ പോത്സാഹനവുമായി മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമെല്ലാമെത്തി. പ്രതി വര്‍ഷം കേരളത്തിലുടനീളം 75 ഓളം വേദികളില്‍ വരെ ഗാനമേള അവതരിപ്പിച്ചു. പ്രൊഫഷണല്‍ ട്രൂപ്പുകള്‍ക്കെല്ലാം വെല്ലുവിളിയായി മാറിയ പോലീസ് ഓര്‍ക്കസ്ട്ര പ്രതിഫലം കൈപ്പറ്റുന്നതിലും റെക്കോര്‍ഡ് സൃഷ്ടിച്ചു. കാല്‍ ലക്ഷം രൂപയിലേറെ നല്‍കി ഗാനമേള ബുക്ക് ചെയ്യാന്‍ നിരവധി സംഗീത പ്രേമികളെത്തി.

അങ്ങനെ കാക്കിയണിഞ്ഞും കലാകാരനായി റോയിസ് ഒളശ്ശ തിളങ്ങി. ഭാര്യ മേരി കോട്ടയം സി.എം.എസ് എച്ച്.എസ്.എസില്‍ അധ്യാപികയാണ്. ആഗ്‌ന (ബി.എ.എം.എസ് കര്‍ണാടക), ആല്‍വിന്‍ (പ്‌ളസ്ടു വിദ്യാര്‍ത്ഥി) എന്നിവരാണു മക്കള്‍.

ശരവേഗത്തില്‍ ശരണ്യ ഹിറ്റ്


ദീപാവലിക്ക് തിയറ്ററില്‍ നിറഞ്ഞോടിയ ഇളയ ദളപതി വിജയ്‌യുടെ ബ്രഹ്മാണ്ഡചിത്രം വേലായുധം ഹിറ്റ്ചാര്‍ട്ടുകള്‍ തിരുത്തി എഴുതിയതിന്റെ ത്രില്ലിലാണ് മലയാളത്തില്‍നിന്നു
പറന്നുയര്‍ന്ന് തമിഴില്‍ വെന്നിക്കൊടി പാറിച്ച യുവനടി ശരണ്യ മോഹന്‍.

അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ് എന്നീ സിനിമകളിലൂടെ ബാലതാരമായി രംഗത്തെത്തിയ ശരണ്യ വേലായുധത്തില്‍ വിജയ്‌യുടെ അനുജത്തിയായി കഥാഗതിയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അന്യഭാഷാ സിനിമകളിലെ തിരക്കുകള്‍ക്കിടെ ആലപ്പുഴയിലെ വസതിയില്‍ എത്തിയ ശരണ്യ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വേലായുധത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്‌ളാദമാണേറെ.  ഒപ്പം മാതൃഭാഷ ചിത്രങ്ങളില്‍ സജീവമാകാന്‍ കഴിയാത്തതിന്റെ നിരാശയും.

യുവതാരങ്ങളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട വിജി തമ്പിയുടെ കെമിസ്ട്രിയിലൂടെയായിരുന്നു ശരണ്യയുടെ രണ്ടാംവരവ്. ചിത്രം ശ്രദ്ധിക്കപ്പെടാതെപോയത് മലയാളത്തില്‍ ശരണ്യക്ക് തിരിച്ചടിയായി. പക്ഷേ അന്യഭാഷകളില്‍നിന്ന് അവസരങ്ങളുടെ പെരുമഴയായിരുന്നു. തമിഴ്, തെലുങ്ക്, ഒടുവില്‍ കന്നട ചിത്രത്തിലും അവസരം ലഭിച്ചു. മഹേഷ് ബാബു സംവിധാനം ചെയ്യുന്ന പരമശിവം എന്ന കന്നഡ സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമ്പോഴേക്കും മറ്റൊരു കന്നട സിനിമയ്ക്കുകൂടി കരാറായി. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ഈ ഭൂമി ആ ഭാനു എന്ന സിനിമയാണിത്. ഓസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ എം. രാജ സംവിധാനം ചെയ്ത വേലായുധമാണു ശരണ്യയുടെ കരിയറില്‍ ബ്രേക്ക് ത്രൂവായത്. യു.കെയില്‍മാത്രം 26 തീയേറ്ററുകളിലാണ്  വേലായുധം പ്രദര്‍ശിപ്പിച്ചത്. കമലഹാസന്റെ ദശാവതാരം യു.കെയില്‍ 16 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച റെക്കോര്‍ഡാണ് വേലായുധം തിരുത്തിയത്. ഹന്‍സിക മോട്‌വാനി, ജനീലിയ എന്നിവരാണ് വിജയ്‌യുടെ നായികമാരായി അഭിനയിച്ചത്.

മലയാളവും മലയാള സിനിമയും

മലയാളത്തില്‍ രാജസേനന്റെ 'ഇന്നാണ് ആ കല്യാണം' ആണ് റിലീസായ ഒടുവിലത്തെ ചിത്രം.
കുട്ടനാട്ടില്‍ ചിത്രീകരണം തുടരുന്ന 'പേരിനൊരു മകന്‍' ആണു പുതിയ മലയാള ചിത്രം. വൈകാതെ പ്രദര്‍ശനത്തിനെത്തും. തമിഴില്‍ ചിമ്പുവിന്റെ നായികയായി ധരണിയുടെ ഒസ്തിയും പ്രദര്‍ശനത്തിനെത്തിയിരുന്നു.

