Thursday, February 23, 2012

കാക്കിക്കുള്ളിലെ കവി(ത)കള്‍


ജോലി പോലീസിലാണ്.. പുലര്‍ച്ചെ ഉണരണം. പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞാലുടന്‍ ഭക്ഷണം കഴിച്ചെന്നു വരുത്തി ഡ്യൂട്ടിയിലേക്ക്. നാനാവിധം ഡ്യൂട്ടികള്‍. കട്ടിപ്പെട്ട പരേഡ്. പല ദിനങ്ങളിലും ഊണും ഉറക്കവുമില്ലാത്ത രീതിയില്‍ കൃത്യാന്തര ബാഹുല്യം. ഇതിനിടെ വീട്ടുകാര്യവും സ്വന്തം കാര്യവും വേറെ. ഈ താളവട്ടത്തില്‍ കിടന്നുള്ള കറക്കമാണു സാദാ പോലീസ് ഉദ്യോഗസ്ഥരുടെയെല്ലാം നിത്യ ജീവിതം. വേറിട്ടൊരു ചിന്തയ്‌ക്കോ സ്വകാര്യമായി അല്പസ്വല്പം വ്യക്തിത്വ വികസനത്തിനോ ജന്മവാസനാ പരിപോഷണത്തിനോ സമയമെവിടെ?

എങ്കിലും, അത്യപൂര്‍വ്വം ചിലര്‍ പോലീസിലായാലും പട്ടാളത്തിലായാലും ജന്മവാസനകള്‍ മറക്കാറില്ല. കലാപരമായോ സാഹിത്യപരമായോ ഉള്ളിലുറങ്ങുന്ന അഭിരുചികളെ ആവുന്നത്ര ഇടവേളകള്‍ ഒരുക്കിയെടുത്ത് താലോലിക്കാന്‍ അവര്‍ക്കു കഴിയുന്നു. വേദികളുടെ പ്രകാശപൊലിമയിലേക്ക് എത്തിപ്പെടാന്‍ അവരിലും ചുരുക്കം പേര്‍ക്കു മാത്രമേ കഴിയുന്നുള്ളു. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും സ്വന്തം ചേതനയെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയം കണ്ട അപൂര്‍വ്വം ചിലരെ പരിചയപ്പെടാം..

ബൈജുവിന്റെ ഉഭയജീവിതം

എഴുത്ത് വല്ലാത്തൊരുതരം നീറിപിടിക്കുന്ന വേദനയാണ്. എങ്കിലും അതെന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. വാഴ്ന്നു വീഴുന്ന വരികളില്‍ ജീവിതം പച്ചപിടിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ അറിയാത്ത, പറയാനാവാത്ത സന്തോഷം... എറണാകുളം െ്രെകംബാഞ്ച്രില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബൈജു വര്‍ഗീസ് ഉഭയ ജീവിതം എന്ന സ്വന്തം കഥാസമാഹാരത്തില്‍ ആമുഖമായി കുറിച്ചിട്ടിരിക്കുന്നതിങ്ങനെ.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കഞ്ഞിപ്പാടത്ത് പരേതനായ ആലിയംകുളം എ.ജെ വര്‍ഗീസിന്റെ മകനായ ബൈജു ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് ഹൈസ്‌കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യത്തോടുള്ള അഭിവാഞ്ഛ പ്രകടമാക്കിയിരുന്നു. ഒപ്പം കായിക രംഗത്തും പ്രശോഭിച്ചു. പിന്നീട് ജീവിക്കാനുള്ള യാത്രയില്‍ പാരലല്‍ കോളജ് അധ്യാപകനായും ഫ്രീലാന്റ് ജേര്‍ണലിസ്റ്റായും മാസിക എഡിറ്ററായും ചരക്കു വണ്ടിയിലെ കിളിയായും പഴക്കടയിലും ഇറച്ചിക്കടയിലും സെയില്‍സ്മാനായും കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ ടൂറിസ്റ്റ് ഗൈഡായും വേഷപ്പകര്‍ച്ചകള്‍. ഒടുവില്‍ സഹൃദയര്‍ കുറവുള്ളതെന്നു സമൂഹം വിലയിരുത്തുന്ന പോലീസിലെത്തി.

