Tuesday, December 21, 2010

സബിതയുടെ പകര്‍ന്നാട്ടം

ലയാള സിനിമക്ക് ഒരു നായിക കൂടി...  സിനിമയുടെ അണിയറയില്‍ നിന്നു കാമറക്കു മുമ്പിലേക്കു കടന്നു വന്നൊരുതാരം.പ്രമുഖ സംവിധായകന്‍ ജയരാജിന്റെ ഭാര്യ സബിതാ ജയരാജ്.  വസ്ത്രാലങ്കാര വിദഗ്ധ, സഹസംവിധായിക എന്നീ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തു ശ്രദ്ധേയയായ ശേഷമാണു സബിതയുടെ പുതിയ വേഷപ്പകര്‍ച്ച.
അതും ജീവിത നായകന്റെ സിനിമയിലൂടെ.എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പകര്‍ന്നാട്ടം എന്ന സിനിമയില്‍ മീരയെന്ന കഥാപാത്രമായാണു സബിത വെള്ളിത്തിരയിലെ ചാന്ദ്രശോഭയാകാനൊരുങ്ങുന്നത്.  കണ്ണൂരിലെ പയ്യന്നൂരില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കോട്ടയത്തെ വീട്ടില്‍ ജയരാജിനൊപ്പമെത്തിയ സബിത സിനിമയെക്കുറിച്ചും മീരയെകുറിച്ചും മംഗളത്തോടു സംസാരിക്കുന്നു.

കാലിക വിഷയങ്ങളിലൂടെയുള്ള പകര്‍ന്നാട്ടം

 പകര്‍ന്നാട്ടം എന്‍ഡോസള്‍ഫാന്‍ പ്രമേയമാകുന്ന സിനിമയാണ്. എന്‍ഡോസള്‍ഫാന്‍ വേട്ടയാടിയ കുരുന്നുകളും ചിത്രത്തില്‍ അഭിനയിക്കുന്നു. ജയറാമാണു നായകന്‍. നായിക മീരയ്ക്കു ചിത്രത്തിന്റെ കഥാഗതിയില്‍ സുപ്രധാന സ്ഥാനമുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ സി.പി. ഉദയഭാനുവിന്റേതാണു കഥ. തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും സംവിധാനവും ജയരാജ് നിര്‍വഹിക്കുന്നു. റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് അടുത്തമാസം ചിത്രം തീയേറ്ററുകളിലെത്തും.

ചെറു വേഷങ്ങളിലൂടെ നായികാസ്ഥാനത്തേക്ക്...

 ജയരാജേട്ടന്റെ എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റ് വായിക്കാന്‍ തരാറുണ്ട്. പകര്‍ന്നാട്ടത്തിന്റെ സ്‌ക്രിപ്റ്റും അതു പോലെ ലഭിച്ചു. വായിച്ചു പൂര്‍ത്തിയായപ്പോഴാണ് മീരയായി അഭിനയിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ആദ്യം ഒരു ഞെട്ടലായിരുന്നു. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രം എങ്ങനെ ചെയ്യുമെന്ന ടെന്‍ഷന്‍ മാറാന്‍ രണ്ടു ദിവസം വേണ്ടിവന്നു. പിന്നീട് മനസിനെ പാകപ്പെടുത്തിയെടുത്തു.
ലൗഡ് സ്പീക്കര്‍, ഗുല്‍മോഹര്‍, മധ്യവേനല്‍ എന്നീ സിനിമകളില്‍ അഭിനയിച്ചതിന്റെ ആത്മവിശ്വാസം പ്രചോദനമായപ്പോള്‍ മീരയായി മാറുന്നതിനു പ്രയാസമുണ്ടായില്ല.  വസ്ത്രാലങ്കാരവും ഡബ്ബിംഗും സ്വയം ചെയ്തു.
ലൗഡ് സ്പീക്കറില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചത് വലിയൊരു അനുഭവമായിരുന്നു. മമ്മൂട്ടി ഉള്‍പ്പടെയുള്ളവരുടെ അഭിനയം നേരിട്ടു കണ്ടറിയാനായത് ഗുണം ചെയ്തു. സിനിമ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞ സംതൃപ്തിയുമുണ്ട്. കോളജ് പഠനകാലത്തു  തന്നെ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്‌ളാദമാണുള്ളത്.