തെലുങ്കില്‍ ഒരുപിടി ചിത്രങ്ങളില്‍ നായികാസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നു മലയാള സിനിമകളിലാണ് നായികയായി അഭിനയിച്ചിട്ടുള്ളത്. സിനിമയില്‍ ഭാഷയല്ല,  കഥാപാത്രങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്നാണ് മുതിര്‍ന്നവരുടെ ഉപദേശമെങ്കിലും മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ കഴിയുന്നതു ഭാഗ്യമായാണു കരുതുന്നത്. അതുകൊണ്ടുതന്നെ നിരാശയുണ്ടെന്നു പറയാതെവയ്യ. എന്നാല്‍, ലഭിക്കുന്ന അവസരങ്ങളില്‍ സന്തുഷ്ടയാണ്.

നാടും ജീവിതവും

നൃത്തമാണു ജീവിതം. സിനിമയ്ക്കുപോലും അതുകഴിഞ്ഞേ സ്ഥാനമുള്ളൂ. അച്ഛന്‍ വൈ.കെ.ബി. മോഹന്റേയും അനുജത്തി സുകന്യയുടേയും നേതൃത്വത്തില്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന വൈ.കെ.ബി. ഡാന്‍സ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. അമ്മ കലാമണ്ഡലം ദേവി മോഹനും നൃത്താധ്യാപികയാണ്.

അക്കാദമിയില്‍ നൃത്തം, സംഗീതം, വാദ്യോപകരണങ്ങള്‍ എന്നിവയിലായി നൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. നാട്ടിലെത്തുന്ന സമയത്ത് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കാനും ഇരുപത്തിരണ്ടുകാരിയായ ശരണ്യ സമയം കണ്ടെത്തുന്നു.

ഈ മന്ത്രിമാരെ മരമാക്രികളെന്ന് വിളിക്കുന്നില്ല...


തു കേവലം രാഷ്ട്രീയമല്ല. സദുദ്ദേശ്യപരമാണ്. നാടിന്റെ വികസനം കാംക്ഷിക്കുന്ന മുന്‍ മന്ത്രിയുടെ അഭിപ്രായമായി കരുതണം. അധികാരത്തിലേറി ആദ്യ ഘട്ടം പിന്നിടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേയും
മന്ത്രിമാരുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള സമയമായി.

കഴിഞ്ഞ ഇടതുമന്ത്രിസഭയും ഇപ്പോള്‍ കേരള ഭരണം കൈയാളുന്ന യു.ഡി.എഫ്. മന്ത്രിസഭയും തമ്മിലുള്ള അന്തരം പരിശോധിക്കുമ്പോള്‍ ആത്മാര്‍ഥതയില്ലായ്മയാണ് ഏറ്റവുമാദ്യം ബോധ്യമാകുക. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും പറയുന്ന കാര്യങ്ങളേറെ. വാക്കും പ്രവൃത്തിയുമായി പുലബന്ധംപോലുമില്ലെന്നു വഴിയെ ബോധ്യമാകുന്നു.

മന്ത്രിമാരില്‍ ഭൂരിഭാഗവും അമ്പട ഞാനേ! എന്ന ഭാവത്തിലാണ്. വായനക്കാര്‍ ഓരോരുത്തരും മന്ത്രിമാരെ മനസില്‍ കാണുക. കഴിഞ്ഞ മന്ത്രിസഭയില്‍ ഞങ്ങളില്‍ ഏറെക്കുറെ എല്ലാവരും പറയുന്ന വാക്ക് പ്രവൃത്തിയിലാക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അതിന്റെ ഫലമായാണു വി.എസ്. സര്‍ക്കാര്‍ ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചത്.

എത്ര വികസനപദ്ധതികള്‍ നടപ്പാക്കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ഒട്ടനേകം ക്ഷേമപദ്ധതികള്‍ കൊണ്ടുവന്നു. രാഷ്ട്രീയം മാറ്റിവച്ച് 140 മണ്ഡലങ്ങള്‍ക്കും ഏറെക്കുറെ തുല്യപ്രാധാന്യംനല്‍കി ഭരണം നടത്തിയപ്പോള്‍ ജനങ്ങളൊട്ടാകെ പിന്തുണ നല്‍കി. ഞങ്ങളുടെ വാക്കും പ്രവൃത്തിയും ഒരമ്മപെറ്റ മക്കളെപ്പോലെയായിരുന്നു. അതായിരുന്നു വിജയരഹസ്യം. ഇപ്പോഴോ? ജനങ്ങളോടു പ്രതിബദ്ധതയുള്ളവര്‍ തീര്‍ത്തും ആരുമില്ലെന്നല്ല. എന്നാല്‍, യു.ഡി.എഫിന്റെ തന്നെ ഏറ്റവും മോശമായ സര്‍ക്കാരാണിതെന്നു വാദിച്ചാല്‍ പ്രതിരോധിക്കാനായി പോലും എന്താണ് ഇവര്‍ക്ക് ജനത്തിനുമുമ്പാകെ കാട്ടിത്തരാനാകുക?

പട്ടം താണുപിള്ളയെയും കെ. കരുണാകരനെയുംപോലെ കാര്യശേഷിയുള്ളവര്‍
കോണ്‍ഗ്രസിലും മുന്നണിയിലുമില്ല. സ്ഥലപരിമിതിമൂലം ചുരുങ്ങിയ വാക്കുകളില്‍ ചിലതു വിവരിക്കാം...