ഇതിനിടെ ക്‌ളേശകരമായ യൗവനകാലത്ത് കുറിച്ചിട്ട 24 കവിതകളുടെ കൈയെഴുത്തു പ്രതിയുമായി പ്രമുഖ പ്രസാധകരെ തേടിയുള്ള യാത്രകള്‍. അവരുടെ പ്രതികരണങ്ങളാകട്ടെ നിരാശ മാത്രം സമ്മാനിച്ചവ. കവിതയ്ക്കു വായനക്കാരില്ലെന്നും വല്ല നോവും എഴുതിക്കൊണ്ടു വന്നാല്‍ നോക്കാമെന്നും തെല്ലു മൃദുവായി ഉപദേശിച്ചവരും ഉണ്ടായിരുന്നു. തോറ്റു കൊടുക്കാന്‍ തയാറല്ലാത്ത മനസുമായി സുഹൃത്തുക്കളുമായി ചേര്‍ന്നു ബി.ബുക്‌സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി. അതിലൂടെ ആദ്യ കവിതാ സമാഹാരമായ എഴുത്തുകാരിയുടെ മുറി 2005ല്‍ പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷത്തിനിടെ സുഹൃത്തുക്കളുടെ കൂടി പങ്കാളിത്തത്താല്‍ ഒന്നാം പതിപ്പ് വിറ്റു തീര്‍ന്നു. രണ്ടാം പുസ്തകമായി ഉഭയജീവിതം 2010ല്‍ പുറത്തിറങ്ങി.

തിരക്കിട്ട പോലീസ് ജീവിതത്തിനിടെ ബൈജുവിന്റെ തൂലികയില്‍ നിന്നു പിറവിയെടുത്തത് എഴുപതോളം കഥകളും എണ്‍പതിലേറെ കവിതകളുമാണ്. പോലീസുകാരനായിരുന്നുകൊണ്ടു സാഹിത്യത്തില്‍ ഗൗരവമായി ഇടപെടുകയെന്നത് ക്‌ളേശകരമായ വെല്ലുവിളിയാണെന്നാണു ബൈജുവിന്റെ അഭിപ്രായം. പ്രോത്സാഹിപ്പിക്കാന്‍ മനസുള്ളവരായിരിക്കില്ല സഹപ്രവര്‍ത്തകരിലേറെയും. മനഃപൂര്‍വ്വമായിരിക്കില്ല. എങ്കിലും സമയം കണ്ടെത്തി എഴുത്തു തുടരുന്നു. സമുദ്രപരിണാമം എന്ന നോവലിന്റെ രചന അന്ത്യ ഘട്ടത്തിലാണ്. 2004ല്‍ എഴുതി തുടങ്ങിയതാണ്. ജോലി തിരക്കുകളാല്‍ എട്ടുവര്‍ഷം നീണ്ടു പോയെന്നു ബൈജു പറയുന്നു. ബൈജുവിന്റെ ഭാര്യ ബീന തകഴി കുന്നുമ്മ ഹോളി ഫാമിലി എല്‍.പി സ്‌കൂള്‍ അധ്യാപികയാണ്.

ഔദ്യോഗിക ജീവിതം സംഗീതസാന്ദ്രമാക്കി റോയിസ് 

പോലീസ് സേനയിലെ ഔദ്യോഗിക ജീവിതം സംഗീതസാന്ദ്രമാക്കി ശ്രദ്ധേയനായ ആളാണു കോട്ടയം മണര്‍കാട് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ റോയിസ് ഒളശ്ശ. ജനിച്ചുവളര്‍ന്നതു കലാപാരമ്പര്യമേറെയുള്ള നാട്ടിലും തറവാട്ടിലും. നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ നാടായ ഒളശ്ശയില്‍ മാളികയില്‍ ചാക്കോയുടെ മകനായി ജനിച്ചു. നാട കലാകാരനായ അച്ഛന്റെ വഴിയെയായിരുന്നു മകനും. കോട്ടയം സാരഥി ഉള്‍പ്പടെയുള്ള നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു.ഗായകനായിരുന്നതിനാല്‍ പാടി അഭിനയിക്കാനും കഴിഞ്ഞു. ഹാര്‍മോണിയം, തബല എന്നിവയിലും ചെറുപ്പകാലത്തു തന്നെ പ്രാവീണ്യം നേടി. നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

1987ലാണു പോലീസില്‍ ജോലി ലഭിക്കുന്നത്. ഇതോടെ കലാപ്രവര്‍ത്തനങ്ങളില്‍ നിന്നു അകന്നു.ഒന്നിനും സമയമില്ലാതായി. എങ്കിലും ഡ്യൂട്ടി തിരക്കുകള്‍ കഴിഞ്ഞുള്ള വിശ്രമ വേളകള്‍ കലയ്ക്കും സംീതത്തിനുമായി ചിലവിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സംഗീത സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെയാണു ജീവിതത്തെ പിടിച്ചുലച്ച ദുരന്തമുണ്ടായത്.1998 ലായിരുന്നു സംഭവം. ചിങ്ങവനം സ്‌റ്റേഷനില്‍ ജോലി കഴിഞ്ഞു രാത്രി ബൈക്കില്‍ വീട്ടിലേക്കു മടങ്ങവേ എതിരെ വന്ന വാഹനം ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ പാഞ്ഞുവന്നപ്പോള്‍ നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു. ഗുരുതരമവയി പരുക്കേറ്റ റോയിസിന്റെ വലതുകൈ തളര്‍ന്നു പോയി. പിന്നീട് ഏറെക്കാലം ചികിത്സയില്‍.