മീരയുടെ പോരാട്ടങ്ങള്‍
മൂന്നു വ്യത്യസ്ത തലങ്ങളിലൂടെയാണു പകര്‍ന്നാട്ടത്തിലെ മീരയുടെ പ്രയാണം. എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവരുടെ കണ്ണീരൊപ്പാനെത്തുന്നവരില്‍ മീരയുണ്ടായിരുന്നു. അനീതികള്‍ക്കെതിരെ പൊരുതുന്ന രാഷ്ട്രീയക്കാരന്‍ തോമസായാണു ജയറാം അഭിനയിക്കുന്നത്. ക്രൈസ്തവനായ തോമസിനെ പ്രണയിക്കുന്ന മീര സ്വന്തം സമൂഹത്തില്‍ നിന്നു നേരിടുന്ന വെല്ലുവിളികളാണു മറ്റൊരു തലം. ജയിലിലടയ്ക്കപ്പെടുന്ന തോമസിനു നീതി ലഭിക്കാന്‍ നടത്തുന്ന പോരാട്ടങ്ങളിലൂടെ മീരയുടെ വേറിട്ടമുഖവും കാണാം. തികച്ചും ഗൗരവത്തോടെ കാണേണ്ട, എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണു പകര്‍ന്നാട്ടം.

വിവാഹിതയായ നായിക?

  വിവാഹം കഴിഞ്ഞ ശേഷം സജീവമായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നന്നേകുറവാണല്ലോ? ഉര്‍വശിയാണതിനൊരപവാദം. മറ്റു ഭാഷകളിലൊന്നും വിവാഹം ഒരു സ്ത്രീയുടെ കലാജീവിതത്തിനു തടസമാകുന്നില്ല. നമ്മുടെ മലയാളത്തില്‍ ഏറെ കഴിവുകളുള്ള നടിമാരാണു വിവാഹത്തോടെ അഭിനയ ജീവിതം ഉപേക്ഷിച്ചത്. പകരം നമ്മുടെ സിനിമാക്കാര്‍ മറു ഭാഷാ നടിമാരെ കൊണ്ടു വരുന്നു. ഇതിനൊരു മാറ്റമുണ്ടാകേണ്ടതല്ലേ?. അഭിനയം വിലയിരുത്തിയാണു പ്രേക്ഷകര്‍ ഓരോ നടിയേയും വിലയിരുത്തുന്നത്. അവര്‍ വിവാഹിതയാണെന്നതു കൊണ്ട് ഒരു ദോഷവും സംഭവിക്കില്ലെന്നാണു വിശ്വാസം.

സിനിമാ ജീവിതം

ജയരാജേട്ടന്റെ 11 സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. ഓഫറുകള്‍ ഏറെ ലഭിച്ചിട്ടും കുടുംബ ജീവിതത്തിലെ തിരക്കുകളാല്‍ അവയൊന്നും തല്‍കാലം വേണ്ടന്നുവയ്ക്കുകയായിരുന്നു. മക്കളായ ധനു എട്ടാം ക്‌ളാസിലും കേശവ് യു.കെ.ജിയിലും പഠിക്കുന്നു.
പകര്‍ന്നാട്ടത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ അവധി ദിവസങ്ങളില്‍ കുട്ടികളൂം എത്തുമായിരുന്നു. അഭിനയ രംഗത്തു തുടരണമെന്നാണു ആഗ്രഹം. അതിനു സജ്ജമായി കഴിഞ്ഞതായി സബിത പറഞ്ഞു. കൊല്ലം പെരിന്തല്‍മണ്ണ സ്വദേശിയായ സബിത പാലക്കാട് മേഴ്‌സി കോളജ്, കോട്ടയം സി.എം.എസ് കോളജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദവും ബിരുദാന്തര ബിരുദവും നേടിയ ശേഷം അഭിനയവും പഠിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരിയായി ജയരാജിനൊപ്പമുള്ള ജീവിതം തന്നെ കലയോട് ഏറെ അടുപ്പിച്ചെന്നു സബിത പറയുന്നു.

ഫോട്ടോ: ഗോപീരാജന്‍

2 comments:

  1. sabithakku suswagatham

    ReplyDelete
  2. കാണാന്‍ വൈകി.... ക്ഷമിക്കണം.... നന്നായിരിക്കുന്നു... ഭംഗിവാക്കല്ല...

    ReplyDelete