ജനിക്കാന്‍പോലും അര്‍ഹതയില്ലാത്ത സര്‍ക്കാരാണിതെന്ന് ഓര്‍ക്കണം. മൂന്നുപേരുടെ ഭൂരിപക്ഷത്തില്‍ ഭാഗ്യംകൊണ്ട് അധികാരത്തിലേറിയവര്‍. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വോട്ട്‌വ്യത്യാസം കേവലം രണ്ടു ശതമാനത്തിനു താഴെമാത്രം. പകുതിയിലേറെ ജില്ലകളിലും ഭൂരിപക്ഷം ഇടതുമുന്നണിക്ക്. തദ്ദേശഭരണ സ്ഥാപനങ്ങളിലേയും നഗരസഭകളിലേയും കോര്‍പറേഷനുകളിലേയും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടുഫലം കണക്കെടുത്താല്‍ മലപ്പുറത്തടക്കം അഞ്ചുജില്ലകളിലൊഴികെ ഇടതുമുന്നണിക്കുള്ളതു വ്യക്തമായ സ്വാധീനം.

ഇത്രയും സുശക്തമായ പ്രതിപക്ഷം സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യം. നൂല്‍പ്പാലത്തിലൂടെയാണു യാത്രയെങ്കിലും ഭരണക്കാര്‍ നാടാകെ കോലാഹലം സൃഷ്ടിക്കുന്നതൊഴിച്ചാല്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുന്നുണ്ടോ? നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ഇല്ലെന്നുതന്നെ ഏവരും സമ്മതിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കണ്ണഞ്ചിപ്പിക്കുന്ന വികസന ഭരണനേട്ടങ്ങളുടെ ശീതളഛായയില്‍ സുഖമായി ശയിക്കുകയാണു പല മന്ത്രി പുംഗവന്മാരും.

മുന്‍ സര്‍ക്കാരിന്റെ സഹകരണമേഖലയിലൂടെയുള്ള വിപണിയിലെ ഇടപെടലും വൈദ്യുതിരംഗത്തെ ആസൂത്രണ പാടവവും ആരോഗ്യ വ്യവസായരംഗങ്ങളുടെ പുരോഗതിയും പാരമ്പര്യമേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും കയര്‍കൈത്തറി മേഖലകളിലുണ്ടായ പുരോഗതികളും എടുത്തു പറയേണ്ടതാണ്. നികുതി തരേണ്ട വന്‍കിടക്കാരില്‍നിന്ന് അണ, പൈസ കണക്കില്‍ വാങ്ങിയെടുത്ത് ധനസ്ഥിതി മെച്ചപ്പെടുത്തി. ക്ഷേമപെന്‍ഷനുകള്‍ നല്‍കി പാവപ്പെട്ടവരെ സഹായിച്ചു.

കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. പാവങ്ങള്‍ക്ക് ആവശ്യംപോലെ ആനുകൂല്യങ്ങള്‍ നല്‍കി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഞാനാണ് ശരിയായി തുടങ്ങിയത്. മറ്റു വകുപ്പ് മന്ത്രിമാരും വമ്പിച്ച നേട്ടമുണ്ടാക്കി. വിജയകുമാര്‍
മന്ത്രിയായിരുന്നപ്പോള്‍ റോഡ് നിര്‍മാണത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞു. കൃഷിവകുപ്പിലുണ്ടായ കര്‍ഷക അനുകൂല നടപടികളും ശ്രദ്ധേയമായി. എന്നാല്‍, ഇതിന്റെയെല്ലാം നേര്‍വിപരീത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നു ഖേദത്തോടെ കുറിക്കട്ടെ.

ഇപ്പോഴത്തെ മന്ത്രിസഭയില്‍ പി.കെ. ജയലക്ഷ്മിയൊഴികെ മറ്റെല്ലാവരുമായി എനിക്ക് അടുത്തു പരിചയമുണ്ട്.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ് തുടങ്ങിയവരുമായാകട്ടെ ദീര്‍ഘകാലത്തെ ബന്ധവും.  മണ്‍മറഞ്ഞ ടി.എം. ജേക്കബ് വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതല്‍ ആത്മാര്‍ഥ സുഹൃത്തായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എന്നിവരുമായി ജേക്കബിനു സമമായ സൗഹൃദം അന്നും ഇന്നും എല്ലായ്‌പ്പോഴുമുണ്ട്. സൗഹൃദവും അടുപ്പവുമെല്ലാം മാറ്റിനിര്‍ത്തി എം.എല്‍.എ. എന്ന നിലയില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ക്കൂടി അടിസ്ഥാനമാക്കിയാണ് ഇവിടെ വിലയിരുത്തുന്നത്.

അഞ്ചു വര്‍ഷത്തെ ഭരണശേഷവും ഭരണവിരുദ്ധ വികാരം കാണാതിരുന്ന തെരഞ്ഞെടുപ്പില്‍ ഭാഗ്യത്തിന് അധികാരം കിട്ടിയ യു.ഡി.എഫ്. അതുകൊണ്ടെങ്കിലും സല്‍ഭരണം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ചു.