തളരാത്ത മനസുമായി വിവിധ ചികിത്സാ രീതികളിലൂടെ ആരോഗ്യം വീണ്ടെടുത്തു. തുടര്‍ന്നു തിരികെയെത്തിയപ്പോള്‍ ജോലിഭാരം കുറവുള്ള ഡ്യൂട്ടികളാണു മേലധികാരികള്‍ നല്‍കിയത്. ഇതിനിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഗാനരചയിതാവുമായ ചേര്‍ത്തല സ്വദേശി കെ. സുഭാഷിനെ പരിചയപ്പെട്ടു. അദ്ദേഹം രചിച്ച നീരേറ്റുതീര്‍ത്ഥം എന്ന ഭക്തിഗാന കാസറ്റിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചതു വഴിത്തിരിവായി. പിന്നീട് ശരണാമൃതം അയ്യപ്പഭക്തിഗാനങ്ങള്‍, ശിവപ്രസാദം, സ്‌നേഹവഴി (ക്രിസ്തീയ ഭക്തിഗാനങ്ങള്‍) എന്നിയ്ക്കു ഈണം പകര്‍ന്നു. ഇതിനിടെയാണു കോട്ടയത്ത് പോലീസ് ഓര്‍ക്കസ്ട്ര എന്ന ആശയം പോലീസ് അസോസിയേഷനു കീഴിലുള്ള കലാസാംസ്‌കാരിക സമിതി മുന്നോട്ടു വയ്ക്കുന്നത്. പോലീസുകാരുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ഈ ഗാനമേള ട്രൂപ്പിന്റെ അമരക്കാരില്‍ പ്രധാനിയായി റോയിസ്.

പോലീസ് സേനയിലുള്ളവരും കുടുംബാംഗങ്ങളും അണിനിരന്ന ഓര്‍ക്കസ്ട്രയില്‍ ഏതാനും പേര്‍ മാത്രമാണു പുറത്തു നിന്നുണ്ടായിരുന്നത്. ഓര്‍ക്കസ്ട്ര ക്‌ളിക്കായതോടെ പോത്സാഹനവുമായി മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമെല്ലാമെത്തി. പ്രതി വര്‍ഷം കേരളത്തിലുടനീളം 75 ഓളം വേദികളില്‍ വരെ ഗാനമേള അവതരിപ്പിച്ചു. പ്രൊഫഷണല്‍ ട്രൂപ്പുകള്‍ക്കെല്ലാം വെല്ലുവിളിയായി മാറിയ പോലീസ് ഓര്‍ക്കസ്ട്ര പ്രതിഫലം കൈപ്പറ്റുന്നതിലും റെക്കോര്‍ഡ് സൃഷ്ടിച്ചു. കാല്‍ ലക്ഷം രൂപയിലേറെ നല്‍കി ഗാനമേള ബുക്ക് ചെയ്യാന്‍ നിരവധി സംഗീത പ്രേമികളെത്തി.

അങ്ങനെ കാക്കിയണിഞ്ഞും കലാകാരനായി റോയിസ് ഒളശ്ശ തിളങ്ങി. ഭാര്യ മേരി കോട്ടയം സി.എം.എസ് എച്ച്.എസ്.എസില്‍ അധ്യാപികയാണ്. ആഗ്‌ന (ബി.എ.എം.എസ് കര്‍ണാടക), ആല്‍വിന്‍ (പ്‌ളസ്ടു വിദ്യാര്‍ത്ഥി) എന്നിവരാണു മക്കള്‍.

2 comments:

  1. കാക്കിയണിഞ്ഞാലും പച്ചയണിഞ്ഞാലും കലാഹൃദയമുള്ളവര്‍ക്ക് അതു പ്രകടിപ്പിക്കാതിരിക്കാന്‍ ആവില്ല. ബിജുവിനേയും റോയിസ് സാറിനെപ്പോലെയുമുള്ളവര്‍ സേനയില്‍ ഇനിയും ഉണ്ടാകും. അവരൊക്കെ അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ടാകാം. നാമ്പുള്ള വിത്ത്‌ എന്നായാലും മുളയ്ക്കുമല്ലോ. അതിനു അനുകൂലമായ സാഹചര്യങ്ങള്‍ ഒത്തു വരണമെന്ന് മാത്രം.

    ബൈജുവിനും റോയിസ് സാറിനും ആശംസകള്‍

    ReplyDelete