Thursday, February 23, 2012

ശിഷ്ടജാതകമെന്ത്? വി.എസിന്റെ ജന്മനാട് കാത്തിരിക്കുന്നു

പുന്നപ്ര സമരനായകന്‍ വി.എസ്. അച്യുതാനന്ദന്റെ വിധിയെന്ത്? അദ്ദേഹത്തിന്റെ ജന്മദേശം വിലയിരുത്തുന്നത് ശിഷ്ടകാലം യാതനകള്‍ നിറഞ്ഞതായിരിക്കുമെന്നാണ്. വി.എസ്. എന്ന പോരാളിയെ സൃഷ്ടിച്ച ആലപ്പുഴയുടെ മണ്ണില്‍ ഒറ്റനേതാവുപോലുമില്ല അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കാന്‍. അടുപ്പക്കാരെല്ലം വിട്ടകന്നു. 


ഒരുകാലത്തു മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്നവരില്‍ പലരും എതിര്‍ചേരിയില്‍നിന്നു കൂരമ്പുകളയയ്ക്കുന്നു. വി.എസ്. രാഷ്ട്രീയജീവിതം ആരംഭിച്ച 1938 മുതല്‍ ഇതുവരെയുണ്ടാകാത്ത അവസ്ഥാവിശേഷമാണിപ്പോള്‍. സഹോദരനൊപ്പം തയ്യല്‍കടയില്‍ ജോലി ചെയ്യവേ, സ്‌റ്റേറ്റ് കോണ്‍ഗ്രസ് അംഗമായിട്ടായിരുന്നു രാഷ്ട്രീയപ്രവേശം. കയര്‍ത്തൊഴിലാളിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായി മാറിയ അദ്ദേഹം വൈകാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെത്തി. ഒരു ദശകം പിന്നിടും മുമ്പ് ജില്ലാനേതൃത്വത്തിന്റെ അമരക്കാരില്‍ പ്രധാനിയായി. 


1957ല്‍ നടാടെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന അച്യുതാനന്ദന്റെ പ്രവര്‍ത്തനമികവിന്റെ തെളിവുകളായി കമ്യൂണിസ്റ്റ് എം.എല്‍.എമാര്‍ നിയമസഭയിലെത്തി. അതേവര്‍ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. തുടര്‍ന്ന് ഇടുക്കി പീരുമേട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പുണ്ടായപ്പോള്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കാന്‍ സംസ്ഥാനനേതൃത്വം നിയോഗിച്ചതും മറ്റാരെയുമായിരുന്നില്ല. പിന്നീട് വളര്‍ന്നുകയറി നിരവധി സമരമുഖങ്ങളില്‍ നായകനായി. 1967, 70, 91 വര്‍ഷങ്ങളില്‍ എം.എല്‍.എയായി.


ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് മാരാരിക്കുളത്തുനിന്ന് വിജയിച്ച വി.എസ് 96ല്‍ അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടിന് തോറ്റു. അതുവരെ കര്‍ക്കശക്കാരനായ അമരക്കാരനായിരുന്ന അച്യുതാനന്ദന്റെ കാല്‍ച്ചുവട്ടിലെ മണ്ണിളകി. അതൊരു കാലുവാരലിന്റെ കഥയായി പിന്നീടു ചരിത്രത്തില്‍ ഇടംനേടി. 


പാലക്കാട്ടു ജില്ലയിലെ മലമ്പുഴയിലേക്കു ചുവടു മാറ്റിയ 2001ല്‍ ജയിച്ചു പ്രതിപക്ഷനേതാവായി. 2006ല്‍ മുഖ്യമന്ത്രിയും. ഇത്തവണ വീണ്ടും മലമ്പുഴയിലൂടെ തുഴഞ്ഞുകയറിയത് പ്രതിപക്ഷനേതൃസ്ഥാനത്ത്. മാരാരിക്കുളത്തെ വീഴ്ചയ്ക്കുശേഷമാണ് വി.എസ്. ജനകീയസമരങ്ങളില്‍ സജീവസാന്നിധ്യമായത്. ഇതു പലപ്പോഴും പാര്‍ട്ടി ലൈനിനു വിരുദ്ധമെന്നു വ്യാഖ്യാനിക്കപ്പെട്ടു. 9697 കാലയളവില്‍ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നടന്ന വെട്ടിനിരത്തല്‍ സമരമുണ്ടാക്കിയ അലയൊലികള്‍ ഒന്നരപ്പതിറ്റാണ്ടായിട്ടും കെട്ടടങ്ങിയിട്ടില്ല. 


പരിസ്ഥിതിക്കും സ്ത്രീപക്ഷത്തുനിന്നുമുള്ള പോരാട്ടങ്ങളിലൂടെ വി.എസ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ജനകീയനേതാവാകുന്ന കാഴ്ചയ്ക്കു കേരളം സാക്ഷ്യം വഹിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ എതിരാളികളുടെ ശക്തി വര്‍ധിച്ചതോടെ നേതാക്കള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം പിന്നോട്ടായി. ഉറ്റ അനുയായികളായിരുന്ന മനഃസാക്ഷി സൂക്ഷിപ്പുകാരും കൂടുമാറി. ഒടുവില്‍ സംസ്ഥാനസമ്മേളനത്തില്‍ വധശിക്ഷ എന്ന ക്യാപ്പിറ്റല്‍ പണിഷ്‌മെന്റി(പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ നടപടി)നായുള്ള ആവശ്യത്തിനു മുന്നില്‍ നിരാലംബനായി, പരസ്യമായി ആരും പിന്തുണയ്ക്കാനില്ലാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ ജനപ്രിയ നേതാവ് നില്‍ക്കപ്പെട്ടത് വിധിവൈപരീത്യമെന്ന് അദ്ദേഹത്തിന്റെ പഴയ സഹപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ, പി.ബി. ഇടപെടലിലൂടെ വി.എസിന് പാര്‍ട്ടിജീവിതം നിലനിര്‍ത്താനായെങ്കിലും വിധി വ്യക്തമായിട്ടില്ല. തനിക്കും മകനുമെതിരായ കേസുകളും കോടതി നടപടികളുമാണ് ഇനി നേരിടാനുള്ളത്. 
ഏറെക്കുറെ തനിച്ചുതന്നെ. എങ്കിലും പാര്‍ട്ടിയണികളില്‍നിന്ന് ഒറ്റപ്പെടില്ലെന്ന പ്രതീക്ഷയാകും അദ്ദേഹത്തിനു മുന്നിലുള്ള തരിവെട്ടം.


No comments:

Post a Comment