കത്തുകളുടെ മറുപടി അയയ്ക്കുന്ന മന്ത്രിമാര്‍തന്നെ കുറവ്.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുണ്ടെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള കത്തുകളുടെ മറുപടി 28  30 ദിവസങ്ങള്‍ കഴിഞ്ഞാണു ലഭിക്കുന്നത്. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറെയൊക്കെ  വേഗത്തില്‍ നല്‍കുന്നുണ്ട്. ഞാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നു നിര്‍ബന്ധമുള്ളയാളായിരുന്നു. ഇതിനായി രാത്രി രണ്ടുമണിവരെ ഉറക്കംവെടിഞ്ഞാണ് ജോലി ചെയ്തിരുന്നത്. ചില പത്രങ്ങള്‍ ഇതു
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസനിധിയില്‍നിന്നുള്ള പണം വിതരണം ചെയ്യുന്നതിനായി ഇത്തരത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ പ്രായത്തിലും ചടുലതയോടെ എത്രലക്ഷം കൈയൊപ്പിട്ടയാളാണു മുഖ്യമന്ത്രിയായിരുന്ന വി.എസ്. ജനങ്ങളോടുള്ള പ്രതിബദ്ധതയാകണം സര്‍ക്കാരിന്റെ യോഗ്യതാമാനദണ്ഡം. ജനപക്ഷത്തുനിന്നുള്ള ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടിവേണം. അത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇപ്പോഴത്തെ സ്ഥിതി എന്താണ്? പരാതികള്‍ പലതും കണ്ടഭാവം നടിക്കുന്നില്ല. എന്തെന്നാല്‍ എങ്ങനെയെങ്കിലും ഭരണമെന്ന പൊറാട്ടുനാടകം നടത്തുകയെന്നതാണ് ഏക അജന്‍ഡ. അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുക സ്വാഭാവികം.

ഷിബുവും ഗണേഷും പാര്‍ട് ടൈം മന്ത്രിമാര്‍

ഈ മന്ത്രിമാരെ മരമാക്രികളെന്നു വിളിക്കുന്നില്ല! ജനങ്ങളെ സേവിക്കാനുള്ള മന്ത്രിപ്പണി ഇവര്‍ക്കു പാര്‍ടൈം ജോലിയാണ്. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ഥതയില്ല. സ്വന്തം മുന്നണിയിലെ കക്ഷികളുടെ ട്രേഡ് യൂണിയന്‍പോലും വിമര്‍ശനങ്ങളുമായി രംഗത്തുവരുന്നു.

വനം, കായിക, സിനിമ, പരിസ്ഥിതി വകുപ്പുകളുടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അടുത്തിടെ ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആ പരിപാടിയിലുണ്ടായിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയായിട്ടും ഗണേഷ് വന്നില്ല. പിറ്റേന്നാണ് നഗരത്തില്‍ നിര്‍മിക്കുന്ന തീയേറ്റര്‍ സമുച്ചയം സംബന്ധിച്ച മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പത്രത്തില്‍ കണ്ടത്. വൈകിവന്ന മന്ത്രി പത്രസമ്മേളനം നടത്തി മറ്റൊരു പരിപാടി അവതരിപ്പിച്ച് മടങ്ങി.

കയറൂരിവിട്ട അനാരോഗ്യ വകുപ്പ്

എം.എല്‍.എ എന്ന നിലയില്‍ ഞാന്‍ ആരോഗ്യമന്ത്രിയായ അടൂര്‍ പ്രകാശിന് ഇതുവരെ നല്‍കിയ മിക്ക കത്തുകള്‍ക്കും മറുപടി ലഭിച്ചിട്ടില്ലെന്നു വേദനയോടെ അറിയിക്കട്ടെ. അദ്ദേഹം എല്ലാം സെക്രട്ടറിക്കു കൈമാറുകയാണത്രേ. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഏറെ ആരോപണവിധേയയായ പ്രിന്‍സിപ്പലിനെ
മാറ്റണമെന്നുകാട്ടി പലവട്ടം കത്തുനല്‍കി. രണ്ടുതവണ നിയമസഭയില്‍ അവതരിപ്പിച്ചു. ഒരു ഫലവുമുണ്ടായില്ല. ഒരു വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് മെഡിക്കല്‍ കോളജില്‍ മാത്രം ഏഴുമാസത്തിനിടെ 2500 പേര്‍ മരിച്ചതായാണ്. ഇവയില്‍ പല മരണങ്ങളും ആശുപത്രിയില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു.

കയര്‍ മേഖലയില്‍ ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ പരസ്യമായി ശ്ലാഘിച്ചിട്ടുള്ളവരില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല വരെ ഉള്‍പ്പെടും. കയര്‍ കോര്‍പറേഷന്‍, ഫോം മാറ്റിംഗ്‌സ്, കയര്‍ഫെഡ് എന്നിവ ലാഭത്തിലാക്കി. ചെറുകിട ഫാക്ടറികള്‍ക്കും തൊഴിലാളികള്‍ക്കുമായി പദ്ധതികള്‍ കൊണ്ടുവന്നു. അന്താരാഷ്ട്ര കയര്‍ഫെസ്റ്റിന് ആലപ്പുഴ വേദിയാക്കി കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങളുടെ ഖ്യാതി ലോകമാകെ
എത്തിച്ചു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ നാര് എന്ന പരസ്യവാചകംതന്നെ ശ്രദ്ധേയമായി. ഇത്രയേറെ ആത്മാര്‍ഥതകാട്ടിയിട്ടും ഈ വര്‍ഷത്തെ സംഘാടക സമിതി യോഗത്തിനുപോലും വിളിച്ചില്ല.  ആരോഗ്യ, കയര്‍മേഖലകളില്‍ അടൂര്‍ പ്രകാശിന്റെ സമീപനം മോശമാണ്. ഒന്നും ചര്‍ച്ച ചെയ്യുന്നില്ല. ആത്മാര്‍ഥതയുമില്ല. കാണുമ്പോള്‍ ഓരോന്നു പ്രഖ്യാപിക്കും. പിന്നീട് മറ്റെന്തൊക്കെയോ ചെയ്യും.

