Thursday, February 23, 2012

ശരവേഗത്തില്‍ ശരണ്യ ഹിറ്റ്


ദീപാവലിക്ക് തിയറ്ററില്‍ നിറഞ്ഞോടിയ ഇളയ ദളപതി വിജയ്‌യുടെ ബ്രഹ്മാണ്ഡചിത്രം വേലായുധം ഹിറ്റ്ചാര്‍ട്ടുകള്‍ തിരുത്തി എഴുതിയതിന്റെ ത്രില്ലിലാണ് മലയാളത്തില്‍നിന്നു
പറന്നുയര്‍ന്ന് തമിഴില്‍ വെന്നിക്കൊടി പാറിച്ച യുവനടി ശരണ്യ മോഹന്‍.

അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ് എന്നീ സിനിമകളിലൂടെ ബാലതാരമായി രംഗത്തെത്തിയ ശരണ്യ വേലായുധത്തില്‍ വിജയ്‌യുടെ അനുജത്തിയായി കഥാഗതിയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അന്യഭാഷാ സിനിമകളിലെ തിരക്കുകള്‍ക്കിടെ ആലപ്പുഴയിലെ വസതിയില്‍ എത്തിയ ശരണ്യ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വേലായുധത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്‌ളാദമാണേറെ.  ഒപ്പം മാതൃഭാഷ ചിത്രങ്ങളില്‍ സജീവമാകാന്‍ കഴിയാത്തതിന്റെ നിരാശയും.

യുവതാരങ്ങളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട വിജി തമ്പിയുടെ കെമിസ്ട്രിയിലൂടെയായിരുന്നു ശരണ്യയുടെ രണ്ടാംവരവ്. ചിത്രം ശ്രദ്ധിക്കപ്പെടാതെപോയത് മലയാളത്തില്‍ ശരണ്യക്ക് തിരിച്ചടിയായി. പക്ഷേ അന്യഭാഷകളില്‍നിന്ന് അവസരങ്ങളുടെ പെരുമഴയായിരുന്നു. തമിഴ്, തെലുങ്ക്, ഒടുവില്‍ കന്നട ചിത്രത്തിലും അവസരം ലഭിച്ചു. മഹേഷ് ബാബു സംവിധാനം ചെയ്യുന്ന പരമശിവം എന്ന കന്നഡ സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമ്പോഴേക്കും മറ്റൊരു കന്നട സിനിമയ്ക്കുകൂടി കരാറായി. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ഈ ഭൂമി ആ ഭാനു എന്ന സിനിമയാണിത്. ഓസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ എം. രാജ സംവിധാനം ചെയ്ത വേലായുധമാണു ശരണ്യയുടെ കരിയറില്‍ ബ്രേക്ക് ത്രൂവായത്. യു.കെയില്‍മാത്രം 26 തീയേറ്ററുകളിലാണ്  വേലായുധം പ്രദര്‍ശിപ്പിച്ചത്. കമലഹാസന്റെ ദശാവതാരം യു.കെയില്‍ 16 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച റെക്കോര്‍ഡാണ് വേലായുധം തിരുത്തിയത്. ഹന്‍സിക മോട്‌വാനി, ജനീലിയ എന്നിവരാണ് വിജയ്‌യുടെ നായികമാരായി അഭിനയിച്ചത്.

മലയാളവും മലയാള സിനിമയും

മലയാളത്തില്‍ രാജസേനന്റെ 'ഇന്നാണ് ആ കല്യാണം' ആണ് റിലീസായ ഒടുവിലത്തെ ചിത്രം.
കുട്ടനാട്ടില്‍ ചിത്രീകരണം തുടരുന്ന 'പേരിനൊരു മകന്‍' ആണു പുതിയ മലയാള ചിത്രം. വൈകാതെ പ്രദര്‍ശനത്തിനെത്തും. തമിഴില്‍ ചിമ്പുവിന്റെ നായികയായി ധരണിയുടെ ഒസ്തിയും പ്രദര്‍ശനത്തിനെത്തിയിരുന്നു.

തെലുങ്കില്‍ ഒരുപിടി ചിത്രങ്ങളില്‍ നായികാസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നു മലയാള സിനിമകളിലാണ് നായികയായി അഭിനയിച്ചിട്ടുള്ളത്. സിനിമയില്‍ ഭാഷയല്ല,  കഥാപാത്രങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്നാണ് മുതിര്‍ന്നവരുടെ ഉപദേശമെങ്കിലും മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ കഴിയുന്നതു ഭാഗ്യമായാണു കരുതുന്നത്. അതുകൊണ്ടുതന്നെ നിരാശയുണ്ടെന്നു പറയാതെവയ്യ. എന്നാല്‍, ലഭിക്കുന്ന അവസരങ്ങളില്‍ സന്തുഷ്ടയാണ്.

നാടും ജീവിതവും

നൃത്തമാണു ജീവിതം. സിനിമയ്ക്കുപോലും അതുകഴിഞ്ഞേ സ്ഥാനമുള്ളൂ. അച്ഛന്‍ വൈ.കെ.ബി. മോഹന്റേയും അനുജത്തി സുകന്യയുടേയും നേതൃത്വത്തില്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന വൈ.കെ.ബി. ഡാന്‍സ് അക്കാദമിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. അമ്മ കലാമണ്ഡലം ദേവി മോഹനും നൃത്താധ്യാപികയാണ്.

അക്കാദമിയില്‍ നൃത്തം, സംഗീതം, വാദ്യോപകരണങ്ങള്‍ എന്നിവയിലായി നൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. നാട്ടിലെത്തുന്ന സമയത്ത് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കാനും ഇരുപത്തിരണ്ടുകാരിയായ ശരണ്യ സമയം കണ്ടെത്തുന്നു.

No comments:

Post a Comment