ന്റെ റബ്ബേ...

പണ്ടൊരു വിഷയത്തില്‍ മജിസ്‌ട്രേറ്റിന്റെ നിയമ  ദുര്‍വ്യാഖ്യാനമുണ്ടായപ്പോള്‍ കൊജ്ഞാണന്‍ രീതിയെന്നു വിലയിരുത്തേണ്ടി വന്നു. അത് മജിസ്‌ട്രേറ്റ് മാപ്പാക്കി. കാരണം സ്‌നേഹത്തോടെയുള്ള ഓണാട്ടുകരക്കാരുടെ പ്രയോഗമായിരുന്നത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രവര്‍ത്തനം ഒന്നു പരിശോധിച്ചേ. ആള് നല്ല മനുഷ്യ സ്‌നേഹിയാണ്. ഞാന്‍ മലപ്പുറത്തു പോയാല്‍ കാണാന്‍ ഇഷ്ടപ്പെട്ടുന്ന ഒരു മുഖമാണ്. ദൗര്‍ഭാഗ്യവശാല്‍ മന്ത്രിക്കസേരയിലിരുന്ന ശേഷം നല്‍കിയ മിക്ക കത്തിനും മറുപടിയില്ല. നല്‍കിയാലാകട്ടെ കീഴുദ്യോഗസ്ഥരോടു
ചോദിക്കാനാകും എഴുതുക.

ഒരു കോണ്‍ഫറന്‍സ് പോലും വിളിച്ചുചേര്‍ക്കാന്‍ പറഞ്ഞാല്‍ നടപടിയില്ല. എന്റെ അമ്പലപ്പുഴ മണ്ഡലത്തിലെ  വിവിധ ആവശ്യങ്ങള്‍ക്കു സമീപിച്ചപ്പോള്‍ സംഗതി കൂടുതല്‍ ബോധ്യമായി. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴയിലെ ലീഗ് പ്രതിനിധികളും നിരാശയും പ്രതിഷേധവുമായാണു മടങ്ങിയത്. ഈ  മന്ത്രിമാരുടെയൊക്കെ മനസ് സങ്കുചിതമാണ്. രാജ്യം ഭരിക്കാന്‍ കയറിയതാണെന്ന ചിന്തയില്ല. കക്കാഴത്ത്
ഒരു നായര്‍ കൂട്ടുകടുംബം സര്‍ക്കാരിനു സൗജന്യമായി സ്‌കൂള്‍ വിട്ടുനല്‍കിയിട്ടും (ഇക്കാലത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തി!) തുടര്‍ന്ന് ഒന്നും ചെയ്തില്ല. എങ്കിലും ഇദ്ദേഹത്തെ കൊജ്ഞാണനെന്നു
വിളിക്കാന്‍ ഉദ്ദേശ്യമില്ല !

അയ്യോ പാവം ടൂറിസം മന്ത്രി

ടൂറിസം മന്ത്രി കെ.പി. അനില്‍കുമാര്‍ അഴിമതിക്കാരനാണെന്നു കേട്ടിട്ടില്ല. പക്ഷേ എന്തെങ്കിലും നാടിനുവേണ്ടി ചെയ്യുന്നതായും കേള്‍വിയില്ല. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ആലപ്പുഴയ്ക്കായി ഇതുവരെ എന്തെങ്കിലും ചെയ്തതായി അറിവില്ല. എന്റെ മണ്ഡലത്തിലെ തോട്ടപ്പള്ളിയില്‍ ടൂറിസം പദ്ധതിക്കായി സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. മൂന്നു കത്തുകൊടുത്തിട്ടും ഇതുവരെ വന്നില്ല. ആലപ്പുഴ ബീച്ചിനടുത്ത് ഒരു ഗുജറാത്തി കുടുംബം ടൂറിസം വികസനത്തിനായി വീടും പുരയിടവും വിട്ടുനല്‍കാമെന്നറിയിച്ചിട്ടും തുടര്‍നടപടി ഉണ്ടായില്ല. ഇദ്ദേഹത്തെയും മരമാക്രിയെന്നു വിളിക്കാനില്ല.

നാടിനു വേണ്ടാത്ത കൃഷി മന്ത്രി

മുമ്പ് ഇടതുപക്ഷത്തായിരുന്നപ്പോള്‍ നിയമസഭയില്‍ കാര്യങ്ങള്‍ പറയാന്‍ മിടുക്കനായിരുന്നു കെ.പി. മോഹനന്‍. കൃഷി മന്ത്രിയായതോടെ നാടിന് ഒരു പ്രയോജനവുമില്ലാതായി. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഇന്നും തുടരുന്നു. സ്വന്തം മുന്നണിക്കാരനായ എം.പി. തന്നെ
താറാവ് ഇറച്ചിക്കും ഉല്ലാസയാത്രയ്ക്കുമായി ഇനി കുട്ടനാട്ടിലേക്കു വരേണ്ടന്നു ആക്ഷേപിച്ചു. ഇനി അദ്ദേഹത്തെ കുത്തിനോവിക്കാന്‍ ഞാനായിട്ട് ഒന്നും വിളിക്കുന്നില്ല.

കുഴികളുടെ മന്ത്രി

പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കുഴികളുടെ മന്ത്രിയെന്നു വിളിക്കുകയാകും ഉചിതം. എന്തും പ്രഖ്യാപിക്കും. പ്രവൃത്തിയില്ല. ആലപ്പുഴയില്‍ത്തന്നെ ആവശ്യപ്പെട്ടവ ഒന്നും ചെയ്തില്ല. ഇതുവരെ
പി.ഡബ്ല്യു.ഡി വകുപ്പു വിലയിരുത്തല്‍ യോഗങ്ങള്‍ തുടങ്ങിയില്ല. നാട്ടിലെ റോഡുകളുടെ സ്ഥിതിയെന്താണ്? കുണ്ടുംകുഴിയും നിറഞ്ഞ റോഡില്‍ ജനം നരകിക്കുന്നു.

മുനീറില്‍നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട

പഞ്ചായത്ത് വകുപ്പുകാരനായ എം.കെ. മുനീര്‍ മാന്യനാണ്. കലാകാരനാണ്. പാടാനുമറിയാം. ഇപ്പോള്‍ അദ്ദേഹം മന്ത്രി കസേരയിലിരുന്ന് സുഖമായി ജീവിക്കുകയാണ്. സാംസ്‌കാരിക വകുപ്പും സിനിമയുമൊക്കെ
കൊടുത്തിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യുമായിരുന്നിരിക്കാം. എന്നാലും മുനീറില്‍ ഭരണതന്ത്രജ്ഞത ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല.

ദേവസ്വവും ഗതാഗതവും എങ്ങോട്ട്?

ദേവസ്വം ബോര്‍ഡില്‍ കിട്ടിയ മൂന്നരവര്‍ഷംകൊണ്ടു കുറേയൊക്കെ ചെയ്യാനായെന്ന ചാരിതാര്‍ഥ്യം എനിക്കുണ്ട്. ശബരിമല മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കാനായത്  പ്രധാന നേട്ടമാണ്. എന്നെ മാറ്റിയശേഷം അവിടെ എന്തെങ്കിലും പുതുതായി നടന്നതായി അറിയില്ല. അടുത്തിടെ പട്ടാളം വന്ന് ഒരുപാലം പണിതതൊഴിച്ചാല്‍.
അസൂയയും രാഷ്ട്രീയ വൈരാഗ്യവും ഭരണാധികാരിക്കു പാടില്ല. ഗതാഗത വകുപ്പിലും കെ.എസ്.ആര്‍.ടി.സിയിലും നടക്കുന്ന രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങളും അപമാനകരമാണ്. ആ രീതിയില്‍ വി.എസ്. ശിവകുമാറിന്റെ പ്രവര്‍ത്തനങ്ങളും ഫലപ്രദമാണെന്നു പറയാന്‍ പറ്റില്ല.

ഇനിയുമുണ്ട് കഥാപാത്രങ്ങള്‍...

സി.എന്‍. ബാലകൃഷ്ണന്‍ മികച്ച സഹകാരിയാണ്. നല്ല മനുഷ്യനാണ്. ഡി.സി.സി. ഓഫീസുകളില്‍പ്പോയി പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. അഴിമതിക്കാരെ സംരക്ഷിക്കുന്ന ശകുനികളെ മാറ്റിനിര്‍ത്തണം. നിയമസഭയിലോ പത്രസമ്മേളനങ്ങള്‍ നടത്തിയോ അല്ലെങ്കില്‍ പത്രക്കുറിപ്പിറക്കിയോ പ്രഖ്യാപനങ്ങള്‍ ജനത്തെ അറിയിക്കാം. ഉപകേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ മന്ത്രി ബാലകൃഷ്ണനെ സ്വാധീനിക്കുന്നതായി
തോന്നുന്നുണ്ട്. ഉദ്യോഗസ്ഥരും സ്വയം ഭരണം ഏറ്റെടുക്കുന്നു.

സഹകരണവകുപ്പ് അഴിമതിയില്‍ വീഴുന്നതു തടയണം. കോണ്‍ഗ്രസിലെ ഏക വനിതയെന്ന നിലയില്‍ മന്ത്രിസ്ഥാനം ദാനംകിട്ടിയ പുതുമുഖം പി.കെ. ജയലക്ഷ്മി നിയമസഭയില്‍ ഇതുവരെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടി നല്‍കുന്നതു കേട്ടിട്ടില്ല. ആലോചിച്ച് പറയാം എന്നായിരിക്കും പ്രതികരണം. മറ്റാരോടോ ചോദിച്ചിട്ടാകും അഭിപ്രായപ്രകടനങ്ങള്‍ എന്നാണു തോന്നുന്നത്. എം.എല്‍.എ. എന്ന നിലയില്‍ ഏറ്റവും സീനിയറായ, എന്നാല്‍ മന്ത്രി പദവിയില്‍ ആദ്യമായെത്തിയ കെ.സി. ജോസഫിനെ വിലയിരുത്താന്‍ സമയമായില്ലെന്നാണ് അഭിപ്രായം. അദ്ദേഹത്തിന്റെ ഗ്രാമവികസനം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകള്‍ വിലയിരുത്താന്‍ മാത്രം ശ്രദ്ധേയമല്ല. സാംസ്‌കാരികവകുപ്പിന്റെ  പ്രവര്‍ത്തനങ്ങളാകട്ടെ പ്രാരംഭഘട്ടം പൂര്‍ത്തിയായിട്ടുമില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ടി.എം. ജേക്കബ് സേവന
സന്നദ്ധനായിരുന്നു.

സഹപ്രവര്‍ത്തകരുടെ പാപഭാരങ്ങളും സ്വന്തം കൈക്കുറ്റപാടുകളും ഒരുപോലെ തോളിലേറ്റി കാര്യശേഷി പ്രകടിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം. അതിനായുള്ള ജനസമ്പര്‍ക്കപരിപാടി ജനങ്ങള്‍ക്കു
ഗുണംചെയ്യുമെന്നു കരുതുന്നില്ല. അദ്ദേഹത്തിന്റെ കര്‍മകുശലതകളും സൗഹാര്‍ദപരമായ ഇടപെടലുകളും മറക്കുന്നില്ല. വിവാദങ്ങളില്‍ വീഴുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഭരണകാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. കെ.എം. മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്വന്തം വ്യക്തിത്വങ്ങള്‍ നിലനിര്‍ത്തി ഭരിക്കുന്നു. ഭരണതന്ത്രജ്ഞനായ പി.ജെ. ജോസഫിന്റെ നിഴല്‍മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും അദ്ദേഹത്തെ മാനിക്കണം. അനാരോഗ്യവും വകുപ്പിന്റെ അപ്രസക്തിയുമുണ്ടെങ്കിലും ആര്യാടന്‍ മുഹമ്മദ് പരിചയ
സമ്പന്നനും സ്‌നേഹസമ്പന്നനും തന്നെ.

എങ്കിലും ആകമാനം നോക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നിഷ്‌ക്രിയ പ്രതിഭാസമാണ്. ദോഷമെല്ലാം അതിന്റെ സിരകളിലുണ്ട്. അതാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തൊടുന്നതെല്ലാം ലക്ഷ്യം തെറ്റുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അഴകൊഴമ്പന്‍ രീതിയാണ് കാര്യങ്ങള്‍ വഷളാക്കിയത്. കഴിഞ്ഞ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വസ്തുതകള്‍ നിരത്തി അനുകൂലവിധി സമ്പാദിക്കാന്‍ സാഹചര്യമൊരുക്കിയിട്ടും ഇപ്പോഴത്തെ വഞ്ചനാത്മക സമീപനമൂലം അത് തകിടം മറിഞ്ഞു. കൂട്ടുപ്രതിയായി അക്കൗണ്ട് ജനറലുമുണ്ട്.

കേരളത്തിന്റെ താല്‍പര്യങ്ങളേക്കാള്‍ കേന്ദ്രത്തില്‍ യു.പി.എ. ഭരണം നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഡി.എം.കെ. പിന്തുണ പിന്‍വലിക്കുന്നതൊഴിവാക്കാനുള്ള പ്രീണന തന്ത്രമാണിത്. മൗനം വിദ്വാനു ഭൂഷണമെന്ന നിലപാടെടുക്കുന്ന പ്രധാനമന്ത്രി എല്ലാം കണ്ടുകൊണ്ടിരിക്കുന്നു. ഇതൊരു കുറ്റപത്രമല്ല. സദുദ്ദേശപരമായ വിലയിരുത്തലാണ്. ഭരണഘടനാരീതി, പാര്‍ലമെന്ററി രീതി, കാബിനറ്റ് രീതി,
നിര്‍വഹണരീതി, ധാര്‍മികത, ജനകീയത തുടങ്ങിയ ഭരണത്തിന്റെ മൗലികവിഷയങ്ങള്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പ്രവൃത്തിയില്‍ കാണുന്നുമില്ല. ഈ സര്‍ക്കാര്‍ ഫിലോസഫിക്കലായി വലിയ പരാജയമാണ്. പ്രായോഗികമായി ജനഹിതമുണ്ടാകുന്നില്ല. ധാര്‍മികത ഒട്ടുമില്ല. ഭരണം മാറണമെന്നു ജനങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുവെന്നാണു തോന്നുന്നത്.

മന്ത്രിമാര്‍ക്കു മാര്‍ക്കിടാനാണെങ്കില്‍ പലര്‍ക്കും കുറവായിരിക്കും. ചിലര്‍ക്കു പൂജ്യവും. ശരാശരിക്കു മുകളില്‍ ആരുണ്ടെന്നു ജനം തീരുമാനിക്കും.അത്തരമൊരു സാഹസത്തിനു ഞാന്‍ മുതിരുന്നില്ല. കഷ്ടിച്ച് പാസ്
മാര്‍ക്ക് കിട്ടുന്നതു കുറച്ചുപേര്‍ക്കു മാത്രം. ചിലര്‍ക്കു മോഡറേഷന്‍ നല്‍കേണ്ടിവരും പാസാകാന്‍.

ശിഷ്ടജാതകമെന്ത്? വി.എസിന്റെ ജന്മനാട് കാത്തിരിക്കുന്നു









പുന്നപ്ര സമരനായകന്‍ വി.എസ്. അച്യുതാനന്ദന്റെ വിധിയെന്ത്? അദ്ദേഹത്തിന്റെ ജന്മദേശം വിലയിരുത്തുന്നത് ശിഷ്ടകാലം യാതനകള്‍ നിറഞ്ഞതായിരിക്കുമെന്നാണ്. വി.എസ്. എന്ന പോരാളിയെ സൃഷ്ടിച്ച ആലപ്പുഴയുടെ മണ്ണില്‍ ഒറ്റനേതാവുപോലുമില്ല അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കാന്‍. അടുപ്പക്കാരെല്ലം വിട്ടകന്നു. 


ഒരുകാലത്തു മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്നവരില്‍ പലരും എതിര്‍ചേരിയില്‍നിന്നു കൂരമ്പുകളയയ്ക്കുന്നു. വി.എസ്. രാഷ്ട്രീയജീവിതം ആരംഭിച്ച 1938 മുതല്‍ ഇതുവരെയുണ്ടാകാത്ത അവസ്ഥാവിശേഷമാണിപ്പോള്‍. സഹോദരനൊപ്പം തയ്യല്‍കടയില്‍ ജോലി ചെയ്യവേ, സ്‌റ്റേറ്റ് കോണ്‍ഗ്രസ് അംഗമായിട്ടായിരുന്നു രാഷ്ട്രീയപ്രവേശം. കയര്‍ത്തൊഴിലാളിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായി മാറിയ അദ്ദേഹം വൈകാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെത്തി. ഒരു ദശകം പിന്നിടും മുമ്പ് ജില്ലാനേതൃത്വത്തിന്റെ അമരക്കാരില്‍ പ്രധാനിയായി. 


1957ല്‍ നടാടെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന അച്യുതാനന്ദന്റെ പ്രവര്‍ത്തനമികവിന്റെ തെളിവുകളായി കമ്യൂണിസ്റ്റ് എം.എല്‍.എമാര്‍ നിയമസഭയിലെത്തി. അതേവര്‍ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. തുടര്‍ന്ന് ഇടുക്കി പീരുമേട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പുണ്ടായപ്പോള്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കാന്‍ സംസ്ഥാനനേതൃത്വം നിയോഗിച്ചതും മറ്റാരെയുമായിരുന്നില്ല. പിന്നീട് വളര്‍ന്നുകയറി നിരവധി സമരമുഖങ്ങളില്‍ നായകനായി. 1967, 70, 91 വര്‍ഷങ്ങളില്‍ എം.എല്‍.എയായി.


ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് മാരാരിക്കുളത്തുനിന്ന് വിജയിച്ച വി.എസ് 96ല്‍ അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടിന് തോറ്റു. അതുവരെ കര്‍ക്കശക്കാരനായ അമരക്കാരനായിരുന്ന അച്യുതാനന്ദന്റെ കാല്‍ച്ചുവട്ടിലെ മണ്ണിളകി. അതൊരു കാലുവാരലിന്റെ കഥയായി പിന്നീടു ചരിത്രത്തില്‍ ഇടംനേടി. 


പാലക്കാട്ടു ജില്ലയിലെ മലമ്പുഴയിലേക്കു ചുവടു മാറ്റിയ 2001ല്‍ ജയിച്ചു പ്രതിപക്ഷനേതാവായി. 2006ല്‍ മുഖ്യമന്ത്രിയും. ഇത്തവണ വീണ്ടും മലമ്പുഴയിലൂടെ തുഴഞ്ഞുകയറിയത് പ്രതിപക്ഷനേതൃസ്ഥാനത്ത്. മാരാരിക്കുളത്തെ വീഴ്ചയ്ക്കുശേഷമാണ് വി.എസ്. ജനകീയസമരങ്ങളില്‍ സജീവസാന്നിധ്യമായത്. ഇതു പലപ്പോഴും പാര്‍ട്ടി ലൈനിനു വിരുദ്ധമെന്നു വ്യാഖ്യാനിക്കപ്പെട്ടു. 9697 കാലയളവില്‍ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നടന്ന വെട്ടിനിരത്തല്‍ സമരമുണ്ടാക്കിയ അലയൊലികള്‍ ഒന്നരപ്പതിറ്റാണ്ടായിട്ടും കെട്ടടങ്ങിയിട്ടില്ല. 


പരിസ്ഥിതിക്കും സ്ത്രീപക്ഷത്തുനിന്നുമുള്ള പോരാട്ടങ്ങളിലൂടെ വി.എസ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ജനകീയനേതാവാകുന്ന കാഴ്ചയ്ക്കു കേരളം സാക്ഷ്യം വഹിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ എതിരാളികളുടെ ശക്തി വര്‍ധിച്ചതോടെ നേതാക്കള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം പിന്നോട്ടായി. ഉറ്റ അനുയായികളായിരുന്ന മനഃസാക്ഷി സൂക്ഷിപ്പുകാരും കൂടുമാറി. ഒടുവില്‍ സംസ്ഥാനസമ്മേളനത്തില്‍ വധശിക്ഷ എന്ന ക്യാപ്പിറ്റല്‍ പണിഷ്‌മെന്റി(പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ നടപടി)നായുള്ള ആവശ്യത്തിനു മുന്നില്‍ നിരാലംബനായി, പരസ്യമായി ആരും പിന്തുണയ്ക്കാനില്ലാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ ജനപ്രിയ നേതാവ് നില്‍ക്കപ്പെട്ടത് വിധിവൈപരീത്യമെന്ന് അദ്ദേഹത്തിന്റെ പഴയ സഹപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ, പി.ബി. ഇടപെടലിലൂടെ വി.എസിന് പാര്‍ട്ടിജീവിതം നിലനിര്‍ത്താനായെങ്കിലും വിധി വ്യക്തമായിട്ടില്ല. തനിക്കും മകനുമെതിരായ കേസുകളും കോടതി നടപടികളുമാണ് ഇനി നേരിടാനുള്ളത്. 
ഏറെക്കുറെ തനിച്ചുതന്നെ. എങ്കിലും പാര്‍ട്ടിയണികളില്‍നിന്ന് ഒറ്റപ്പെടില്ലെന്ന പ്രതീക്ഷയാകും അദ്ദേഹത്തിനു മുന്നിലുള്ള തരിവെട്ടം.